Advertisement

ലോകം ഒറ്റക്കെട്ടായി ലക്ഷദ്വീപ് ജനതയ്‌ക്കൊപ്പം നിൽക്കേണ്ട സാഹചര്യം; തോമസ് ഐസക്ക്

May 24, 2021
Google News 1 minute Read

രാജ്യം മാത്രമല്ല, ലോകം ഒറ്റക്കെട്ടായി ലക്ഷദ്വീപ് ജനതയ്ക്കൊപ്പം നിൽക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് മുന്‍ ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്ക്.

ഡിസംബർ മാസത്തിൽ ചാർജ്ജെടുത്ത അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ ആ നാട്ടിലെ സ്വൈരജീവിതം തകർക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങളുടെ ഭാഗമായി വേണം നടപടികളെ കാണേണ്ടത്. വംശവിദ്വേഷത്തിന്റെ മറ്റൊരു പരീക്ഷണശാലയായി സംഘപരിവാർ ലക്ഷദ്വീപിനെ തെരഞ്ഞെടുത്തു കഴിഞ്ഞുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം :

ലക്ഷദ്വീപിലെ ജനങ്ങൾക്കൊപ്പം രാജ്യമൊന്നാകെ നിൽക്കേണ്ട സന്ദർഭമാണിത്. ആ നാട്ടിലെ സ്വൈരജീവിതം തകർക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങളുടെ ഭാഗമായി വേണം ഡിസംബർ മാസത്തിൽ ചാർജ്ജെടുത്ത അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ നടപടികളെ കാണേണ്ടത്. വംശവിദ്വേഷത്തിന്റെ മറ്റൊരു പരീക്ഷണശാലയായി സംഘപരിവാർ ലക്ഷദ്വീപിനെ തിരഞ്ഞെടുത്തു കഴിഞ്ഞു.
കൊവിഡ് ബാധയില്ലാത്ത പ്രദേശമായിരുന്നു ഈ ദ്വീപ്. എന്നാൽ കൊവിഡ് പകർച്ച തടയുന്നതിനുവേണ്ടി സ്വീകരിച്ചിരുന്ന സ്റ്റാൻഡേർഡ് ഓപ്പറേറ്റീംഗ് പ്രൊസീഡ്യുർ പ്രഫുൽ പട്ടേൽ ഒരു വിദഗ്ദാഭിപ്രായങ്ങളും മാനിക്കാതെ മാറ്റിയെഴുതി. ഫലമോ രണ്ടാം വ്യാപനത്തിന് ഇരിയായി ദ്വീപ് നിവാസികൾ.

പകർച്ചവ്യാധി പടർന്നു പിടിച്ച് മരണനിരക്ക് ആശങ്കാജനകമായി ഉയരുന്ന ഈ സാഹചര്യത്തിൽപ്പോലും ഇത്തരം അജണ്ടകളിൽ നിന്ന് ബിജെപി പിന്നോട്ടില്ല. ക്രൂരത എന്ന വിശേഷണമൊന്നും ഇക്കൂട്ടരുടെ യഥാർത്ഥ മാനസികാവസ്ഥയെ ഒരു ശതമാനം പോലും ഉൾക്കൊള്ളുന്നില്ല എന്ന് ഖേദപൂർവം പറയേണ്ടി വരും.
ലക്ഷദ്വീപ് നിവാസികളുടെ സ്വസ്ഥതയും സ്വൈരജീവിതവും തകർക്കാൻ എന്താണ് പ്രഫുൽ പട്ടേലിന് പ്രേരണയായത്? ഒറ്റ ഉത്തരമേയുള്ളൂ. ആ ജനതയിൽ 99 ശതമാനവും മുസ്ലിങ്ങളാണ്. അവരുടെ പരമ്പരാഗത വിശ്വാസവും ജീവിതരീതിയും ഭക്ഷണക്രമവും ആചാരമര്യാദകളും സംഘപരിവാറിനും പ്രഫുൽ പട്ടേലിനും ഉൾക്കൊള്ളാനാവുന്നില്ല. കേന്ദ്രഭരണാധികാരത്തിന്റെ ഹുങ്കിൽ, അതെല്ലാം ചവിട്ടിക്കുഴയ്ക്കാനാണ് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്.

പ്രതികാരവെറിയോടെയാണ് അഡ്മിനിസ്ട്രേറ്ററുടെ അഴിഞ്ഞാട്ടം. ഈ ജനത പ്രഫുൽ പട്ടേലിനോട് എന്തു ചെറ്റാണ് ചെയ്തത്? അവരുടെ ജീവിതോപാധികളും തൊഴിലുപകരണങ്ങളും തല്ലിത്തകർത്തതിന് എന്ത് ന്യായീകരണമുണ്ട്? കടപ്പുറത്ത് ഇതിനായി ഉണ്ടാക്കിയിരുന്ന ഷെഡ്ഡുകളെല്ലാം തീരദേശ നിയമലംഘമെന്നു മുദ്രകുത്തിയാണ് നീക്കം ചെയ്തത്.

സര്‍ക്കാര്‍ ഓഫീസുകളിൽ നിന്ന് തദ്ദേശീയരായ താൽക്കാലിക ജീവനക്കാരെ പിരിച്ചു വിടലാണ് അഡ്മിനിസ്ട്രേറ്ററുടെ പുതിയൊരു വിനോദം. അങ്കണവാടികൾപോലും അടഞ്ഞു കഴിഞ്ഞു.
ദ്വീപ് നിവാസികൾ കൂടുതൽ ആശ്രയിക്കുന്നത് ഏറ്റവും അടുത്തു കിടക്കുന്ന ബേപ്പൂർ തുറമുഖത്തെയാണ്. ഭാഷാപരവും സാംസ്കാരികമായ അടുപ്പവും കേരളക്കരയോടാണ്. പക്ഷെ പുതിയ ഉത്തരവു പ്രകാരം ഇനിമേൽ ബോട്ടുകളും പായ്ക്കപ്പലുകളുമെല്ലാം മംഗലാപുരത്തേയ്ക്കാണത്രേ പോകേണ്ടത്.
ഒരു ക്രമസമാധാനപ്രശ്നവും ഇല്ലാത്ത സ്ഥലത്ത് ഗുണ്ടാ ആക്ട്. മദ്യപിക്കുന്ന മനുഷ്യരില്ലാത്ത നാട്ടിൽ യഥേഷ്ടം മദ്യമൊഴുക്കാനുള്ള തീരുമാനം… കേൾക്കുമ്പോൾ തുഗ്ലക് പരിഷ്കാരമെന്നു തോന്നും. പക്ഷേ, ആലോച്ചുറപ്പിച്ചു തന്നെയാണ് കേന്ദ്രം നീങ്ങുന്നത്. മുസ്ലിം വിദ്വേഷമാണ് ചുഴലിക്കാറ്റായി ആഞ്ഞു വീശുന്നത്. അത് വ്യക്തമാണ്.

അദാനിയെപ്പോലുള്ള വമ്പൻ കുത്തകകളുടെ ടൂറിസം കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനു പരിപാടിയുണ്ടെന്നും കേൾക്കുന്നു. ആൻഡമാൻ നിക്കോബാറിലെ ചില ദ്വീപുകൾ ഇതിനകം ടൂറിസം നിക്ഷേപത്തിനു തുറന്നുകൊടുത്തുവെന്നും കേൾക്കുന്നു. ഇതിനൊക്കെയുള്ള കേളികൊട്ടാണോ ഈ ഭ്രാന്തൻ നടപടികളെന്നും സംശയിക്കേണ്ടിയിരിക്കുന്നു.
രാജ്യം മാത്രമല്ല, ലോകം ഒറ്റക്കെട്ടായി ലക്ഷദ്വീപ് ജനതയ്ക്കൊപ്പം നിൽക്കേണ്ട സാഹചര്യമാണ്. ഈ നയങ്ങൾ തിരുത്തുക തന്നെ വേണം. ജനങ്ങളെ ശത്രുപക്ഷത്തു നിർത്തിയും അവരെ വേട്ടയാടുക എന്ന ലക്ഷ്യത്തോടെയും കൊണ്ടുവന്ന ഭരണപരിഷ്കാര നടപടികൾക്ക് അറബിക്കടലിലാണ് സ്ഥാനം.

Story Highlights: Thomas Isaac supports Lakshadweep

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here