Advertisement

സിപിഐഎം-സിപിഐ പാർട്ടികളുടെ നേതൃയോഗം ഇന്ന്; മന്ത്രിമാർ ആരെന്നറിയാം

May 18, 2021
Google News 1 minute Read

രണ്ടാം പിണറായി സർക്കാരിനെ തീരുമാനിക്കാൻ സിപിഐഎം സിപിഐ അടക്കമുള്ള പാർട്ടികളുടെ സംസ്ഥാന നേതൃയോഗങ്ങൾ ഇന്നു നടക്കും. വൈകിട്ട് നാലിന് നടക്കുന്ന എൽഡിഎഫ് പാർലമെന്ററി പാർട്ടി യോഗം പിണറായി വിജയനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കും. പുതുമുഖങ്ങൾക്കും വനിതകൾക്കുംഅവസരം നൽകിയായിരിക്കും പ്രധാന പാർട്ടികൾ മന്ത്രിമാരെ തീരുമാനിക്കുക.

രാവിലെ സിപിഐഎം സെക്രട്ടറിയേറ്റും തുടർന്ന് സംസ്ഥാന സമിതിയും ചേർന്നായിരിക്കും 12 മന്ത്രിമാരെയും സ്പീക്കറെയും തെരഞ്ഞെടുക്കുക. പിണറായി വിജയനും കെകെ ശൈലജയ്ക്കും പുറമേ എം.വി. ഗോവിന്ദൻ, കെ. രാധാകൃഷ്ണൻ, കെ.എൻ ബാലഗോപാൽ, പി. രാജീവ് എന്നിവർ മന്ത്രിമാരാകുമെന്ന് ഉറപ്പായി. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പി. എ മുഹമ്മദ് റിയാസ്, എം.ബി രാജേഷ,് വീണാ ജോർജ്, സജി ചെറിയാൻ, വി.എൻ വാസവൻ, വി. ശിവൻകുട്ടി എന്നിവരുമുണ്ട്് പരിഗണനാ പട്ടികയിൽ.

കാനത്തിൽ ജമീല, വി. അബ്ദുറഹ്മാൻ, പി. നന്ദകുമാർ എന്നീ പേരുകളും സജീവം. സ്പീക്കർ സ്ഥാനത്തേക്ക് വീണാ ജോർജിന്റെയും കെ.ടി ജലീലിന്റെയും പേരാണ് ഉയർന്നുകേൾക്കുന്നത്. എന്നാൽ ലോകായുക്ത വിധി കെ.ടി ജലീലിന് പ്രതികൂലമായേക്കാം.

രാവിലെ ചേരുന്ന സംസ്ഥാന നിർവാഹക സമിതിയും തുടർന്ന് ഓൺലൈനായി ചേരുന്ന കൗൺസിലുമാണ് സിപിഐഎം മന്ത്രിമാരെ തീരുമാനിക്കുക. പി. പ്രസാദും കെ. രാജനും മന്ത്രിമാരാകുമെന്ന് ഉറപ്പാണ്. സി. കെ വിജയനായിരിക്കും സിപിഐയുടെ മലബാർ പ്രാതിനിധ്യം. കൊല്ലത്ത് നിന്ന് ജെ. ചിഞ്ചുറാണിയോ പി.എസ് സുപാലോ എന്ന് വ്യത്യസ്ഥ അഭിപ്രായം പാർട്ടിക്കുള്ളിലുണ്ട്. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാടായിരിക്കും ഇക്കാര്യത്തിൽ നിർണായകം.

ചിറ്റയം ഗോപകുമാറായിരിക്കും ഡെപ്യൂട്ടി സ്പീക്കർ. എൻസിപിയുടെ മന്ത്രിയായി ആദ്യ ടേമിൽ എ.കെ ശശീന്ദ്രൻ വരുമെന്നാണ് സൂചന. പിന്നീട് തോമസ്. കെ. തോമസിന് മന്ത്രിസ്ഥാനം കൈമാറിയേക്കും. ജനതാദൾ എസിന്റെ മന്ത്രിയായി കെ. കൃഷ്ണൻകുട്ടിയെ തീരുമാനിച്ചെങ്കിലും ടേം അടിസ്ഥാനത്തിൽ ആണോയെന്ന് വ്യക്തമാക്കിയിട്ടില്ല. ഇതിനു പുറമേയാണ് ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും വ്യാഴാഴ്ച സത്യപ്രതിജ്ഞയ്ക്ക് ഒരുങ്ങുന്നത്.

Story Highlights: ldf meeting

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here