എഴുത്തുകാരിയും പ്രശസ്ത സാമൂഹ്യശാസ്ത്ര ഗവേഷകയുമായ ഡോ. കെ. ശാരദാമണി അന്തരിച്ചു

പ്രമുഖ സാമൂഹ്യശാസ്ത്രജ്ഞയും എഴുത്തുകാരിയുമായ ഡോ.ശാരദാമണി(93) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് തിരുവനന്തപുരം അമ്പലമുക്കിലെ വസതിയിൽ വച്ച് കഴിഞ്ഞ ദിവസം പുലർച്ചയോടെയായിരുന്നു അന്ത്യം. സംസ്കാരച്ചടങ്ങുകൾ നടന്നു.
രാജ്യം കണ്ട ഏറ്റവും മികച്ച സാമൂഹ്യശാസ്ത്രജ്ഞരിൽ ഒരാളായിരുന്നു ശാരദാമണി. അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് പറഞ്ഞ് അനീതികൾക്കെതിരെ നിരന്തരം ചോദ്യം ഉന്നയിച്ച ഇവർ, കാലിക വിഷയങ്ങള്‍ സംബന്ധിച്ച് നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇംഗ്ലീഷിലും മലയാളത്തിലുമായി വിവിധ വിഷയങ്ങളിൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി സെമിനാറുകളിൽ പ്രബന്ധങ്ങളും അവതരിപ്പിച്ചിട്ടുണ്ട്.
സാമൂഹിക, സാമ്പത്തികശാസ്ത്ര പഠനഗവേഷണ മേഖലകളിൽ രാജ്യത്ത് മുന്നേറാനായ ആദ്യമലയാളി വനിതകളിലൊരാളാണവർ. യൂറോപ്പിൽനിന്ന് പിഎച്ച്.ഡി പൂർത്തിയാക്കി അറുപതുകളുടെ തുടക്കംമുതൽ ഡൽഹിയിലെ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിെൻറ ആസൂത്രണവിഭാഗത്തില്‍ സേവനമനുഷ്ഠിച്ചു. ഉൽപാദനമേഖലയെക്കുറിച്ച് വിശദമായി പഠിച്ച, വിവിധ ഡാറ്റാ സോഴ്സുകൾ ഇത്രയേറെ കൃത്യതയോടെ കൈകാര്യം ചെയ്യാനറിയുന്ന വിദഗ്ധർ കേരളത്തിൽ നമുക്കധികം ഇല്ലായിരുന്നു എന്നുതന്നെ പറയാം. സ്ത്രീകൾക്കിടയിൽ പ്രത്യേകിച്ചും.
‘ഇന്ത്യന്‍ സ്ത്രീകളുടെ ബഹുമുഖപ്രശ്‌നങ്ങളില്‍ കാര്യമായി ശ്രദ്ധയുറപ്പിച്ച അവര്‍ 1980-കളില്‍ ളില്‍ സ്ത്രീപ്രസ്ഥാനത്തില്‍ സജീവസാന്നിദ്ധ്യമായിരുന്നു. കേരളത്തിലെ സ്ത്രീപക്ഷ അന്വേഷണങ്ങള്‍ക്ക് തുടക്കംകുറിച്ചവരില്‍ ഒരാളായിരുന്നു ശാരദാമണി. സ്ത്രീപക്ഷ ചരിത്രാന്വേഷണത്തിന് പ്രധാനപ്പെട്ട വഴികള്‍ തുറന്ന ഗവേഷക’ എന്നാണ് ‘കുലസ്ത്രീയും ചന്തപ്പെണ്ണുങ്ങളും ഉണ്ടായതെങ്ങനെ’ എന്ന തന്‍റെ പുസ്തകത്തിൽ എഴുത്തുകാരി ജെ.ദേവിക വിശേഷിപ്പിക്കുന്നത്.
ചരിത്രം, ജെന്‍ഡര്‍, കീഴാളപഠനങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങളിൽ സമഗ്ര പഠനം നടത്തി, ഗ്രന്ഥങ്ങൾ എഴുതി. എമേർജൻസ് ഓഫ് എ സ്ലേവ് കാസ്റ്റ്, പുലയാസ് ഓഫ് കേരള, വുമൻ ഇൻ പാഡി കൾട്ടിവേഷൻ; എ സ്റ്റഡി ഇൻ കേരള, തമിഴ്നാട് ആൻഡ് വെസ്റ്റ് ബംഗാൾ, മാട്രിലിനി ട്രാൻസ്ഫോംഡ്: ഫാമിലി ലോ ആൻഡ് ഐഡിയോളജി ഇൻ ട്വന്റീത് സെഞ്ചുറി ട്രാവൻകൂർ, ‘സ്ത്രീ, സ്ത്രീവാദം, സ്ത്രീവിമോചനം’, ‘മാറുന്ന ലോകം, മാറ്റുന്നതാര്’, ഇവർ വഴികാട്ടികൾ എന്നിവയാണ് പ്രമുഖ രചനകൾ.
1950 കളിൽ ജനയുഗം പത്രത്തിൽ എഴുതിത്തുടങ്ങിയ ശാരദാമണി, ഡൽഹിയിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ഒരു മെയിൻ സ്ട്രീം വാരികയിൽ, ദീർഘകാലം രാഷ്ട്രീയ – സാമൂഹിക -സാമ്പത്തിക വിഷയങ്ങളെപ്പറ്റി കോളം കൈകാര്യം ചെയ്തിരുന്നു. ജനയുഗത്തിന്റെ സ്ഥാപക പത്രാധിപരും ദി പാട്രിയട്ട്, യു.എൻ.ഐ എന്നിവയുടെ ഡൽഹിയിലെ ലേഖകനുമായിരുന്ന പത്രപ്രവർത്തകൻ എൻ. ഗോപിനാഥൻ നായരാണ് (ജനയുഗം ഗോപി) ഭർത്താവ്.
’92-ാം വയസിലും തളരാത്ത സമരാവേശം’ എന്ന് വിശേഷിപ്പിച്ച് ശാരദാമണിയുടെ ഒരു ചിത്രം കഴിഞ്ഞ വർഷം പ്രചാരം നേടിയിരുന്നു. മോദി ഭരണത്തിനെതിരായ സമരത്തിൽ പങ്കാളിയായി ചുവന്ന തൊപ്പി ധരിച്ചിരിക്കുന്ന ശാരദാമണിയുടെ ചിത്രം പങ്കുവച്ചത് വി.ശിവൻകുട്ടിയായിരുന്നു. ‘മോദി ഭരണത്തിനെതിരായ സമരത്തിൽ പങ്കാളിയായ പ്രമുഖ സാമൂഹ്യ ശാസ്ത്രജ്ഞ ഡോ.കെ. ശാരദാമണി 92 വയസ്സിലും തളരാത്ത സമരാവേശം ഞങ്ങൾക്ക് കരുത്ത് പകരുന്നു അഭിവാദ്യങ്ങൾ’ എന്നായിരുന്നു ചിത്രത്തിനൊപ്പം അദ്ദേഹം കുറിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here