ഹാരി കെയിൻ മാഞ്ചസ്റ്റർ സിറ്റിയിലെത്തുമെന്ന് സൂചന

ഇംഗ്ലീഷ് ക്ലബ് ടോട്ടനം ഹോട്സ്പർ മുൻനിര താരം ഹാരി കെയിൻ മാഞ്ചസ്റ്റർ സിറ്റിലെത്തുമെന്ന് സൂചന. സിറ്റിയിലെ മധ്യനിര താരം കെവിൻ ഡീ ബ്രുയിനെ ഒരു സ്ട്രൈക്കറുടെ സ്വപ്നമാണെന്ന് കെയിൻ പറഞ്ഞു. സീസണൊടുവിൽ താൻ ക്ലബ് വിടുമെന്ന് കെയിൻ ടോട്ടനത്തിനോട് പറഞ്ഞു എന്നാണ് റിപ്പോർട്ട്. ഇതിനു പിന്നാലെയാണ് ഇംഗ്ലണ്ട് താരം സിറ്റിയിലെത്തുമെന്ന റിപ്പോർട്ടുകൾ ഉയരുന്നത്.
സിറ്റിയുടെ അർജൻ്റൈൻ സ്ട്രൈക്കർ സെർജിയോ അഗ്യൂറോ സിറ്റി വിടുമെന്ന് ഉറപ്പായിക്കഴിഞ്ഞു. അഗ്യൂറോയുടെ ഒഴിവിലേക്ക് കെയിൻ എത്തുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ. അഗ്യൂറോ ബാഴ്സലോണയിൽ ദേശീയ ടീമിലെ സഹതാരം ലയണൽ മെസിക്കൊപ്പം ചേരുമെന്ന് സൂചനയുണ്ട്.
അഗ്യൂറോയുമായി ബാഴ്സ 2 വർഷത്തെ കരാറിൽ ഒപ്പുവച്ചതായി ട്രാൻസ്ഫർ വിദഗ്ധൻ ഫബ്രിസിയോ റൊമാനോ അറിയിച്ചു.
മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി 10 വർഷം കളിച്ച ശേഷമാണ് അഗ്യൂറോ ബാഴ്സയിലെത്തുന്നത്. ചാമ്പ്യൻസ് ലീഗ് ഫൈനലിന് പിന്നാലെ ബാഴ്സലോണ ഔദ്യോഗികമായി ട്രാൻസ്ഫർ പ്രഖ്യാപിക്കും. അഗ്യൂറോ കൂടി എത്തുന്നതോടെ മെസി ക്ലബ് വിടാനുള്ള സാധ്യത കുറയുമെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ കുറേ മത്സരങ്ങളായി താരം സിറ്റിയ്ക്ക് വേണ്ടി കളിച്ചിരുന്നില്ല. പരിക്കും പുതിയ താരങ്ങളുടെ വരവും താരത്തിന് വിനയായി. 32 കാരനായ അഗ്യൂറോ ഈ സീസണിൽ 14 മത്സരങ്ങളാണ് കളിച്ചത്. മൂന്നുതവണ ഗോൾ നേടുകയും ചെയ്തു. അത്ലറ്റിക്കോ മഡ്രിഡിൽ നിന്നാണ് അഗ്യൂറോ സിറ്റിയിലെത്തിയത്. സിറ്റിയ്ക്കായി 384 മത്സരങ്ങളിൽ നിന്നും 257 ഗോളുകളാണ് താരം നേടിയത്. സിറ്റിയ്ക്കായി ഏറ്റവുമധികം ഗോളുകൾ നേടിയ താരം എന്ന റെക്കോർസും അഗ്യൂറോയുടെ പേരിലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here