Advertisement

ദിവസവും ചായയും ലഘുപലഹാരവും; പൊലീസുകാര്‍ക്ക് ഒരുകൈ സഹായവുമായി രജീഷും ശ്രീവിദ്യയും

May 22, 2021
Google News 1 minute Read

ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ദിനങ്ങളില്‍ എല്ലാവരും വീട്ടിലിരിക്കുമ്പോള്‍ മഴയും വെയിലും വകവയ്ക്കാതെ തെരുവില്‍ തുടരുന്ന പൊലീസുകാര്‍ക്ക് തുടര്‍ച്ചയായ ദിവസങ്ങളില്‍ ചായയും ലഘുപലഹാരവും എത്തിച്ച് നല്‍കുകയാണ് ദമ്പതികള്‍. കൂലിപ്പണിയിലൂടെ വരുമാനം കണ്ടെത്തുന്ന രാമനാട്ടുകാര സ്വദേശികളായ രജീഷും ഭാര്യ ശ്രീവിദ്യയുമാണ് പൊലീസ് ഉദ്യോഗസ്ഥരുടെ പ്രയാസം തിരിച്ചറിഞ്ഞ് ചായ വിതരണം ചെയ്യുന്നത്.

കൂലിപ്പണിയിലൂടെ കിട്ടുന്ന വരുമാനത്തില്‍ നിന്നാണ് കുടുംബത്തിന്റെ മുന്നോട്ടുളള പോക്ക് എങ്കിലും ദുരിതകാലത്തും തങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടി അഹോരാത്രം പണിപ്പെടുന്ന പൊലീസുകാര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം രൂപപ്പെട്ടതോടെ പണത്തിന്റെ നീക്കിയിരിപ്പൊന്നും ഒരു പ്രശ്നമായില്ലെന്ന് ഇവര്‍ പറയുന്നു.

വീട്ടില്‍ നിന്ന് ചായയുണ്ടാക്കി ഫ്ളാസ്‌ക്കില്‍ നിറക്കും. കടയില്‍ നിന്ന് ലഘുപലഹാരവും വാങ്ങി പൊലീസുകാരെ തേടി യാത്രയാരംഭിക്കും. വൈദ്യരങ്ങാടി, പതിനൊന്നാം മൈല്‍, ഐക്കരപ്പടി മുതല്‍ ഫറോക്ക് വരെ വാഹന പരിശോധനയില്‍ മുഴുകുന്ന പൊലീസുകാരെയും വളണ്ടിയര്‍മാരെയും തേടി ഇവരെത്തും.

ആദ്യ ദിവസങ്ങളില്‍ ഓട്ടോയിലായിരുന്നു യാത്രയെങ്കില്‍ ദമ്പതികളുടെ ഈ നല്ല പ്രവൃത്തിക്ക് പ്രചോദനമായി വാഹന സന്നദ്ധത അറിയിച്ച് പലരും ഇപ്പോള്‍ രംഗത്തെത്തുണ്ട്. പൊലീസുകാര്‍ക്ക് മാത്രമല്ല പരിശോധനയ്ക്കായി നിര്‍ത്തുന്ന വാഹന യാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ശ്രീവിദ്യയും രജീഷും ചായ നല്‍കുന്നുണ്ട്. അങ്ങനെ മഹാമാരിക്കാലത്ത് അണ്ണാരക്കണ്ണനും തന്നാലായത് എന്നപോലെ തന്നാലാകുന്നത് ചെയ്യുകയാണ് ഇവര്‍.

Story Highlights: lock down, kerala police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here