മുംബൈ ബാര്‍ജ് അപകടത്തില്‍പ്പെട്ടവര്‍ക്ക് ഒഎന്‍ജിസിയുടെ അടിയന്തര ധനസഹായം

മുംബൈയില്‍ ബാര്‍ജ് അപകടത്തില്‍പ്പെട്ടവര്‍ക്ക് ഒന്‍ജിസി അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. അപകടത്തില്‍ മരിച്ചവരുടെയും കാണാതായവരുടെയും കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയും പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് ഒരു ലക്ഷം രൂപയും അടിയന്തര ധനസഹായമായി പ്രഖ്യാപിച്ചു. 35- 75 ലക്ഷം വരെ ഇവര്‍ക്ക് ധനസഹായമായി നല്‍കുമെന്നും കമ്പനി.
അതേ സമയം പി 305 ബാര്‍ജിന്റെ ക്യാപ്റ്റന്‍ രാകേഷ് ഭല്ലവിനെതിരെ നരഹത്യ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തു. മഹാരാഷ്ട്രയിലെ യെല്ലോഗേറ്റ് പൊലീസ് സ്റ്റേഷനില്‍ ആണ് എഞ്ചിനീയറുടെ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ക്യാപ്റ്റനെ ഇതുവരെ കണ്ടെത്താന്‍ ആയിട്ടില്ല. ചുഴലിക്കാറ്റ് മുന്നറിയിപ്പ് അവഗണിച്ചെന്നും ബാര്‍ജിലെ രക്ഷാബോട്ടുകള്‍ ഭൂരിഭാഗവും ഉപയോഗ ശൂന്യമായിരുന്നു എന്നും ആരോപണം ഉയര്‍ന്നിരുന്നു.
ഇനിയും കണ്ടെത്താനുള്ളവര്‍ക്ക് വേണ്ടി നാവികസേനയുടെ തെരച്ചില്‍ അഞ്ചാം ദിവസം പിന്നിട്ടു. നാവികസേനയുടെ അഞ്ച് കപ്പലുകളും പി8ഐ നിരീക്ഷണ വിമാനവും ഹെലികോപ്റ്ററുകളും തെരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്.
അപകടത്തില്‍ മൂന്ന് മലയാളികള്‍ കൂടി മരിച്ചതായി ഇന്ന് സ്ഥിരീകരിച്ചിരുന്നു. കൊല്ലം ശക്തി കുളങ്ങര സ്വദേശി ആന്റണി എഡ്വിന്‍, തൃശൂര്‍ വടക്കാഞ്ചേരി ആര്യംപാടം സ്വദേശി അര്‍ജുന്‍, വയനാട് വടുവഞ്ചാല്‍ സ്വദേശി സുമേഷ് എന്നിവരാണ് മരിച്ചത്.
വയനാട് കല്‍പറ്റ സ്വദേശി ജോമിഷ് ജോസഫ്, കോട്ടയം ചിറക്കടവ് സ്വദേശി സസിന്‍ ഇസ്മായില്‍ എന്നിവര്‍ മരിച്ചതായി കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. അപകടത്തില്‍പെട്ട 60 പേരുടെ മൃതദേഹങ്ങള്‍ നാവിക സേന കണ്ടെടുത്തു. ബാര്‍ജിലുണ്ടായിരുന്ന 10 പേരെയും വരപ്രദ എന്ന ടഗ് ബോട്ടിലെ 11 പേരെയും ഇനിയും കണ്ടെത്താനുണ്ട്. മുങ്ങിയ ബാര്‍ജിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താനും ശ്രമം ആരംഭിച്ചു. മെയ് 17ന് പി 305 ബാര്‍ജ് ടൗട്ടേ ചുഴലിക്കാറ്റില്‍പെട്ടാണ് അപകടം ഉണ്ടായത്.
Story Highlights: tauktae cyclone, mumbai, accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here