തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം സംഘടനാ ദൗർബല്യം: രമേശ് ചെന്നിത്തല

തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം സംഘടനാ ദൗർബല്യമെന്ന് രമേശ് ചെന്നിത്തല. സർക്കാരിൻ്റെ അഴിമതികൾ താഴേത്തട്ടിലേക്കെത്തിക്കാൻ കഴിഞ്ഞില്ല. ബൂത്ത് തലം മുതൽ പ്രവർത്തനം നിർജീവമായിരുന്നു. സ്ഥാനാർത്ഥികളുടെ സ്ലിപ്പ് നൽകാൻ പോലും ആളില്ലാത്ത സ്ഥിതിയാണ് ഉണ്ടായിരുന്നത് എന്നും അശോക് ചവാൻ സമിതിക്ക് മുന്നിൽ ചെന്നിത്തല വിശദീകരണം നൽകി.
പ്രതിപക്ഷ നേതാവ് എന്ന നിലയിൽ താൻ പരമാവധി പ്രവർത്തിച്ചു. എന്നാൽ പാർട്ടിയിൽ നിന്ന് വേണ്ടത്ര പിന്തുണ ലഭിച്ചില്ല. കോവിഡും പ്രളയവും തിരിച്ചടിയായി. സിപിഎം പാര്‍ട്ടി പ്രവര്‍ത്തകരെ കോവിഡ് സന്നദ്ധപ്രവര്‍ത്തകരാക്കി പ്രചാരണം നടത്തി. സിഎഎ ഉള്‍പ്പെടെയുള്ള കേന്ദ്രപ്രഖ്യാപനങ്ങള്‍ എൽഡിഎഫ് അനുകൂല ന്യൂനപക്ഷവികാരമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന് സാധ്യതയുള്ള മണ്ഡലങ്ങളില്‍ ബിജെപി സിപിഎമ്മിന് വോട്ട് മറിച്ചുവെന്നും ചെന്നിത്തല വിശദീകരിച്ചു.
തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. ഓരോ പരാജയങ്ങളും പുതിയ പുതിയ പാഠങ്ങളാണ് പഠിപ്പിക്കുന്നത്. തെറ്റുകൾ തിരുത്തി മുന്നോട്ടുപോകുകയാണ് വേണ്ടത്. കോൺഗ്രസിനെയും യുഡിഎഫിനെയും തിരികെ കൊണ്ടുവരാനുള്ള പോരാട്ടത്തിൽ മുന്നിൽത്തന്നെ ഉണ്ടാകും. പ്രതിസന്ധി ഘട്ടത്തിൽ എല്ലാവരും ഒറ്റക്കെട്ടായി ഒരുമിച്ചു നിൽക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Story Highlights: Ramesh Chennithala critizices congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here