അതിരുകവിഞ്ഞ സുരക്ഷാബോധം അരുത്; വാക്സിൻ എടുത്തവരിലും രോഗബാധയുണ്ടാവാമെന്ന് മുഖ്യമന്ത്രി

കൊവിഡ് പ്രതിരോധ വാക്സിൻ എടുത്തവർക്ക് അതിരുകവിഞ്ഞ സുരക്ഷാബോധം വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാക്സിൻ സ്വീകരിച്ചവർക്ക് രോഗം വന്നാലും രൂക്ഷത കുറവായിരിക്കും എന്നേയുള്ളൂ. വാക്സിൻ എടുത്തവരിലും രോഗബാധയുണ്ടാവാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇവർ രോഗവാഹകരായി മാറാനും സാധ്യതയുണ്ട്. ആശുപത്രികളിൽ പോകുന്നതിൽ ബുദ്ധിമുട്ടുകൾ നേരിടുന്നതിനാൽ സർക്കാരിന്റെ ഇ സജ്ഞീവനി ആപ്പ് വഴി ടെലിമെഡിസൻ സൗകര്യം ഉപയോഗപ്പെടുത്തി ചികിത്സ തേടേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.
കൊവിഡ് ബാധിച്ച് മരണമടയുന്നവരുടെ മൃതദേഹങ്ങൾ മാറ്റുന്നതിലും സംസ്‌കരിക്കുന്നതിലും പ്രത്യേക ശ്രദ്ധ പുലർത്തണം. മരണമടയുന്നവരെ ഉടൻ തന്നെ വാർഡുകളിൽ നിന്നു മാറ്റാൻ സംവിധാനമുണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം സെക്രട്ടറിയറ്റിൽ ഈ മാസം 31 മുതൽ 50 ശതമാനം ജീവനക്കാർ ഹാജരാകണം. നിയമസഭാ സമ്മേളനം നടക്കുന്ന സാഹചര്യത്തിൽ എല്ലാ വകുപ്പുകളിലെയും പാർലമെന്ററി സെക്ഷനിലെ ഉദ്യോഗസ്ഥരും അണ്ടർ സെക്രട്ടറി മുതൽ സെക്രട്ടറി വരെ ഉള്ളവരും മെയ് 28 മുതൽ പ്രവർത്തി ദിവസങ്ങളിൽ ഓഫീസുകളിൽ ഹാജരാകണമെന്നും അദ്ദേഹം അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here