പാർട്ടി തീരുമാനം അംഗീകരിക്കുന്നു; പുതുമുഖങ്ങൾ കൂടുതൽ തിളക്കത്തോടെ പ്രവർത്തിക്കും; പിന്തുണയ്ക്ക് നന്ദി; കെ കെ ശൈലജ

രണ്ടാം പിണറായി മന്ത്രിസഭയിൽ ഉൾപ്പെടുത്താത്തതിൽ പ്രതികരിച്ച് കെ കെ ശൈലജ. മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് പാർട്ടി എടുത്ത ഏത് തീരുമാനവും അംഗീകരിക്കുന്നു. ഏൽപ്പിക്കുന്ന ചുമതല ഏതായാലും അത് നിർവ്വഹിക്കും. കൊവിഡ് പ്രതിരോധം കൂട്ടുത്തരവാദിത്വമാണ്. തൻറെ ചുമതല കൃത്യമായി നിറവേറ്റിയെന്നും കെ കെ ശൈലജ പറഞ്ഞു.
പുതിയ ആളുകൾ കൂടുതൽ തിളക്കത്തോടെ പ്രവർത്തിക്കും. വിവാദങ്ങളുടെ ആവശ്യമില്ലെന്നും തന്നെ പിന്തുണച്ച എല്ലാവർക്കും നൂറ് നന്ദിയുണ്ടെന്നും കെ കെ ശൈലജ കൂട്ടിച്ചേർത്തു.
ആരോഗ്യ മന്ത്രിയെന്ന നിലയിൽ മികച്ച പ്രവർത്തനമാണ് കെ കെ ശൈലജ നടത്തിയത്. ആഗോളതലത്തിൽ നേടിയ സൽപ്പേരും മട്ടന്നൂര്‍ മണ്ഡലത്തിലെ വലിയ വിജയവും പാർട്ടിക്ക് ഏറെ ഗുണം ചെയ്തിരുന്നു. മാത്രമല്ല കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ കെ കെ ശൈലജ തുടരും എന്ന് അണികൾ പോലും കരുതിയിരുന്നു.
12 സിപിഎം മന്ത്രിമാരിൽ പിണറായി വിജയൻ ഒഴികെ ബാക്കിയെല്ലാം പുതുമുഖങ്ങളാണ്. കോടിയേരി ബാലകൃഷ്ണനാണ് പുതുമുഖ പട്ടിക മുന്നോട്ടുവെച്ചത്. 88 പേരും പട്ടിക അംഗീകരിച്ചു. ശൈലജയ്ക്കായി വാദിച്ചത് ഏഴ് പേരാണെന്നാണ് വിവരം. ഒരാൾക്ക് മാത്രമായി ഇളവുകൾ നൽകേണ്ടതില്ലെന്നാണ് യോഗത്തിൽ തീരുമാനം വന്നത്. എം.വി ജയരാജൻ അടക്കം ശൈലജ ടീച്ചറെ പിന്തുണച്ചെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here