കനത്ത മഴയില്‍ പത്തനംതിട്ടയിലെ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു

കനത്ത മഴയില്‍ പത്തനംതിട്ടയിലെ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു. പമ്പ , അച്ചന്‍കോവില്‍ നദികളില്‍ ജലനിരപ്പ് അപകടനിലക്കും മുകളിലാണ്.മഴ തുടര്‍ന്നാല്‍ രണ്ടുദിവസത്തിനകം കുട്ടനാട് വീണ്ടും വലിയ വെള്ളപ്പൊക്കത്തെ നേരിടേണ്ടി വരും. ജില്ലയിലെ ഡാമുകളുടെ വൃഷ്ടിപ്രദേശങ്ങളിലും മഴ ശക്തമാണ്. മൂഴിയാര്‍ ഡാമില്‍ ജലനിരപ്പുയര്‍ന്നതിനാല്‍ തുറന്നുവിടാന്‍ സാധ്യതയുള്ളത് കണക്കിലെടുത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
റാന്നി കുരുമ്പൻമൂഴി കോസ്വേയില് വെള്ളം പൊങ്ങിയതിനാല്‍ ഒറ്റപ്പെട്ട കുരുമ്പൻമൂഴി നിവാസികളെ കാണാന്‍ ആന്റോ ആന്റണി എം.പിയും അഡ്വ.പ്രമോദ് നാരായണന് എം.എല്‍.എയും എത്തി. അടിയന്തര സാഹചര്യമുണ്ടായാല്‍ എന്‍.ഡി.ആര്.എഫിന്റെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് ഇരുവരും പറഞ്ഞു.
ജലനിരപ്പ് അപകടനിലക്ക് മുകളില്‍ ഉയര്‍ന്ന സാഹചര്യത്തില്‍ വെള്ളംകയറാന്‍ സാധ്യതയുള്ള മേഖലകളില്‍ വസിക്കുന്നവര്‍ സുരക്ഷിത ഇടങ്ങളിലേക്ക് മാറിത്താമസിക്കുകയോ അധികൃതരുടെ നിര്‍ദേശപ്രകാരം അടുത്തുള്ള ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറുകയോ ചെയ്യണമെന്നും മലയോര മേഖലകളില്‍ രാത്രിയാത്രകള്‍ ഒഴിവാക്കണമെന്നും കലക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here