തരുൺ തേജ്പാലിനെ വെറുതെവിട്ട ഉത്തരവിനെതിരെ ഗോവ സർക്കാർ

സഹപ്രവർത്തകയെ പീഡിപ്പിച്ചെന്ന കേസിൽ തെഹൽക മുൻ എഡിറ്റർ തരുൺ തേജ്പാലിനെ വെറുതെ വിട്ട ഉത്തരവിനെതിരെ ബോംബെ ഹൈക്കോടതിയെ സമീപിച്ച് ഗോവ സർക്കാർ. ഗോവ മപുസയിലെ അഡിഷണൽ സെഷൻസ് കോടതി നടപടിക്കെതിരെ ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ചിലാണ് അപ്പീൽ സമർപ്പിച്ചത്.
മൂന്ന് തവണ വിധി പറയാൻ പരിഗണിച്ച കേസിലാണ് ദിവസങ്ങൾക്കു മുൻപ് വിധി പ്രഖ്യാപിച്ചത്. കഴിഞ്ഞ മൂന്ന് തവണ വിധി പറയാൻ കേസ് പരിഗണിച്ചെങ്കിലും വിവിധ കാരണങ്ങളാൽ മാറ്റുകയായിരുന്നു. ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്ന് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട സാഹചര്യത്തിലാണ് കഴിഞ്ഞതവണ കേസ് മാറ്റിയത്.
2013 നവംബറിൽ ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ ലിഫ്റ്റിൽ സഹപ്രവർത്തകയെ പീഡിപ്പിച്ചുവെന്നാണ് തരുൺ തേജ്പാലിനെതിരെയുള്ള കേസ്. 2014 ഫെബ്രുവരിയിൽ 2846 പേജുള്ള കുറ്റപത്രം ഗോവ ക്രൈം ബ്രാഞ്ച് സമർപ്പിച്ചു. കുറ്റവിമുക്‌തനാക്കണമെന്ന തരുൺ തേജ്പാലിന്റെ ആവശ്യം സുപ്രിംകോടതി നേരത്തെ തള്ളിയിരുന്നു. സിസിടിവി ദൃശ്യങ്ങൾ അടക്കം ചൂണ്ടിക്കാട്ടി നിരപരാധിയാണെന്ന് തരുൺ തേജ്‌പാൽ വാദിച്ചെങ്കിലും സുപ്രിംകോടതി കടുത്ത നിലപാട് സ്വീകരിച്ചു. ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. ഇരയുടെ സ്വകാര്യതയ്ക്ക് നേരെയുള്ള അതിക്രമമാണ് കുറ്റം. സദാചാരത്തിന് വിരുദ്ധമായ പെരുമാറ്റമാണ് തരുൺ തേജ്പാലിൽ ആരോപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ കേസിൽ നിന്ന് കുറ്റവിമുക്‌തനാക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്‌തമാക്കിയിരുന്നു.
Story Highlights: Goa moves Bombay High Court against Tarun Tejpal’s acquittal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here