മേയറായി തിളങ്ങി; ആർ ബിന്ദുവിന് ഇനി മന്ത്രിപദം

സാംസ്‌കാരിക നഗരിയുടെ പ്രഥമ വനിതാ മേയർ ആർ ബിന്ദു ഇനി കേരള മന്ത്രിസഭയിലേക്ക്. രണ്ടാം പിണറായി മന്ത്രിസഭയിലേക്കുള്ള പ്രവേശനം കന്നി അങ്കത്തിൽ. ഇരിങ്ങാലക്കുടയിൽ നിന്നും വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ബിന്ദു നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. സഹായിച്ചത് മേയറായിരുന്ന കാലത്തെ തിളക്കമാർന്ന പ്രവർത്തനങ്ങൾ.
2005 ലാണ് തൃശൂർ കോർപറേഷനിൽ മേയറായി ആർ ബിന്ദു എത്തിയത്. മാനസിക-ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കുള്ള സഹായവിതരണം. പുനരധിവാസപദ്ധതികൾ, മാലിന്യനിർമാർജന പദ്ധതി തുടങ്ങി നഗരത്തിൽ മാതൃകാപരമായ വികസന നേട്ടങ്ങൾ.
ഇരിങ്ങാലക്കുട ഗേൾസ് ഹൈസ്‌കൂൾ, സെന്റ് ജോസഫ് കോളേജ്, കലിക്കറ്റ് സർവകലാശാല ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇംഗ്ലീഷ്, ഡൽഹി ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഇംഗ്ലീഷ് സാഹിത്യത്തിൽ റാങ്കോടുകൂടി ബിരുദാനന്തരബിരുദം. പൊതുപ്രവർത്തനം തുടങ്ങുന്നത് വിദ്യാർത്ഥി രാഷ്ട്രീയ പ്രസ്ഥാനത്തിലൂടെയാണ്. എസ്എഫ്‌ഐയുടെ സംസ്ഥാന വിദ്യാർഥിനി സബ് കമ്മിറ്റി കൺവീനറായിരുന്നു ബിന്ദു. കലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റംഗമായിരുന്നു. സർവകലാശാലാ സെനറ്റിലും അംഗമായി പ്രവർത്തിച്ചു.
സിപിഐഎം ഇരിങ്ങാലക്കുട ഏരിയാകമ്മിറ്റി അംഗം എൻ രാധാകൃഷ്ണനാണ് പിതാവ്, അമ്മ കെ കെ ശാന്തകുമാരി. എൽഡിഎഫ് കൺവീനർ എ വിജയരാഘവന്റെ ഭാര്യയാണ്. മകൻ വി ഹരികൃഷ്ണണൻ മഞ്ചേരി ജില്ലാ കോടതിയിൽ അഭിഭാഷകനാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here