Advertisement

ടൗട്ടേ ചുഴലിക്കാറ്റ് ഇന്ന് ഗുജറാത്തില്‍ എത്താന്‍ സാധ്യത

May 17, 2021
Google News 1 minute Read
taute cyclone

ടൗട്ടേ ചുഴലിക്കാറ്റ് പ്രതീക്ഷിച്ചതിലും നേരത്തെ തീരം തൊടുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ മുന്നറിയിപ്പ്. ഗുജറാത്തിലെ പോര്‍ബന്തറിനും ഭാവ് നാഗരിനും ഇടയില്‍ ചുഴലി കാറ്റ് ഇന്ന് വൈകീട്ടോടെ തന്നെ എത്തും എന്നാണ് പുതിയ പ്രവചനം. ചൊവ്വാഴ്ച രാവിലെ കരയില്‍ എത്തും എന്നായിരുന്നു നേരത്തെ കണക്കാക്കിയിരുന്നത് എന്നാല്‍ ചുഴലിക്കാറ്റിന്‍റെ സഞ്ചാര വേഗത വര്‍ധിച്ചതാണ് നേരത്തെ എത്താന്‍ കാരണം.

പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവര്‍ ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ ചുഴലിക്കാറ്റിനെ നേരിടാന്‍ ഉള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്തി. ഗുജറാത്തിലെ തീരപ്രദേശങ്ങളില്‍ നിന്ന് പതിനായിരക്കണക്കിന് പേരെ ഒഴിപ്പിച്ചു. മഹാരാഷ്ട്രയിലെ കാറ്റ് ബാധിക്കാനിടയുള്ള പ്രദേശങ്ങളില്‍ നിന്ന് കൊവിഡ് രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി.

മഹാരാഷ്ട്രയില്‍ ഇന്ന് നടത്തേണ്ട കൊവിഡ് വാക്‌സിന്‍ കുത്തിവയ്പുകള്‍ റദ്ദാക്കി. ഇരു സംസ്ഥാനങ്ങളിലും എന്‍ഡിആര്‍എഫ് സംഘം രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പ്രദേശത്ത് ശക്തമായ കാറ്റും മഴയും തുടരുകയാണ്. കര്‍ണാടക, ഗോവ സംസ്ഥാനങ്ങളില്‍ കനത്ത നാശം വിതച്ചാണ് ചുഴലികാറ്റ് മഹാരാഷ്ട്ര തീരത്തോട് അടുത്തത്.

കനത്ത കാറ്റിലും മഴയിലും കര്‍ണാടകയിലും ഗോവയിലും ആയി ഏഴ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വൈദ്യുത ബന്ധം തകരാറിലായതിനെ തുടര്‍ന്ന്, ഗോവയിലെ ആശുപത്രികളുടെ പ്രവര്‍ത്തനം താറുമാറായി. ഇരു സംസ്ഥാനങ്ങളിലും നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ചുഴലിക്കാറ്റിന്റെ ഭാഗമായി അഞ്ച് സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്.

Story Highlights: taukte cyclon, gujarat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here