ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി സാങ്കേതിക സര്‍വകലാശാല

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഓണ്‍ലൈനിലേക്ക് മാറിയ അദ്ധ്യായനം വിദ്യാര്‍ത്ഥി സൗഹൃദമാക്കുവാന്‍ ഉതകുന്ന നിര്‍ദേശങ്ങളുമായി സാങ്കേതിക സര്‍വകലാശാല. ഓണ്‍ലൈന്‍ ക്ലാസുകളുടെ നടത്തിപ്പിനെ സംബന്ധിച്ച് വിദ്യാര്‍ത്ഥി സംഘടനകള്‍ നല്‍കിയ നിവേദനങ്ങള്‍ പരിഗണിച്ച് സിന്റിക്കേറ്റിന്റെ അക്കാഡമിക്, സ്റ്റുഡന്റ് വെല്‍ഫെയര്‍ ഉപസമിതികള്‍ നല്‍കിയ ശുപാര്‍ശകള്‍ വൈസ് ചാന്‍സലര്‍ ഡോ.എം എസ് രാജശ്രീ അംഗീകരിച്ചു.
ജൂണ്‍ മാസം ആരംഭിക്കുന്ന എല്ലാ അക്കാദമിക് സെഷനുകളും ഓണ്‍ലൈനായി തുടരും. രാവിലെ 8.30 ന് ആരംഭിക്കുന്ന ഓണ്‍ലൈന്‍ ക്ലാസുകളുടെ പരമാവധി ദൈര്‍ഘ്യം ദിവസം 5 മണിക്കൂറായി നിജപ്പെടുത്തി. വിവിധ ക്ലാസ് സെഷനുകള്‍ തമ്മില്‍ കുറഞ്ഞത് 10 മിനിറ്റെങ്കിലും ദൈര്‍ഘ്യമുള്ള ഇടവേളകള്‍ ഉണ്ടാകണം. എന്നാല്‍ ഹോണേഴ്‌സ്, മൈനര്‍ ഡിഗ്രികള്‍ക്കുള്ള ക്ലാസുകള്‍ക്ക് ഒരു മണിക്കൂര്‍ അധിക സമയം അനുവദനീയമാണ്. അവസാന സെമസ്റ്റര്‍ ഒഴികെയുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ ആഴ്ചയില്‍ അഞ്ച് ദിവസം നടത്താനാണ് അനുമതി. അവധി ദിവസങ്ങളില്‍ ക്ലാസുകള്‍ ഒഴിവാക്കണം.
ഓണ്‍ലൈന്‍ ക്ലാസുകളുടെ പൂര്‍ണമായ സമയക്രമം കോളജ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണം. തത്സമയ ക്ലാസുകള്‍ക്കൊപ്പം അനുബന്ധ പഠന സംവിധാനങ്ങളും ക്രമപ്പെടുത്തണം. ക്ലാസുകള്‍ക്കായി സജ്ജമാകാനായുള്ള പഠന വിഡിയോകളും പാഠ്യസഹായികളും മറ്റും വിദ്യാര്‍ത്ഥികള്‍ക്ക് നേരത്തെ നല്‍കണം. ക്ലാസുകളില്‍ വിദ്യാര്‍ത്ഥികളുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്തുന്ന ‘ഫ്‌ളിപ്പ് ക്ലാസ്‌റൂം’, ‘ആക്റ്റീവ് ലേര്‍ണിംഗ്’ തുടങ്ങിയ അധ്യാപന രീതികള്‍ പ്രോത്സാഹിപ്പിക്കണം.
Read Also : ഓണ്‍ലൈന്‍ തൊഴില്‍ തട്ടിപ്പുകളെ എങ്ങനെ തിരിച്ചറിയാം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയുടെ അപര്യാപ്ത മൂലം ക്ലാസുകളില്‍ പങ്കെടുക്കുവാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികളുമായി അധ്യാപകരും വകുപ്പ് അധ്യക്ഷന്മാരും ബന്ധപ്പെടണം. ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുവാന്‍ കഴിയാതെ പോകുന്ന വിദ്യാര്‍ത്ഥികളുടെയും തുടര്‍പഠനം കോളജ് അധികാരികള്‍ ഉറപ്പ് വരുത്തണം. ഓണ്‍ലൈന്‍ ഹാജര്‍ സംബന്ധിച്ച വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികളോട് അനുഭാവപൂര്‍വമായ സമീപനം കൈക്കൊള്ളണം.
മാനസികാരോഗ്യം, മാനസിക സൗഖ്യം, വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ക്ഷേമവും സംതൃപ്തിയും, എന്നിവ ഉറപ്പുവരുത്തുന്നതിന് എല്ലാ കോളജുകളും കൗണ്‍സിലിംഗ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം. യൂണിവേഴ്‌സിറ്റി തലത്തിലും ഇത്തരം കൗണ്‍സിലിംഗ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും.
ആഭ്യന്തര മൂല്യനിര്‍ണയത്തിനായി അധ്യായന മൂല്യനിര്‍ണയ രീതികളായ ഓപ്പണ്‍ ബുക്ക്, ആപ്ലിക്കേഷന്‍, ടാസ്‌കുകള്‍, വാചാപരീക്ഷകള്‍, മിനിപ്രൊജെക്ടുകള്‍, ഒബ്ജക്ടീവ് മള്‍ട്ടിപ്പിള്‍ ടൈപ്പ് ചോദ്യങ്ങള്‍, റൂബ്രിക്‌സ്, തുടങ്ങിയവ കൂടാതെ മറ്റു നൂതന മാര്‍ഗങ്ങളും ഉപയോഗിക്കുവാനുള്ള സ്വാതന്ത്ര്യം അധ്യാപകര്‍ക്കും കോളജുകള്‍ക്കും നല്‍കിയിട്ടുണ്ട്. അവസാന സെമസ്റ്റര്‍ വിദ്യാര്‍ത്ഥികളുടെ പ്രോജക്റ്റുകള്‍/തീസിസ് മൂല്യനിര്‍ണയത്തിനും ഇത്തരം നൂതനങ്ങളായ മാര്‍ഗങ്ങള്‍ കോളജുകള്‍ക്ക് കൈക്കൊള്ളാം.
കൊവിഡ് വ്യാപനം സൃഷ്ടിക്കുന്ന സാമൂഹ്യ വെല്ലുവിളികള്‍ നേരിടാനുള്ള സാങ്കേതിക വിദ്യകള്‍ രൂപീകരിക്കുവാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കണം. മെഡിക്കല്‍, മെറ്റീരിയല്‍, ലോജിസ്റ്റിക് മേഖലകളിലെ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പ്രൊഫഷണല്‍ ബോഡികളുടെയും ഇന്നൊവേഷന്‍ സെന്ററുകളുടേയും സഹകരണത്തോടെ നൂതന ആശയങ്ങള്‍ വികസിപ്പിച്ചെടുക്കുവാനും സര്‍വകലാശാല കോളജുകളോട് നിര്‍ദേശിച്ചു.
Story Highlights: online class, kerala technical university
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here