Advertisement

കൊവിഡ് വാക്‌സിന്‍ നിര്‍മാണ കമ്പനികളില്‍ നിന്ന് നേരിട്ട് വാങ്ങാം; വ്യവസായ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ കമ്പനികള്‍ക്കും അനുമതിയേകി ആരോഗ്യ വകുപ്പ്

May 27, 2021
Google News 1 minute Read
covid vaccine

സ്വകാര്യ ആശുപത്രികള്‍ക്ക് പിന്നാലെ വ്യവസായ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ കമ്പനികള്‍ക്കും നിര്‍മാണ കമ്പനികളില്‍ നിന്ന് കൊവിഡ് വാക്‌സിന്‍ നേരിട്ട് വാങ്ങാന്‍ അനുമതി നല്‍കി ആരോഗ്യ വകുപ്പ്. സ്വകാര്യ ആശുപത്രികള്‍ക്കും ആശുപത്രികളുമായി ധാരണയുണ്ടാക്കിയിട്ടുള്ള വ്യവസായ സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കുമാണ് വാക്‌സിന്‍ നേരിട്ട് വാങ്ങാന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് അനുമതി നല്‍കിയിരിക്കുന്നത്. ആശുപത്രികളുമായി ധാരണയുണ്ടാക്കിയിട്ടില്ലാത്ത വ്യവസായ സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും പ്രത്യേക വാക്സിന്‍ വിതരണ കേന്ദ്രമായി രജിസ്റ്റര്‍ ചെയ്യാം. ഇത് സംബന്ധിച്ച അപേക്ഷ സ്ഥാപനങ്ങള്‍ ജില്ലാ ആരോഗ്യ വിഭാഗത്തിന് സമര്‍പ്പിക്കണം.

മുന്‍കൂര്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ മാനദണ്ഡത്തില്‍ സ്വകാര്യ ആശുപത്രികള്‍ വാങ്ങുന്ന വാക്‌സിന്‍ 18നും 45നും ഇടയിലുള്ളവര്‍ക്ക് നല്‍കാം. സ്പോട്ട് രജിസ്ട്രേഷന്‍ അനുവദിക്കില്ല. 45ന് മുകളില്‍ പ്രായമുളള വിഭാഗക്കാര്‍ക്കും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്.

അതേസമയം ആദ്യ ഡോസ് കൊവാക്‌സിന്‍ സ്വീകരിച്ച 45ന് മുകളില്‍ പ്രായമുള്ളവര്‍ക്ക് രണ്ടാം ഡോസ് ലഭിക്കാന്‍ കാത്തിരിക്കേണ്ട അവസ്ഥയാണ്. ഈ വിഭാഗത്തിന് വിതരണം ചെയ്യാന്‍ കേന്ദ്രം നല്‍കിയതില്‍ 1550 ഡോസ് കൊവാക്‌സിന്‍ മാത്രമാണ് മിച്ചമുള്ളത്. അതേസമയം സംസ്ഥാന സര്‍ക്കാര്‍ നേരിട്ടു വാങ്ങിയ 1,20,520 ഡോസ് കൊവാക്‌സിന്‍ സ്റ്റോക്കുണ്ട്.

പ്രതിദിന രോഗബാധിതരുടെ എണ്ണം മുപ്പതിനായിരത്തില്‍ താഴെയായതും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിന് താഴേക്ക് എത്തിയതും ആശ്വാസം നല്‍കുന്നു. കര്‍ശന ജാഗ്രത തുടര്‍ന്നാല്‍ മൂന്നാഴ്ചയോടെ രോഗവ്യാപനം പിടിച്ചു നിര്‍ത്താനാകുമെന്നാണ് വിലയിരുത്തല്‍. അതിനാല്‍ ലോക്ക് ഡൗണ്‍ ഒറ്റയടിക്ക് പിന്‍വലിക്കില്ല. ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങള്‍ നിറവേറ്റുന്നതിന് തുറന്നു കൊടുക്കാനാകുന്ന മേഖലകള്‍ക്ക് മാത്രം ഇളവ് നല്‍കി കര്‍ശന നിയന്ത്രണങ്ങള്‍ തുടരാനാണ് തീരുമാനം.

Story Highlights: covid 19, coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here