എസ്‌സി/എസ്ടി വിഭാഗത്തിന് അനുവദിച്ച പെട്രോള്‍ പമ്പുകളും ഗ്യാസ് ഏജന്‍സികളും തട്ടിയെടുത്ത് മറ്റ് സമുദായക്കാര്‍; വന്‍തട്ടിപ്പ്
സംസ്ഥാനത്ത് സാമൂഹികമായി പിന്നോക്കം നില്‍ക്കുന്ന പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കായി സംവരണത്തിലൂടെ അനുവദിച്ച പെട്രോള്‍ പമ്പുകളും ഗ്യാസ് ഏജന്‍സികളും മറ്റു സമുദായക്കാര്‍ തട്ടിയെടുത്തു. സംസ്ഥാനത്തെ നൂറോളം പെട്രോള്‍ പമ്പുകളും ഗ്യാസ് ഏജന്‍സികളുമാണ് യഥാര്‍ത്ഥ ഉടമകള്‍ക്ക് നഷ്ടപ്പെട്ടത്.
ഇവരെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായിട്ടാണ് പെട്രോള്‍ പമ്പുകളും ഗ്യാസ് ഏജന്‍സികളും അനുവദിച്ചത്. പൊതുവായി പമ്പുകള്‍ അനുവദിക്കുമ്പോള്‍ അതില്‍ നിശ്ചയിച്ചിട്ടുള്ള സംവരണത്തിലൂടെയാണ് ഇവര്‍ക്ക് ഡീലര്‍ഷിപ്പ് നല്‍കുക.
മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് സ്ഥലം മാത്രം കണ്ടെത്തി നല്‍കിയാല്‍ മതി. പിന്നീട് അഞ്ചു പൈസ പോലും ചെലവില്ല. പമ്പിനുള്ള മറ്റെല്ലാ സൗകര്യങ്ങളും ഒരുക്കുന്നത് ഓയില്‍ കമ്പനികളാണ്. സാമ്പത്തികമായി പിന്നോക്കമായതിനാല്‍ പമ്പ് നടത്തിക്കൊണ്ടു പോകാനുള്ള ധനം ശേഖരിക്കാന്‍ പമ്പിന്റെ 25 ശതമാനം ഓഹരി പുറത്തുനല്‍കാമെന്ന് കേന്ദ്രം വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതു മുതലെടുത്താണ് തട്ടിപ്പ്.
Read Also : ചെല്ലങ്കാവ് മദ്യ ദുരന്തം; പുറത്തു നിന്ന് മദ്യമെത്തിച്ചവരെക്കുറിച്ച് അന്വേഷിക്കണമെന്ന് എസ്‌സി/എസ്ടി കമ്മീഷൻ
ഓഹരി നല്‍കിക്കഴിഞ്ഞാല്‍ പിന്നെ പട്ടികജാതിക്കാര്‍ പടിക്ക് പുറത്താണ്. പമ്പില്‍ കയറാന്‍ പോലും ഇവര്‍ക്ക് അനുമതിയില്ല. പകരം 25 ശതമാനം ഷെയര്‍ നല്‍കിയവരാകും പമ്പ് നിയന്ത്രിക്കുക. പമ്പില്‍ നിന്നുള്ള വരുമാനമെല്ലാം ഇവര്‍ കൈക്കലാക്കും. എതിര്‍ ശബ്ദം ഉയര്‍ത്തിയാല്‍ പിന്നീട് ഗുണ്ടകളുടെ ഭീഷണിയാണ്. ഇങ്ങനെ നഷ്ടപ്പെട്ടത് നൂറോളം പമ്പുകളും ഗ്യാസ് ഏജന്‍സികളുമാണ്. കൃത്രിമ രേഖ ചമച്ചാണ് അനര്‍ഹര്‍ ഇവ സ്വന്തമാക്കുന്നത്.
പൊലീസില്‍ പരാതി നല്‍കാന്‍ ആരെങ്കിലും മുതിര്‍ന്നാല്‍ പമ്പിന്റെ പ്രവര്‍ത്തനം നിര്‍ത്തും. ഇതോടെ ഓയില്‍ കമ്പനി പമ്പ് ഏറ്റെടുക്കുകയും ജനറല്‍ കാറ്റഗറിയിലേക്ക് മാറ്റുകയും ചെയ്യും. പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായി തുടങ്ങിയ പദ്ധതിയിലൂടെ പിന്നോക്ക വിഭാഗക്കാര്‍ ഏറ്റവും വലിയ ചൂഷണത്തിനു വിധേയമാകുന്ന കാഴ്ചയാണിത്. എഴുത്തും വായനയും അറിയാത്ത ഇവരുടെ ഗതികേടിനെ മുതലെടുത്ത് ചോര ഊറ്റിക്കുടിച്ച് കീശ വീര്‍പ്പിക്കുകയാണ് ഒരു വിഭാഗം.
Story Highlights: sc/st, petrol bunk, gas agency
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here