Advertisement

ദേശീയ നേതൃത്വത്തിന് മുന്നില്‍ എംഎല്‍എമാര്‍ എന്ത് നിലപാട് സ്വീകരിച്ചുവെന്ന ആശങ്കയില്‍ എ,ഐ ഗ്രൂപ്പുകള്‍

May 19, 2021
Google News 1 minute Read
oomen chandy chennithala

പ്രതിപക്ഷ നേതൃസ്ഥാനം സംബന്ധിച്ച് ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ക്ക് മുന്നില്‍ എംഎല്‍എമാര്‍ എന്ത് നിലപാട് സ്വീകരിച്ചുവെന്ന ആശങ്കയില്‍ എ,ഐ ഗ്രൂപ്പുകള്‍. ചെന്നിത്തലയെ പിന്തുണയ്ക്കാന്‍ എ ഗ്രൂപ്പ് ധാരണയിലെത്തിയെങ്കിലും ഇരുപക്ഷത്തെയും യുവ എംഎല്‍എമാരില്‍ ചിലര്‍ നേതൃമാറ്റം ആവശ്യപ്പെട്ടോയെന്ന സംശയത്തിലാണ് മുതിര്‍ന്ന നേതാക്കള്‍.

ഐ ഗ്രൂപ്പിലെ 12 പേരും എ ഗ്രൂപ്പിലെ 9 പേരുമുള്‍പ്പെടെ 21 എംഎല്‍എമാരാണ് കോണ്‍ഗ്രസ് നിരയിലുളളത്. വി ഡി സതീശനും കെ സുധാകര പക്ഷക്കാരനായ സണ്ണി ജോസഫും ഒഴികെയുളള 19 പേരുടെ പിന്തുണയുണ്ടെന്നാണ് ചെന്നിത്തല ക്യാമ്പിന്റെ അവകാശവാദം. ചുരുങ്ങിയത് 15 പേരുടെ പിന്തുണ ഉറപ്പെന്നും ചെന്നിത്തല കണക്ക് കൂട്ടുന്നു.

എന്നാല്‍ എ ഗ്രൂപ്പിന്റെ നിലപാട് തളളി യുവ എംഎല്‍എമാര്‍ ഉള്‍പ്പെടെ തലമുറ മാറ്റം എന്ന ആവശ്യം ഹൈക്കമാന്‍ഡിന് മുന്നില്‍ ഉന്നയിച്ചിട്ടുണ്ടെന്ന് വി ഡി സതീശന്‍ അനുകൂലികള്‍ ചൂണ്ടിക്കാട്ടുന്നു. ഗ്രൂപ്പ് ഭേദമന്യേ യുവത്വം ഇക്കാര്യത്തില്‍ ഒന്നിച്ച് നിന്നതായാണ് ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തല്‍.

എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദേശം എ ഗ്രൂപ്പിലെ യുവ എംഎല്‍എമാര്‍ തളളില്ലെന്നും
ഗ്രൂപ്പ് നിലപാടിനൊത്ത് അവര്‍ നിലകൊണ്ടിട്ടുണ്ടെന്നും ചെന്നിത്തല ഗ്രൂപ്പ് വാദിക്കുന്നു. പ്രതീക്ഷ പുലര്‍ത്തുമ്പോഴും ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ ഒറ്റക്കൊറ്റയ്ക്ക് നടത്തിയ കൂടിക്കാഴ്ചയില്‍ നേതാക്കള്‍ നേതൃമാറ്റം ആവശ്യപ്പെട്ടോയെന്നതില്‍ ഇരുഗ്രൂപ്പിലെ നേതാക്കള്‍ക്കും ആശങ്കയുണ്ട്.

പ്രതിപക്ഷ നേതൃസ്ഥാനത്തില്‍ എ,ഐ ഗ്രൂപ്പുകളുടെ ഐക്യം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കുളള തന്റെ വരവ് തടയാനുളള നീക്കമായാണ് കെ സുധാകരന്‍ വിലയിരുത്തുന്നത്. എംഎല്‍എമാരെയും എംപിമാരേയും രാഷ്ട്രീയകാര്യ സമിതി അംഗങ്ങളെയും നേരില്‍ കണ്ട് അഭിപ്രായം തേടിയ ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ വൈകാതെ റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിക്കും. ഹൈക്കമാന്‍ഡ് എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് ഇനി നിര്‍ണായകം.

Story Highlights: congress, leader of opposition

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here