Advertisement

സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ നേതൃമാറ്റ ചിന്ത ശക്തം; എഐസിസി നിയോഗിച്ച സമിതി സോണിയ ഗാന്ധിക്ക് റിപ്പോര്‍ട്ട് നല്‍കും

May 20, 2021
Google News 1 minute Read
udf seat sharing discussion ends tomorrow

പ്രതിപക്ഷ നേതാവായി ആരെയും ചൂണ്ടിക്കാട്ടാതെ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും വൈദ്യലിംഗവും ഉള്‍പ്പെട്ട എഐസിസി നിയോഗിച്ച സമിതി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് റിപ്പോര്‍ട്ട് നല്‍കും. സംസ്ഥാന കോണ്‍ഗ്രസില്‍ നേതൃമാറ്റ ചിന്ത ശക്തമാണെന്നും എംഎല്‍എമാരില്‍ ഭൂരിപക്ഷവും പ്രതിപക്ഷ നേതൃ സ്ഥാനത്ത് വി ഡി സതീശനെ പിന്തുണയ്ക്കുന്നവരാണെന്നും അറിയിക്കുന്ന റിപ്പോര്‍ട്ടാകും നല്‍കുക. മുതിര്‍ന്ന നേതാക്കളുടെ പിന്തുണ രമേശിനൊപ്പമാണെന്നും അതിനാല്‍ അന്തിമ തിരുമാനം ഹൈക്കമാന്‍ഡ് നല്‍കണമെന്നുമാണ് റിപ്പോര്‍ട്ടിലെ പ്രധാന ഉള്ളടക്കം.

എംഎല്‍എമാരിലെ പുതുമുഖങ്ങളിലും യുവാക്കളിലും മനസില്‍ തലമുറമാറ്റമാണ് ഉള്ളത്. ഒറ്റയ്ക്ക് കണ്ടപ്പോള്‍ ഭൂരിപക്ഷം പേരും വി ഡി സതീശനെ പിന്താങ്ങി സംസാരിച്ചു. വിഷയങ്ങളോട് പുലര്‍ത്തുന്ന സമീപനവും പ്രതിഛായയും നിലപാടിലെ വിശ്വാസ്യതയും ആണ് ചൂണ്ടിക്കാണിക്കപ്പെട്ടത്. ഉമ്മന്‍ ചാണ്ടി അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ രമേശിനെ പിന്തുണച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കി.

പ്രതിപക്ഷ നേതൃപദവിയില്‍ മാറ്റം ഉണ്ടായില്ലെങ്കില്‍ പാര്‍ട്ടിയിലെ നേതൃത്വ മാറ്റവും സാധ്യമാകില്ലെന്ന് ഒരു വിഭാഗം എഐസിസി സംഘത്തെ അറിയിച്ചു. ഭിന്നത രൂക്ഷമായ സാഹചര്യത്തില്‍ തീരുമാനം ഹൈക്കമാന്‍ഡ് കൈകൊള്ളണം എന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നുണ്ട്. റിപ്പോര്‍ട്ടിലെ ഉള്ളടക്കം നല്‍കുന്ന സൂചനകള്‍എന്താണെന്ന് പരസ്യപ്പെടുത്താന്‍ തയാറല്ലെന്ന് നിരീക്ഷക സംഘത്തിന്റെ ഭാഗമായ വൈദ്യലിംഗം പ്രതികരിച്ചു. ഇന്ന് രാത്രിയോടെയോ നാളെയോ റിപ്പോര്‍ട്ട് സമര്‍പ്പിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.

Story Highlights: congress, leader of opposition

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here