Advertisement

കൊവിഷീല്‍ഡ് ആദ്യ ഡോസ് സ്വീകരിച്ച് 84 ദിവസം പൂര്‍ത്തിയായവര്‍ക്ക് മാത്രം നാളെ മുതല്‍ രണ്ടാം ഡോസ്

May 14, 2021
Google News 1 minute Read
covishield price drops

സംസ്ഥാനത്ത് കൊവിഷീല്‍ഡ് വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ച് 84 ദിവസം പൂര്‍ത്തിയായവര്‍ക്ക് മാത്രമേ നാളെ മുതല്‍ രണ്ടാമത്തെ ഡോസ് അനുവദിക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നല്‍കിയിട്ടുള്ള പുതുക്കിയ മാര്‍ഗനിര്‍ദേശ പ്രകാരമാണ് ഈ മാറ്റം.

ഇതനുസരിച്ച് 12 മുതല്‍ 16 ആഴ്ചകള്‍ക്കുള്ളില്‍ കൊവിഷീല്‍ഡ് രണ്ടാമത്തെ ഡോസ് വാക്‌സിന്‍ എടുത്താല്‍ മതിയാകും. എന്നാല്‍ കൊവാക്‌സിന്‍ രണ്ടാമത്തെ ഡോസ് മുമ്പ് നിശ്ചയിച്ചിട്ടുള്ളത് പോലെ തന്നെ 4 മുതല്‍ 6 ആഴ്ചക്കുള്ളില്‍ എടുക്കണം. ഇതില്‍ മാറ്റം വരുത്തിയിട്ടില്ല.

കാെവിഷീല്‍ഡ് വാക്‌സിന്‍ രണ്ടാം ഡോസ് എടുക്കുമ്പോള്‍ 84 മുതല്‍ 112 ദിവസങ്ങളുടെ ഇടവേള കൂടുതല്‍ ഫലപ്രാപ്തി നല്‍കുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള വര്‍ധിപ്പിച്ചിട്ടുള്ളത്. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ തിരക്ക് കൂട്ടേണ്ട കാര്യമില്ല. എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാകുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

18-45 വയസുകാരില്‍ വാക്‌സിന്‍ നല്‍കാന്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ നാളെ മുതല്‍ രജിസ്‌ട്രേഷന്‍ തുടങ്ങും. തിങ്കളാഴ്ച മുതല്‍ വാക്‌സിന്‍ നല്‍കും.

വാക്‌സിനെടുത്ത് കഴിഞ്ഞാലും മാസ്‌ക് ധരിക്കുകയും കൈകള്‍ ഇടയ്ക്കിടക്ക് വൃത്തിയാക്കുകയും ശാരീരിക അകലം പാലിക്കുകയും വേണം. സമൂഹത്തിലെ എല്ലാവരും വാക്‌സിന്‍ സ്വീകരിച്ച് സുരക്ഷിതരാകുന്നതുവരെ പ്രതിരോധത്തിനായുള്ള പ്രാഥമിക കാര്യങ്ങള്‍ തുടരേണ്ടതുണ്ട്.

കേരളത്തിന്റെ ടെസ്റ്റിംഗ് സ്ട്രാറ്റജിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ആന്റിജന്‍ ടെസ്റ്റ് പോസിറ്റീവ് ആണെങ്കില്‍ ആര്‍ടിപിസിആര്‍ ചെയ്ത് അതു വീണ്ടും ഉറപ്പിക്കുന്നതിന് പകരം പോസിറ്റീവ് ആയി പരിഗണിക്കാന്‍ തീരുമാനിച്ചു. ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യാന്‍ ടെസ്റ്റ് ചെയ്യുന്ന രീതിയും ഒഴിവാക്കിയിരിക്കുന്നു.

മറ്റു പല സംസ്ഥാനങ്ങളിലും ഗ്രാമപ്രദേശങ്ങളില്‍ രോഗം ശക്തമായി വ്യാപിക്കുകയാണ്. മഹാരാഷ്ട്രയിലും യുപിയിലും 56 ശതമാനം രോഗബാധിതരും ഗ്രാമപ്രദേശങ്ങളിലാണ്. ഛത്തീസ്ഗഢില്‍ അത് 89 ശതമാനമാണ്. അതുകൊണ്ട് സംസ്ഥാനത്തും ഗ്രാമപ്രദേശങ്ങളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കാനാണ് ശ്രമിക്കുന്നത്. അതിന്റെ ഭാഗമായി ആദിവാസി മേഖലകളിലും തീരദേശങ്ങളിലും ടെസ്റ്റിംഗ് കൂടുതലായി ചെയ്യുന്ന സമീപനം സ്വീകരിച്ചിട്ടുണ്ട്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അത് കൊവിഡാണെന്ന് തന്നെ ഉറപ്പിച്ചുകൊണ്ട് എത്രയും പെട്ടെന്ന് സ്വയം ഐസൊലേഷനിലേക്ക് പോകാനും വാര്‍ഡ് മെമ്പറെയോ ആരോഗ്യപ്രവര്‍ത്തകരേയോ അറിയിക്കാനും ടെസ്റ്റ് ചെയ്യാനും തയ്യാറാകണം. അവര്‍ പറയുന്ന നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുകയും വേണമെന്നും മുഖ്യമന്ത്രി.

Story Highlights: covid 19, coronavirus, covid vaccine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here