കർഷക സമരം ആറാം മാസത്തിലേയ്ക്ക്; മെയ് 26ന് കരിദിനം

കേന്ദ്ര സർക്കാരിന്റെ വിവാദ നിയമങ്ങൾക്കെതിരായ സമരം കടുപ്പിച്ച് കർഷകർ. സമരത്തിന്റെ ആറാം മാസം തികയുന്ന മെയ് 26ന് കരിദിനമായി ആചരിക്കാൻ സംയുക്ത കിസാൻ മോർച്ച തീരുമനിച്ചു. 26ന് എല്ലാവരും വീടുകളിലും വാഹനങ്ങളിലും കടകളിലും കരിങ്കൊടി ഉയർത്തണമെന്ന് കിസാൻ മോർച്ച ആഹ്വാനം ചെയ്തു. അന്നേദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലവും കത്തിക്കും.
കർഷക നേതാവ് ബൽബീർ സിംഗ് ഓൺലൈൻ വാർത്താസമ്മേളനത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ സെപ്റ്റംബറിൽ പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങളും പിൻവിക്കണമെന്ന തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണ് കർഷകർ. ഡൽഹിയിൽ കർഷകപ്രക്ഷോഭത്തിൽ നിന്ന് രണ്ട് കർഷകസംഘടനകൾ പിൻമാറിയിരുന്നു. ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോർഡിനേഷൻ സമിതിയിൽ നിന്ന് സർദാർ വി എം സിംഗിന്റെ നേതൃത്വത്തിലുള്ള കിസാൻ മസ്ദൂർ സംഘട്ടനും, ചില്ല അതിർത്തിയിൽ സമരം ചെയ്യുന്ന ഭാരതീയ കിസാൻ യൂണിയൻ ഭാനുവെന്ന സംഘടനയുമാണ് പിന്മാറിയത്.
നിരവധി തവണ ചർച്ചകൾ നടന്നെങ്കിലും കർഷകരുടെ ആവശ്യം അംഗീകരിക്കാൻ കേന്ദ്രസർക്കാർ തയ്യാറായിരുന്നില്ല. കർഷകരുടെ പ്രക്ഷോഭത്തിന് അന്താരാഷ്ട്ര തലത്തിൽ നിന്നുൾപ്പെടെ പിന്തുണ ലഭിച്ചിരുന്നു. സമരത്തിന് മനുഷ്യാവകാശത്തെ മാനിച്ച് പരിഹാരം കാണണമെന്ന് യു എൻ മനുഷ്യാവകാശ സംഘടനയും വ്യക്തമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here