ശ്രീലങ്കൻ പര്യടനം; ശ്രേയാസ് അയ്യർ ഇല്ലെങ്കിൽ ധവാനോ ഹർദ്ദിക്കോ ഇന്ത്യയെ നയിച്ചേക്കും

ശ്രീലങ്കൻ പര്യടനത്തിൽ ഇന്ത്യൻ ടീമിനെ മുതിർന്ന താരങ്ങളായ ഹർദ്ദിക് പാണ്ഡ്യയോ ശിഖർ ധവാനോ നയിച്ചേക്കും. ശ്രേയാസ് അയ്യർ പരുക്കിൽ നിന്ന് മോചിതനാവുമെങ്കിൽ അയ്യരാവും ക്യാപ്റ്റൻ. ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
“ശ്രീലങ്കൻ പര്യടനത്തിൽ ശ്രേയാസ് അയ്യർ കളിക്കുമോ എന്നതിൽ ഇതുവരെ ഇപ്പോഴും വ്യക്തതയില്ല. സാധാരണ ഗതിയിൽ അത്തരം ഒരു സർജറി കഴിഞ്ഞ് കളത്തിലിറങ്ങാൻ 4 മാസങ്ങളെങ്കിലും എടുക്കും. ശ്രേയാസ് ടീമിൽ ഇടം നേടുമെങ്കിൽ അദ്ദേഹം ക്യാപ്റ്റനാവും. ശിഖർ ധവാനാണ് ടീമിലെ ഏറ്റവും സീനിയറായ താരം. മികച്ച പ്രകടനങ്ങളാണ് കഴിഞ്ഞ കാലങ്ങളായി ധവാൻ നടത്തുന്നത്. വൈറ്റ് ബോൾ ക്രിക്കറ്റിൽ ഹർദ്ദിക് പാണ്ഡ്യയുടെ സംഭാവനകൾ അവഗണിക്കാനാവില്ല. മുംബൈ ഇന്ത്യൻസിനായി പന്തെറിയുന്നില്ല എന്നത് സത്യമാണെങ്കിലും ഹർദ്ദിക്കിനെയും അവഗണിക്കാനാവില്ല.”- ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.
മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങളാണ് ശ്രീലങ്കയിൽ ഇന്ത്യ കളിക്കുക. ജൂലായ് മാസത്തിൽ ഇന്ത്യ മറ്റ് ഏകദിന മത്സരങ്ങളൊന്നും കളിക്കുന്നില്ല. അതുകൊണ്ട് തന്നെ, ഏകദിന ടി-20 സ്പെഷ്യലിസ്റ്റ് താരങ്ങളെയാവും ശ്രീലങ്കയിലേക്ക് അയക്കുക. വിരാട് കോലി, രോഹിത് ശർമ്മ, ജസ്പ്രീത് ബുംറ, ഋഷഭ് പന്ത് എന്നീ താരങ്ങളൊന്നും പരമ്പരയിൽ കളിക്കില്ല.
സഞ്ജു സാംസൺ, സൂര്യകുമാർ യാദവ്, ദീപക് ചഹാർ, രാഹുൽ ചഹാർ, മായങ്ക് അഗർവാൾ, പാണ്ഡ്യ സഹോദരന്മാർ, ടി നടരാജൻ, പൃഥ്വി ഷാ, വരുൺ ചക്രവർത്തി, രാഹുൽ തെവാട്ടിയ, ഖലീൽ അഹ്മദ്, പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കൽ തുടങ്ങിയ താരങ്ങളും ടീമിൽ ഇടം നേടിയേക്കും.
Story Highlights: dhawan or hardik may lead india vs srilanka
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here