Advertisement

കെ.കെ ശൈലജയെ മാറ്റിയതിൽ സിപിഐഎം വിശദീകരണം; ഒരാൾക്ക് ഇളവ് നൽകിയാൽ എല്ലാവർക്കും നൽകേണ്ടിവരും

May 27, 2021
Google News 1 minute Read

രണ്ടാം പിണറായി മന്ത്രിസഭയിൽ കെ.കെ ശൈലജയെ ഒഴിവാക്കിയതിൽ വിശദീകരണവുമായി സിപിഐഎം. പാർട്ടി മുഖപത്രമായ ദേശാഭിമാനിയിൽ സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിള്ള എഴുതിയ ലേഖനത്തിലാണ് ഒരാൾക്ക് മാത്രമായി ഇളവ് നൽകാനാകില്ലെന്ന് വ്യക്തമാക്കിയത്.

എംഎൽഎമാരിലും മന്ത്രിമാരിലും ഏതെങ്കിലും ഒരാൾക്കോ കുറേപ്പേർക്കോ മാത്രമായി സംസ്ഥാന കമ്മിറ്റി നിശ്ചയിച്ച മാനദണ്ഡങ്ങളിൽ നിന്ന് ഇളവ് നൽകേണ്ടന്ന് സംസ്ഥാന കമ്മിറ്റിയുടെ ഏകകണ്‌ഠേനയുള്ള തീരുമാനമാണ്. ഇളവ് നൽകിയാൽ 26 എംഎൽഎമാർക്കും 11 മന്ത്രിമാർക്കും ഇളവ് നൽകേണ്ടി വരുമായിരുന്നു.അങ്ങനെയെങ്കിൽ പുതുതായി ഒരു മന്ത്രിയെയും പുതിയ മന്ത്രിസഭയിൽ എടുക്കാൻ കഴിയുമായിരുന്നില്ല. എംഎൽഎമാരുടെ പുതുനിരയും ഉണ്ടാകുമായിരുന്നില്ല എന്ന് ലേഖനത്തിൽ വിശദീകരിക്കുന്നു.

പാർട്ടിയുടെ നിലവിലുണ്ടായിരുന്ന 59 എംഎൽഎമാരിൽ 26 പേർ രണ്ടുതവണതുടർച്ചയായി വിജയിച്ച് എംഎൽഎമാരായി തുടരുന്നവരായിരുന്നു. സ്ഥാനാർത്ഥിത്വം വീണ്ടും ലഭിക്കാത്ത ഈ 26 പേരിൽ അഞ്ചുപേർ മന്ത്രിമാരുമായിരുന്നു. മന്ത്രിസഭാ രൂപീകരണ ഘട്ടത്തിൽ തന്നെ കേന്ദ്ര കമ്മിറ്റി അംഗമായ കെ.കെ ശൈലജ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.പി രാമകൃഷ്ണൻ, എം.എം മണി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ.സി മൊയ്തീൻ, കടകംപള്ളി സുരേന്ദ്രൻ എന്നിവർ പുതിയ മന്ത്രിസഭയിൽ തുടരേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു.

ആരെയെങ്കിലും പ്രത്യേകമായി പരിഗണിച്ചാൽ ചിലരുടെ മാത്രം പ്രവർത്തനം അംഗീകരിക്കപ്പെടാൻ ഇടയുണ്ട്. അത് പാർട്ടിക്കുള്ളിലും ജനങ്ങൾക്കിടയിലും തെറ്റിദ്ധാരണയും അനൈക്യവും വളർത്താൻ ഇടയാക്കും. അതിനാലായിരുന്നു അത്തരമൊരു തീരുമാനം. പ്രധാനപ്പെട്ട പാർട്ടി സ്ഥാനങ്ങളിലേക്കും പാർലമെന്ററി സ്ഥാനങ്ങളിലേക്കും കഴിവുള്ളവർക്ക് കടന്നുവരുന്നതിന് പുതിയ അവസരം ലഭിക്കും. പാർട്ടി തുടർച്ചയായി പുതുക്കപ്പെടാൻ ഇത്തരം മാറ്റങ്ങൾ സഹായിക്കുമെന്നും ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ എസ്.രാമചന്ദ്രൻപിള്ള വിശദീകരിക്കുന്നു.

Story Highlights: cpim, s ramachandran pillai

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here