19
Jun 2021
Saturday

ശതാഭിഷേകത്തിന്റെ നിറവിൽ കലാമണ്ഡലം ഗോപി ആശാൻ

കഥകളി വേദിയിലെ പ്രതിഭാധനൻ കലാമണ്ഡലം ഗോപി ആശാന് ഇന്ന് എൺപത്തിനാലാം പിറന്നാൾ. കുചേല വൃത്തത്തിലെ കൃഷ്ണനായും കല്യാണ സൗഗന്ധികത്തിലെ ഹനുമാനായും നളചരിതം മൂന്നാം ദിവസത്തിൽ ബാഹുകനായും ബാലിയും കുന്തിയും കർണനുമൊക്കെയായി കലാമണ്ഡലം ഗോപി അനശ്വരമാക്കിയ വേഷങ്ങൾ നിരവധിയാണ്. 1937 മെയ് 21ന് (ഇടവ മാസത്തിൽ അത്തം നാൾ) പെരിങ്ങോട് ചാലിശ്ശേരിയ്ക്കടുത്ത് കോതച്ചിറയിൽ ജനിച്ച വടക്കെ മനാലത്ത് ഗോവിന്ദൻ എന്ന ഗോപി നളചരിതം ആട്ടക്കഥയെ ജനകീയമാക്കിയ അനശ്വര കലാകാരനാണ്. കോതച്ചിറയിൽ നിന്ന് തുടങ്ങിയ ആ പ്രയാണം അനുസ്യൂതം തുടരുന്നു.

അരങ്ങിയ വേഷം കെട്ടിയാടുമ്പോൾ കാണികളുടെ കണ്ണും മനസും ഒരുപോലെ തന്നിലേക്ക് ആവാഹിക്കാനുള്ള കഴിവ് ഈ കലാകാരന് മാത്രം അവകാശപ്പെട്ടതാണ്. കഥകളി കലാകാരനായ തെക്കിൻകാട്ടിൽ രാവുണ്ണി നായരുടെ നിർദേശപ്രകാരമാണ് ഗോപിയാശാൻ കഥകളിയിലേക്കെത്തുന്നത്. പിന്നീട് കലാമണ്ഡലം രാമൻകുട്ടി നായർ, പത്മനാഭൻ നായർ തുടങ്ങിയ പ്രഗല്ഭരുടെ കീഴിൽ ഏഴുവർഷത്തോളം കലാമണ്ഡലത്തിൽ പഠനം. കഥകളിയിലെ കല്ലുവഴി ചിട്ടയെ ജനപ്രിയമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.

കേരളത്തിലും വിദേശത്തുമായി ആയിരക്കണക്കിന് വേദികളിൽ നിറഞ്ഞാടി. ഷാജി എൻ.കരുണിന്റെ വാനപ്രസ്ഥം, ജയരാജിന്റെ ശാന്തം എന്നീ സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. പത്മശ്രീ, കേന്ദ്ര സംഗീതനാടക അക്കാദമി അവാർഡ്, കേരള സംഗീത അക്കാദമി അവാർഡ്, കേരള കലാമണ്ഡലം അവാർഡ് എന്നിവയും ഈ പ്രതിഭാധനനെ തേടിയെത്തി.

കളിയരങ്ങിൽ പകരം വയ്ക്കാനില്ലാത്ത കലാമണ്ഡലം ഗോപിയാശാൻ തിമിർത്താടിയത് കഥകളിയുടെ പച്ച മാത്രമല്ല കളിയരങ്ങിലെ ആലംബനവും ഉദ്ദീപനവുമെല്ലാം ആ കരങ്ങളിൽ ഭദ്രം. കഥാപാത്രങ്ങൾ മാത്രമല്ല, നിലാവും കാറ്റും പൂമണവുമെല്ലാം രസവാസനയുടെ തീക്ഷണാനുഭവങ്ങളാക്കി മാറ്റി മലയാളിയുടെ സ്വന്തം ഗോപിയാശാൻ. ജന്മിത്വ പാരമ്പര്യ വിനോദത്തിന്റെ അവശിഷ്ട വേരുകളിലൊന്നല്ല കഥകളിയെന്ന് തെളിയിച്ച അനുഗ്രഹീത കലാകാരൻ. കണ്ണുകളിലെ സുരതകാന്തി, സൂക്ഷ്മാഭിനയത്തിലൂടെ ഉത്തമ കഥാപാത്രങ്ങളുടെ വീരവും ദാനവും കൊട്ടിയാടൽ. കുട്ടിത്തരവും ഇടത്തരവും ഒന്നുമില്ലാതെ നേരെ ആദ്യാവസാനത്തിലേക്കുള്ള എടുത്തുചാടൽ. ശതാഭിഷേകത്തിന്റെ നിറവിൽ നിൽക്കുന്ന ഗോപിയാശാന് വിസ്മയവും സ്‌നേഹവും നിറഞ്ഞ ആദരം.

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top