പന്ത് ചുരണ്ടൽ; ബൗളർമാർക്ക് പങ്കുണ്ടെന്ന ആരോപണം വിഴുങ്ങി കാമറൂൺ ബാൻക്രോഫ്റ്റ്

ഓസ്ട്രേലിയൻ ക്രിക്കറ്റിനാകമാനം നാണക്കേടുണ്ടാക്കിയ പന്ത് ചുരണ്ടൽ വിവാദം കൂടുതൽ വഴിത്തിരിവിലേക്ക്. പന്ത് ചുരണ്ടലിൽ ബൗളർമാർക്കും പങ്കുണ്ടെന്ന് അടുത്തിടെ കാമറൂൺ ബാൻക്രോഫ്റ്റ് വെളിപ്പെടുത്തിയിരുന്നു. പന്ത് ചുരണ്ടലിൽ സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാർണർക്കൊപ്പം നടപടി നേരിട്ട ക്രിക്കറ്ററാണ് ബാൻക്രോഫ്റ്റ്. എന്നാൽ, ഇപ്പോൾ തൻ്റെ വെളിപ്പെടുത്തലിൽ നിന്ന് ബാൻക്രോഫ്റ്റ് പിന്നോട്ടുപോയിരിക്കുകയാണ്.
2018ൽ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന പന്ത് ചുരണ്ടലിനെപ്പറ്റി ബൗളർമാർക്കും അറിവുണ്ടായിരുന്നു എന്നാണ് നേരത്തെ ബാൻക്രോഫ്റ്റ് വെളിപ്പെടുത്തിയത്. ഇതേ തുടർന്ന് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ഇൻ്റഗ്രിറ്റി യൂണിറ്റ് അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണത്തിൻ്റെ ഭാഗമായി ക്രിക്കറ്റ് ഓസ്ട്രേലിയ ബന്ധപ്പെട്ടപ്പോഴാണ് ബാൻക്രോഫ്റ്റ് ആരോപണം വിഴുങ്ങിയത്. പന്ത് ചുരണ്ടലിനെപ്പറ്റി തനിക്ക് പുതുതായൊന്നും അറിയിക്കാനില്ലെന്നും നടത്തിയ അന്വേഷണങ്ങളിലും കണ്ടെത്തലുകളിലും താൻ തൃപ്തനാണെന്നും താരം ക്രിക്കറ്റ് ഓസ്ട്രേലിയയെ അറിയിച്ചു.
2018 മാർച്ചിൽ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ടെസ്റ്റ് മത്സരത്തിനിടെയായിരുന്നു പന്ത് ചുരണ്ടൽ വിവാദം. കുറ്റക്കാരാണെന്ന് തെളിഞ്ഞതോടെ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്, വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണർ എന്നിവർക്ക് 12 മാസത്തെയും കാമറൂൺ ബൻക്രോഫ്റ്റിന് 9 മാസത്തെയും വിലക്ക് ലഭിച്ചു. വിലക്ക് അവസാനിച്ച മൂവരും വീണ്ടും കളിക്കാൻ തുടങ്ങിയിരുന്നു.
Story Highlights: Cameron Bancroft backtracks on ball-tampering claims
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here