കൊവിഡ് പ്രതിസന്ധി; ചൈനയിലേക്ക് പഠനത്തിനായി മടങ്ങിപ്പോകാന്‍ സാധിക്കാതെ മലയാളി എംബിബിഎസ് വിദ്യാര്‍ത്ഥികള്‍

ചൈനയിലെ മലയാളി എംബിബിഎസ് വിദ്യാര്‍ത്ഥികളുടെ പഠനം കൊവിഡ് പ്രതിസന്ധിക്കിടെ അനിശ്ചിതത്വത്തില്‍. ഒന്നര വര്‍ഷം മുമ്പ് അവധിക്ക് നാട്ടിലെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇതുവരെ മടങ്ങിപ്പോകാന്‍ സാധിച്ചിട്ടില്ല. സംസ്ഥാനത്തെ നൂറ് കണക്കിന് വിദ്യാര്‍ത്ഥികളാണ് നിലവില്‍ മടക്കയാത്രയ്ക്ക് അവസരം കാത്ത് കഴിയുന്നത്.
ചൈനയിലെ വിവിധ യൂണിവേഴ്സ്റ്റികളിലായി ആയിരക്കണക്കിന് മലയാളി എംബിബിഎസ് വിദ്യാര്‍ത്ഥികളാണ് പഠനം നടത്തുന്നത്. ഭൂരിഭാഗവും വാര്‍ഷിക അവധിയേ തുടര്‍ന്ന് കഴിഞ്ഞ ഡിസംബര്‍, ജനുവരി മാസങ്ങളിലായി നാട്ടിലെത്തിയിരുന്നു. ചൈനയില്‍ കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് നിരവധി വിദ്യാര്‍ത്ഥികളെ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് നാട്ടിലെത്തിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇവരില്‍ 90 ശതമാനം പേര്‍ക്കും ഇതുവരെ പഠനം തുടരുന്നതിനായി തിരിച്ചു പോകാനായിട്ടില്ല.
കഴിഞ്ഞ വര്‍ഷം പുതുതായി കോഴ്‌സിന് ചേര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്കടക്കം ഒരു അദ്ധ്യായന വര്‍ഷമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് ആകട്ടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഉള്‍പ്പടെ കടമ്പകള്‍ ഏറെയാണ്. കുട്ടികളുടെ പഠനം അനിശ്ചിതത്വത്തിലായതോടെ മാതാപിതാക്കളും ആശങ്കയിലാണ്. വിഷയം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കടക്കം കത്തയച്ചിട്ടും ഇതുവരെ നടപടി ഉണ്ടായില്ല. പുതിയ വിസ ലഭിക്കുന്നതിന് വിദേശ മന്ത്രാലയത്തിന്റെ ഇടപെടല്‍ വേണമെന്നും വിഷയവുമായി ബന്ധപ്പെട്ട് ചൈനീസ് ഗവണ്‍മെന്റുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തണമെന്നുമാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.
Story Highlights: china, mbbs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here