അലോപ്പതി വിരുദ്ധ പരാമർശം; രാംദേവിനെതിരെ 1000 കോടിയുടെ മാനനഷ്ടക്കേസ്

ആധുനിക വൈദ്യശാസ്ത്രത്തിനെതിരായ പരാമർശത്തിൽ ബാബാ രാംദേവിനെ വിടാതെ ഐ എം എ. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഉത്തരാഖണ്ഡ് യൂണിറ്റ് 1000 കോടിയുടെ മാനനഷ്ട നോട്ടീസ് അയച്ചു.
തന്റെ അലോപ്പതി വിരുദ്ധ പരാമർശം ശരിയല്ലെന്ന് പറയുന്ന വീഡിയോ പോസ്റ്റ് ചെയ്യുകയോ, രേഖാമൂലം ഖേദപ്രകടനം നടത്തുകയോ ചെയ്യണമെന്ന് നോട്ടീസിൽ ആവശ്യപെടുന്നു. 15 ദിവസത്തെ സമയം അനുവദിക്കുമെന്നും അല്ലാത്തപക്ഷം 1000 കോടി രൂപ നൽകണമെന്നും നോട്ടീസിൽ പറയുന്നു.
അലോപ്പതി മരുന്നുകൾ കാരണം ലക്ഷക്കണക്കിന് ആളുകൾ മരിച്ചുവെന്നും ചികിത്സയോ ഓക്‌സിജനോ ലഭിക്കാതെ മരിച്ചവരേക്കാൾ വളരെ കൂടുതലാണ് അതെന്നുമുള്ള പരാമർശമാണ് വിവാദമായത്. പിന്നാലെ വ്യാപക വിമർശനം ഉണ്ടാകുകയും കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർദ്ധൻ പരാമർശം പിൻവലിക്കാൻ ആവശ്യപ്പെട്ട് രാംദേവിന് കത്തയക്കുകയും ചെയ്തിരുന്നു.
തുടർന്ന് പരാമർശങ്ങൾ പിൻവലിക്കുന്നുവെന്ന് രാംദേവ് ട്വീറ്റ് ചെയ്തു. എന്നാൽ അദ്ദേഹം ഖേദം പ്രകടിപ്പിക്കാൻ തയ്യാറായിരുന്നില്ല. രാംദേവിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ഐഎംഎ പരാതി നൽകിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here