മുടി കൊഴിച്ചിലിന് പരിഹാരമായി കറ്റാർ വാഴ, ചെമ്പരത്തി ഹെയർ മാസ്ക്

എല്ലാവരും സാധാരണയായി നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് മുടി കൊഴിച്ചിൽ. എന്നാൽ മുടികൊഴിച്ചിലിൻറ അളവ് ക്രമാതീതമായി കൂടുകയും മുടിയുടെ ഉള്ള് കുറയുകയും ചെയ്യുന്ന അവസ്ഥയിലാണ് ഏറെ ശ്രദ്ധിക്കേണ്ടത്. പല കാരണങ്ങളാൽ മുടി കൊഴിച്ചിൽ ഉണ്ടാകാം. ബാഹ്യവും ജീവിതശൈലിയുമായി ബന്ധപ്പെട്ടതുമായ കാരണങ്ങളാണെങ്കിൽ സ്വയം പരിഹാരം സാധ്യമാകും.
മുടി കൊഴിച്ചിലിന്റെ പ്രാരംഭ ഘട്ടത്തിൽ പ്രകൃതിദത്ത മാർഗങ്ങൾ പരീക്ഷിക്കാവുന്നതാണ്. ഇക്കൂട്ടത്തിൽ വളരെ മികച്ചതാണ് കറ്റാർ വാഴ–ചെമ്പരത്തി ഹെയർ മാസ്ക്. വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന ഈ ഹെയർ മാസ്ക് മുടിയിഴകൾക്ക് കരുത്തും തിളക്കവും നല്കാൻ സഹായിക്കുന്നു.
രണ്ടു ചെമ്പരത്തി പൂവിന്റെ ഇതളുകളും ഒരു കപ്പ് കറ്റാർ വാഴ ജെല്ലുമാണ് ഹെയർ മാസ്ക് ഉണ്ടാക്കാൻ ആവശ്യമുള്ളത്. ഇതിനായി കറ്റാർ വാഴപ്പോളയിൽ നിന്ന് നേരിട്ട് ഫ്രഷായ ജെൽ എടുക്കുന്നതാണ് അത്യുത്തമം. അതില്ലെങ്കിൽ കടകളിൽ നിന്ന് വാങ്ങുന്ന കറ്റാർ വാഴ ജെൽ ഉപയോഗിക്കാവുന്നതാണ്. ചെമ്പരത്തിയുടെ തളിരിലകൾ ചേർക്കുന്നതും നല്ലതാണ്.
ചെമ്പരത്തി പൂവിന്റെ ഇതളുകളും കറ്റാർ വാഴ ജെല്ലും അരച്ച് നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതം ശിരോചർമത്തിലും മുടിയിഴകളിലും തേച്ചു പിടിപ്പിക്കാം.
ബാക്കിയുണ്ടെങ്കിൽ ഒരു കുപ്പിയിലാക്കി അടച്ചു സൂക്ഷിക്കുക. 45 മിനിറ്റിനുശേഷം ചെറുചൂടുവെള്ളത്തിൽ തല കഴുകാം. ആഴ്ചയിൽ മൂന്നു തവണ ഇങ്ങനെ ചെയ്യാവുന്നതാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here