Advertisement

കേരളീയ നവോത്ഥാന നായകൻ, സ്വാതന്ത്ര്യ സമരസേനാനി, ബഹുഭാഷാപണ്ഡിതൻ; ഡോ.വി.വി വേലുക്കുട്ടി അരയൻ ഓർമയായിട്ട് ഇന്നേക്ക് 52 വർഷം

May 31, 2021
Google News 4 minutes Read
vv velukutty 52 death anniversary

കേരളീയ നവോത്ഥാനം, ദേശീയ സ്വാതന്ത്ര്യ സമരം, അയിത്തോച്ചാടനപ്രക്ഷോഭം, സ്വസമുദായോദ്ധാരണം, പുരോഗമന പ്രസ്ഥാനത്തിന്റെ മുന്നേറ്റം തുടങ്ങിയവയ്ക്ക് തന്റെ ബഹുമുഖ പ്രതിഭാവിലാസം കൊണ്ട് നിർണ്ണായക സംഭാവനകൾ നൽകിയ ഡോ.വി.വി വേലുക്കുട്ടി അരയന്റെ 52-ാം ചരമവാർഷികം ഇന്ന്.

​ഗദ്യത്തിലും പദ്യത്തിലും കൃതഹസ്തനായ സാഹിത്യകാരനായിരുന്നു ഡോ.വി.വി വേലുക്കുട്ടി അരയൻ. പ്രധാന കൃതികൾ- കിരാതാർജ്ജുനീയം ഓട്ടൻതുള്ളൽ, ഓണം ഡേ, ദീനയായ ദമയന്തി, പദ്യ കുസുമാഞ്ജലി, ശ്രീചൈത്ര ബുദ്ധൻ, അച്ചനും കുട്ടിയാനും, സത്യഗീത, മാതംഗി, ക്ലാവുദിയ, ചിരിക്കുന്ന കവിതകൾ, കേരള ഗീതം, തീക്കുടുക്ക, സ്വർഗ്ഗ സോപാനം, സൂക്ത മുത്തുമാല, ചിന്തിപ്പിക്കുന്ന കവിതകൾ (പദ്യ കൃതികൾ ) രഘുവംശം തർജ്ജമ, വാസവദത്താനിർവാണം ആട്ടക്കഥ, രസ ലക്ഷണ സമുച്ചയം (രസ പഠനം) മാധവി, ശാകുന്തളവും തർജ്ജമകളും, തകഴിയുടെ ചെമ്മീൻ- ഒരു നിരൂപണം, സൗന്ദര്യം ( നിരൂപണങ്ങൾ) കുറുക്കൻ കഥകൾ, ബാലസാഹിത്യ കഥകൾ (ബാലസാഹിത്യം ) ലഘുകഥാ കൗമുദി, മാറ്റങ്ങൾ, തെരഞ്ഞെടുത്ത കഥകൾ (കഥകൾ) ഭാഗ്യപരീക്ഷകൾ, തിരുവിതാംകൂർ അരയമഹാ ജന യോഗം, കടലിൻ്റെ മക്കൾ (നോവൽ) ശർമ്മദ (ഇംഗ്ലീഷ് നോവലിൻ്റെ സ്വതന്ത്ര വിവർത്തനം) മത്സ്യവും മതവും, തിരുവിതാംകൂറിലെ മത്സ്യ വ്യവസായം, കടലാക്രമണത്തെ തടയാൻ, അദ്ധ്യക്ഷപ്രസംഗം, മലയാള സാഹിത്യത്തിൽ ഭാഷാപരമായി വരുത്തേണ്ട മാറ്റങ്ങൾ (പ്രബന്ധങ്ങൾ, ലേഖനങ്ങൾ), പിന്തിരിഞ്ഞു നോക്കുമ്പോൾ (ആത്മകഥാപരമായ ലേഖന സമാഹാരം) ബലേ ഭേഷ്, ആൾമാറാട്ടം, ലോക ദാസൻ, നന്ദകുമാരൻ, ഇരുട്ടടി, മാടൻ സൈമൺ (ആക്ഷേപഹാസ്യ നാടകങ്ങൾ)

നിരവധി പത്ര-മാസികകളുടെ പത്രാധിപരായും ഡോ.വി.വി വേലുക്കുട്ടി അരയൻ പ്രവർത്തിച്ചിട്ടുണ്ട്. അരയൻ പത്രം (1917), അരയസ്ത്രീജന മാസിക (1922), ചിരി മാസിക, ധർമ്മപോഷിണി പത്രം(1942), രാജ്യാഭിമാനി പത്രം (1943), ഫിഷറീസ് മാഗസിൻ (1948), സമാധാനം മാസിക (1950), കലാകേരളം മാസിക (1953), തീരദേശം വാരിക(1953), ഫിലിം ഫാൻ (1961) എന്നിവയാണ് അവയിൽ ചിലത്.

കേരളത്തിലെ ആദ്യകാല പ്രൊഫഷണൽ അച്ചുക്കൂടങ്ങളിലൊന്നായ ‘അരയൻ പ്രസ്’ സ്ഥാപിച്ച പത്രസ്ഥാപനമുടമയായിരുന്നു വി.വി വേലുക്കുട്ടി അരയൻ.
1921-ൽ തിരുവനന്തപുരത്ത് വിദ്യാർത്ഥി സമരത്തെ അടിച്ചമർത്താൻ ശ്രമിച്ചതിനെതിരെയും 1938 ൽ സ്റ്റേറ്റ് കോൺഗ്രസ്സിനുമേലുള്ള നിരോധനം നീക്കാത്തതിനെതിരെയും രാജഭരണത്തെ അതിനിശിതമായി വിമർശിച്ചു കൊണ്ട് എഡിറ്റോറിയൽ എഴുതിയതിനെ തുടർന്ന് രണ്ടു തവണ ‘അരയൻ’ പത്രവും പ്രസ്സും കണ്ടു കെട്ടുകയും നിരോധിക്കുകയും ഡോ.അരയനെ അറസ്റ്റുചെയ്യുകയും ശ്രീ മൂലം പ്രജാസഭയിലേക്കു ഡോ. വേലുക്കുട്ടി അരയനെ നോമിനേറ്റു ചെയ്യാൻ എടുത്തിരുന്ന തീരുമാനം റദ്ദുചെയ്യുകയും ചെയ്തു.

തിരുവിതാംകൂറിലെയെന്നല്ല, കേരളത്തിലെ തന്നെ ആദ്യ രാഷ്ട്രീയ പ്രസ്ഥാനമായി കണക്കാക്കാവുന്ന ‘തിരുവിതാംകൂർ രാഷ്ട്രീയ സഭ’യുടെ സ്ഥാപകരിൽ പ്രമുഖനായിരുന്ന വേലുക്കുട്ടി അരയൻ 1918-ൽ ടി.കെ.മാധവനൊപ്പം ക്ഷേത്രപ്രവേശന വാദം ആദ്യമായി ഉന്നയിച്ച നേതാവ് കൂടിയാണ്.
ടി.കെ.മാധവൻ തൻ്റെ ‘ദേശാഭിമാനി’ പത്രത്തിലൂടെ, ഈഴവർക്കും മറ്റും ക്ഷേത്രപ്രവേശനത്തിന് അവകാശമുണ്ടെന്നു വാദിച്ചപ്പോൾ, തൊട്ടടുത്ത ലക്കം ‘ദേശാഭിമാനി’ യിലൂടെയും അരയൻ’ പത്രത്തിലൂടെയും, അരയന്മാർക്കും ക്ഷേത്രപ്രവേശനം നിഷേധിക്കപ്പെട്ട മറ്റുള്ളവർക്കും ക്ഷേത്രപ്രവേശനം ലഭിച്ചേ മതിയാകൂ എന്ന് വേലുക്കുട്ടി അരയനും വാദിച്ചു. കേരളത്തിലെ ക്ഷേത്രപ്രവേശന പ്രക്ഷോഭങ്ങൾക്കു നാന്ദിയും ചരിത്രവും കുറിച്ച പ്രഖ്യാപനങ്ങളാണ് ഇരുവരും തങ്ങളുടെ പത്രങ്ങളിലൂടെ നടത്തിയത്.

കേരളത്തിലെ ആദ്യത്തെ ട്രേഡ് യൂണിയനുകളായ ‘തിരുവിതാംകൂർ നാവികത്തൊഴിലാളി സംഘം’, തിരുവിതാംകൂർ മത്സ്യത്തൊഴിലാളി യൂണിയൻ, കയർ വർക്കേഴ്സ് യൂണിയൻ, തിരുവിതാംകൂർ മിനറൽ വർക്കേഴ്സ് യൂണിയൻ തുടങ്ങിയവയുടെ സ്ഥാപകനാണ് ഡോ.വേലുക്കുട്ടി അരയൻ. കഥകളി, പ്രഹസനങ്ങൾ, ഓട്ടൻതുളളൽ, നാടകം തുടങ്ങിയവ എഴുതുകയും സംവിധാനം ചെയ്യുകയും അഭിനയിക്കുകയും രസ ഭാവങ്ങളെ ആസ്പദമാക്കി ‘രസ ലക്ഷണ സമുച്ചയം’ എന്ന അത്യപൂർവ്വ കൃതി എഴുതുകയും ചെയ്തു.

രാഷ്ട്രീയത്തിലും, പത്രപ്രവർത്തനത്തിലും കലയിലും മാത്രമല്ല വിവിധ ഭാഷകൾ കൈകാര്യം ചെയ്യുന്നതിലും വേലുക്കുട്ടി അരയൻ പ്ര​ഗത്ഭനായിരുന്നു. മലയാളം, സംസ്കൃതം, ഇംഗ്ലീഷ്, തമിഴ്, കന്നട, ഹിന്ദി, ബംഗാളി ഭാഷകൾ കൈകാര്യം ചെയ്ത ബഹുഭാഷാപണ്ഡിതനായിരുന്ന അദ്ദേഹം നിരവധി പാഠപുസ്തകങ്ങൾ രചിക്കുകയും സാഹിത്യത്തിലും ശാസത്രത്തിലും ഭാഷയിലും ഇന്നും പ്രസക്തങ്ങളായ നിരവധി ഗവേഷണ പ്രബന്ധങ്ങൾ തയ്യാറാക്കുകയും വിദ്യാലയങ്ങൾ സ്ഥാപിക്കുകയും ചെയ്തു.

ഹോമിയോ, അലോപ്പതി,ആയുർവേദം തുടങ്ങിയ വൈദ്യശാസ്ത്രങ്ങളിൽ ഉന്നത വിജയം നേടുകയും ചികിത്സ ജനങ്ങൾക്കായി സേവനമാക്കുകയും ചെയ്ത അസാധാരണ ഭിഷഗ്വരൻ കൂടിയായിരുന്നു ഡോ.വേലുക്കുട്ടി അരയൻ.

ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവായിരുന്നുകൊണ്ട് സ്വാതന്ത്ര്യ സമര വാർത്തകൾക്കും മഹാത്മാഗാന്ധി തുടങ്ങിയ നേതാക്കൾക്കും വേണ്ടി തൻ്റെ പത്രത്താളുകൾ നീക്കിവയ്ക്കുകയും പ്രക്ഷോഭങ്ങൾക്കു നേതൃത്വം നല്കുകയും ചെയ്ത സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന അദ്ദേഹം അരയ സമുദായത്തിൻ്റെ സർവ്വതോമുഖമായ പുരോഗതിക്കു വേണ്ടി നിരന്തരം യത്നിച്ച സമുദായ പരിഷ്ക്കർത്താവിന്റെ വേഷം കൂടി അണിഞ്ഞു.

സ്വസമുദായത്തിൻ്റെ മാത്രമല്ല, ജാതിപരമായ വിവേചനം മൂലം കഷ്ടതയനുഭവിച്ച എല്ലാ വിഭാഗം ജനങ്ങൾക്കു വേണ്ടിയും പോരാടിയ അയിത്തോച്ചാടന പ്രക്ഷോഭ നേതാവ്, എസ്എൻഡിപി യോഗം മുൻകൈ എടുത്തു കൊല്ലവർഷം 1100- ൽ മുതുകളത്തു വച്ചു സ്ഥാപിച്ച ‘അവർണ്ണ ഹിന്ദു മഹാസഭ’ യുടെ ജനറൽ സെക്രട്ടറി, കടലാക്രമണ പ്രതിരോധ പദ്ധതിയായ ‘ലാൻ്റ് റെക്ലമേഷൻ സ്കീം, പ്രകൃതി വസ്തുക്കളിൽ നിന്നും ന്യൂസ് പ്രിൻ്റ് നിർമ്മാണ പദ്ധതി, തേങ്ങാവെള്ളത്തിൽ നിന്നും വിനീഗർ, ലെ മണേഡ് തുടങ്ങിയവ വ്യാവസായികാടിസ്ഥാനത്തിൽ നിർമ്മിക്കുന്ന പദ്ധതി, കുളമത്സ്യ വ്യവസായ പദ്ധതി, കടലുല്പന്നങ്ങളിൽ നിന്നും അലങ്കാര വസ്തുക്കളും മരുന്നും നിർമ്മിക്കുന്ന പദ്ധതി തുടങ്ങി നിരവധി കണ്ടുപിടുത്തങ്ങൾ നടത്തിയ ശാസ്ത്ര ഗവേഷകൻ- തുടങ്ങി വിശേഷണങ്ങളേറെയാണ്.

1917-ൽ ‘അരയൻ’ പത്രത്തിലൂടെ റഷ്യൻ വിപ്ലവത്തെ ആദ്യമായി റിപ്പോർട്ടു ചെയ്യുകയും സോഷ്യലിസ്റ്റ്‌- പുരോഗമന ആശയങ്ങളോട് ശക്തമായ ആഭിമുഖ്യം പുലർത്തുകയും അത് പത്രമാസികകളിലൂടെയും പ്രസംഗങ്ങളിലൂടെയും പിന്നീട് തൊഴിലാളി സംഘടകളിലൂടെയും കേരളത്തിലെമ്പാടും പ്രചരിപ്പിക്കുകയും ചെയ്ത കമ്മ്യൂണിസ്റ്റ് ആയി വേലുക്കുട്ടി അരയൻ മാറി. ശ്രീ നാരായണ ഗുരു, ചട്ടമ്പിസ്വാമികൾ തുടങ്ങിയവർക്കു തൊട്ടുപിന്നാലെ സാമൂഹിക പരിഷ്ക്കരണ രംഗത്ത് സജീവമാകുകയും മന്നത്തു പത്മനാഭൻ, അയ്യങ്കാളി, ടി.കെ.മാധവൻ, മഹാകവി കുമാരനാശാൻ, വാഗ്ഭടാനന്ദൻ, ഡോ.പൽപ്പു, പണ്ഡിറ്റ് കറുപ്പൻ, സി.കേശവൻ, പട്ടം താണുപിള്ള തുടങ്ങിയവരോടൊപ്പം സജീവമായി പ്രവർത്തിക്കുകയും ചെയ്ത, ഡോ.വി.വി.വേലുക്കുട്ടി അരയനാണ് ആ ശ്രേണിയിൽ നിന്നും കമ്മ്യൂണിസ്റ്റായി മാറിയ ഏക നവോത്ഥാന നായകൻ. 1948-ലെ പൊതു തെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിയായി ഡോ. വേലുക്കുട്ടി അരയൻ മത്സരിച്ചപ്പോൾ പിന്നാക്ക വിഭാഗക്കാരായ ജനവിഭാഗങ്ങളെയും ഉത്പതിഷ്ണുക്കളെയും അദ്ദേഹം ഇടതുപക്ഷത്തേക്കും കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിലേക്കും നയിച്ചുവെന്ന്, ഇ.എം.എസ് പില്ക്കാലത്ത് വിലയിരുത്തുകയുണ്ടായി.

സമ്പന്നനായിരുന്ന അദ്ദേഹത്തിൻ്റെ, ജീവിതാന്ത്യത്തിൽ ദാരിദ്യം അനുഭവിക്കുമ്പോഴും സ്വാതന്ത്ര്യ സമരപെൻഷനോ മറ്റാനുകൂല്യങ്ങളോ സ്വീകരിച്ചില്ല. അസാധാരണ പ്രതിഭാശാലിയായ ഒരു നവോത്ഥാന നായകനായിരുന്നു, ഡോ.വി.വി.വേലുക്കുട്ടി അരയൻ. പക്ഷേ ചരിത്രം, അദ്ദേഹത്തെ തിരിച്ചറിയാൻ വളരെ വൈകിപ്പോയി.

Story Highlights: vv velukutty 52 death anniversary

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here