വി ഡി സതീശനെ പ്രതിപക്ഷ നേതാവാക്കിയ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു: പിടി തോമസ്

വി ഡി സതീശനെ പ്രതിപക്ഷ നേതാവാക്കിയ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പിടി തോമസ് എംഎൽഎ ട്വന്റിഫോറിനോട്. വി ഡി സതീശനെ പ്രതിപക്ഷ നേതാവാക്കിയത് ഹൈക്കമാന്റ് ചേർന്ന് എടുത്ത തീരുമാനമാണ്. ഇത് തലമുറമാറ്റമാണോ മറ്റേതെങ്കിലും രീതിയിലുള്ള മാറ്റമാണോ എന്നത് ഈ ഘട്ടത്തിൽ പറയാൻ കഴിയില്ലെന്നും പിടി തോമസ് വ്യക്തമാക്കി. പല പേരുകൾ പരിഗണിച്ചതിനൊപ്പം തന്റെ പേരും പരിഗണിച്ചു. അതിനപ്പുറം അതിൽ മറ്റൊന്നുമില്ലെന്നും പിടി തോമസ് ട്വന്റിഫോറിനോട് പറഞ്ഞു.
വി ഡി സതീശനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത ഹൈക്കമാൻഡ്, തീരുമാനം കേരള നേതാക്കളെ അറിയിച്ചു. ഇതോടെ നേതൃമാറ്റം വേണമെന്ന ആവശ്യം ഹൈക്കമാൻഡ് അംഗീകരിച്ചിരിക്കുകയാണ്. എംഎൽഎമാരുടെ പിന്തുണ ആദ്യ ഘട്ടത്തിൽ തന്നെ സതീശനായിരുന്നു. യുവ എംഎൽഎമാരുടെ ഗ്രൂപ്പിന് അതീതമായ പിന്തുണയാണ് നിർണായകമായ തീരുമാനത്തിന് കാരണം. ഭരണപക്ഷം യുവനേതൃത്വത്തെ രംഗത്തിറക്കുമ്പോൾ പ്രതിപക്ഷം പഴയ തലമുറയിൽ നിൽക്കുന്നത് പ്രതിച്ഛായയെ ബാധിക്കുമെന്നായിരുന്നു ഭൂരിപക്ഷ അഭിപ്രായം. രാഹുൽ ഗാന്ധിയുടെ നിലപാട് ഇക്കാര്യത്തിൽ നിർണായകമായി. യുവ എംഎൽഎമാരുടെ നിലപാട് കാണാതെ പോകരുത്. കേരളത്തിൽ ഇപ്പോൾ എടുക്കുന്ന നിലപാട് ദേശീയ തലത്തിലും ഒരു സന്ദേശമാവും. അതുകൊണ്ട് തന്നെ എത്രയും വേഗം വി ഡി സതീശനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിക്കണമെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ നിലപാട്. ഈ നിലപാടാണ് നിർണായകമായത്.
കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവർ വി ഡി സതീശനെ അഭിനന്ദിച്ചു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here