മന്ത്രിസഭാ രൂപീകരണം; ഒറ്റസീറ്റുള്ള ഘടകകക്ഷികളുമായി ഇന്ന് ഉഭയകക്ഷി ചർച്ച

രണ്ടാം പിണറായി സർക്കാരിന്റെ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ അന്തിമ ഘട്ടത്തിൽ. ഒറ്റസീറ്റുള്ള ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചർച്ച ഇന്ന് നടക്കും. വകുപ്പുകളുടെ കാര്യത്തിൽ അന്തിമ തീരുമാനം ചൊവ്വാഴ്ച ചേരുന്ന ഇടതുമുന്നണി യോഗത്തിൽ തീരുമാനിക്കും.
സിപിഐഎമ്മിന് പന്ത്രണ്ടും സിപിഐക്ക് നാലും കേരള കോൺഗ്രസ് എമ്മിനും എൻസിപിക്കും ജെഡിഎസിനും ഓരോ മന്ത്രിമാരുമാണ് 21 അംഗ ക്യാബിനറ്റിൽ ഉണ്ടാവുക. രണ്ട് മന്ത്രിസ്ഥാനമാണ് കേരള കോൺഗ്രസ് എം ആവശ്യപ്പെടുന്നത്. ഒരു മന്ത്രിക്ക് പുറമേ ചീഫ് വിപ്പ് സ്ഥാനം കൂടി വിട്ടുകൊടുക്കാൻ സിപിഐഎം തയാറായേക്കും. ഒരു എംഎൽഎ മാത്രമുള്ള പാർട്ടികളിൽ ആർക്കൊക്കെ മന്ത്രിസ്ഥാനം നൽകണമെന്നതാണ് നേതൃത്വം നേരിടുന്ന വെല്ലുവിളി.
Read Also : കൊവിഡ് വ്യാപനം; മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് വിവാദത്തില്‍
കേരള കോൺഗ്രസ് ബിക്ക് മന്ത്രിസ്ഥാനം ഉണ്ടായേക്കും. ജനാധിപത്യ കേരള കോൺഗ്രസിനും ഐഎൻഎല്ലിനും രണ്ടര വർഷം വീതം നൽകി രണ്ട് പാർട്ടികൾക്കും പ്രാതിനിധ്യം നൽകാനും ആലോചനയുണ്ട്. ഐഎൻഎല്ലിന് ചീഫ് വിപ്പ് പദവിയും പരിഗണിക്കുന്നു. കോൺഗ്രസ് എസിനും എൽജെഡിക്കും മന്ത്രിസ്ഥാനം നൽകില്ല. സിപിഐഎമ്മിൽ നിന്ന് കെ.കെ ശൈലജ, എം.വി ഗോവിന്ദൻ, കെ.രാധാകൃഷ്ണൻ, കെ.എൻ ബാലഗോപാൽ, പി.രാജീവ് എന്നിവർക്ക് മന്ത്രിസ്ഥാവനം ഉറപ്പാണ്.
ടി.പി രാമകൃഷ്ണൻ, എം.എം മണി എന്നിവരുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല. വീണാ ജോർജിനെ സ്പീക്കർ സ്ഥാനത്തേക്കും പരിഗണിക്കുന്നുണ്ട്. എ.സി മൊയ്തീൻ, കെ.ടി ജലീൽ എന്നിവരുടെ കാര്യത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് നിർണായകമാവും. മന്ത്രിമാരെ തീരുമാനിക്കാൻ സിപിഐഎമ്മിന്റെയും സിപിഐയുടെയും സംസ്ഥാന നേതൃയോഗങ്ങൾ 18 ന് ചേരും. 20ന് വൈകിട്ടാണ് സത്യപ്രതിജ്ഞ.
Story Highlights: pinaray vijayan, ldf govt
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here