ലക്ഷദ്വീപിൽ കൂട്ട സ്ഥലം മാറ്റം; ഫിഷറീസ് വകുപ്പിൽ 39 ഉദ്യോഗസ്ഥരെ മാറ്റി

ലക്ഷദ്വീപിൽ വിവാദ നടപടികൾ തുടർന്ന് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേൽ. ഫിഷറീസ് വകുപ്പിൽ കൂട്ട സ്ഥലം മാറ്റത്തിന് ഉത്തരവ് പുറത്തിറക്കി. 39 ഉദ്യോഗസ്ഥരെയാണ് അടിയന്തരമായി സ്ഥലം മാറ്റണമെന്ന് ഉത്തരവിട്ടിരിക്കുന്നത്. ഇവരെ വ്യത്യസ്ത ദ്വീപുകളിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. നടപടി എത്രയും പെട്ടെന്ന് നടപ്പാക്കണമെന്ന് ഉത്തരവിൽ ആവശ്യപെടുന്നു.
കഴിഞ്ഞ ദിവസം കാര്യക്ഷമതയില്ലാത്ത ജീവനക്കാരുടെ പട്ടിക തയ്യാറാക്കാൻ അഡ്മിനിസ്‌ട്രേറ്റർ നിർദേശിച്ചിരുന്നു. കരാർ ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെയായിരുന്നു നടപടി. എല്ലാ നിയമന രീതികളും പുനപരിശോധിക്കുമെന്നും അഡ്മിനിസ്‌ട്രേറ്റർ അറിയിച്ചിരുന്നു. ദ്വീപിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കടുത്ത തീരുമാനവുമായി അഡ്മിനിസ്ട്രേറ്റർ നീങ്ങുന്നത്.
സാധാരണ 3 വർഷത്തിലൊരിക്കൽ ദ്വീപിൽ ചില ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നത് പതിവാണ്. എന്നാൽ ഇപ്പോൾ മിക്ക ദ്വീപിലെയും ഉന്നത ഉദ്യോഗസ്ഥരെയെല്ലാം സ്ഥലം മാറ്റിയിരിക്കുകയാണ്. ഇവരോട് അടിയന്തരമായി സ്ഥാനമൊഴിഞ്ഞ് പുതിയ ചുമതലകൾ ഏറ്റെടുക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here