22
Jun 2021
Tuesday

കൊവിഡ് രോ​ഗികളെ മാത്രമാണോ ബ്ലാക്ക് ഫംഗസ് ബാധിക്കുക ? ബ്ലാക്ക് ഫംഗസുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് മറുപടിയുമായി ഡോ.രാജേഷ്

ബ്ലാക്ക് ഫംഗസിനെക്കുറിച്ചുള്ള സംശയങ്ങള്‍ ഏറെയാണ്. ഇത്തരം സംശയങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് COVID WAR 24X7 ക്യാമ്പെയിന്റെ ഭാഗമായുള്ള DOCTOR IN പരിപാടിയില്‍. DR RAJESH RAJU GEORGE (Senior consultant & HOD- ENT & Head and neck Surgery) ആണ് സംശയങ്ങള്‍ക്ക് കൃത്യവും ആധികാരികവുമായ മറുപടി നല്‍കിയിരിക്കുന്നത്.

ചോദ്യം- ബ്ലാക്ക്, വൈറ്റ്, യെല്ലോ ഫംഗസ് ഒരുപോലെയാണോ?

ഉത്തരം- ബ്ലാക്ക് ഫംഗസ് എന്ന് നാം വിശേഷിപ്പിക്കുന്ന ഈ രോഗത്തിന്റെ ശരിയായ പേര് മ്യൂക്കോര്‍മൊക്കോസിസ് എന്നാണ്. അതിന് കറുപ്പ് ഫംഗസുമായി ബന്ധമില്ല. മ്യൂക്കറൈല്‍സ് വിഭാഗത്തില്‍പ്പെട്ട ഫംഗസാണ് ഈ രോഗമുണ്ടാക്കുന്നത്. ഈ രോഗാണു നമ്മുടെ രക്തക്കുഴലിനെയാണ് ബാധിക്കുന്നത്. രക്തക്കുഴലില്‍ പ്രവേശിച്ച് അത് ബ്ലോക്ക് ചെയ്യുകയും രക്തയോട്ടം നിലപ്പിക്കുകയും ചെയ്യുന്നു മാത്രമല്ല ആ രക്തക്കുഴല്‍ പോകുന്ന ഭാഗം മുഴുവന്‍ നിര്‍ജീവമാക്കുകയും ചെയ്യുന്നു.

ഇങ്ങനെ രക്തയോട്ടം ഇല്ലാതെ വരുമ്പോള്‍ ആ ഭാഗത്തിന് കറുത്ത നിറമാകുന്നു. ഒരുപക്ഷെ ഈ കറുത്ത നിറം കാണുന്നതുകൊണ്ടാകാം ബ്ലാക്ക് ഫംഗസ് എന്ന് പേര് വന്നത്. യെല്ലോ ഫംഗസ് രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെങ്കിലും ഫംഗസിന്റൈ വിഭാഗത്തെക്കുറിച്ചുള്ള കൂടുതല്‍ കണ്ടെത്തലുകള്‍ നടന്നിട്ടില്ല. ക്യാന്‍ഡിഡ എന്നു പറയുന്ന ഫംഗസ് ആണ് വൈറ്റ് ഫംഗസ് രോഗത്തിന് കാരണം. ഒരുപക്ഷെ ഈ ഫംഗസിനെ വെള്ളനിറമായതിനാലാവാം വൈറ്റ് ഫംഗസ് എന്ന് അറിയപ്പെടുന്നത്. വൈറ്റ് ഫംഗസിനെക്കുറിച്ചും യെല്ലോ ഫംഗസിനെക്കുറിച്ചും നിലവില്‍ വ്യാകുലപ്പെടേണ്ട സാഹചര്യം ഇല്ല.

ചോദ്യം- ആംഫോടെറിക് മരുന്ന് അല്ലാതെ ബ്ലാക്ക് ഫംഗസിന് മറ്റ് ചികിത്സാ രീതികള്‍ ഉണ്ടോ?

ഉത്തരം- ഈ രോഗത്തിനുള്ള ചികിത്സ എന്നു പറയുന്നത് എത്ര നേരത്തെ രോഗനിര്‍ണയം നടത്തുന്നോ അത്രേയും നേരത്തെ ചിക്തസയും തുടങ്ങേണ്ടതാണ്. മ്യൂക്കോര്‍മൈക്കോസിസ് ബാധിച്ചിട്ടുള്ള ഭാഗങ്ങളെല്ലാം എത്രയും പെട്ടെന്ന് അവിടെ നിന്നും സര്‍ജിക്കലി റിമൂവ് ചെയ്യുക എന്നതാണ് ആദ്യ സ്റ്റെപ്. അതിനോടൊപ്പംതന്നെ മരുന്നുകള്‍ സ്റ്റാര്‍ട്ട് ചെയ്യും. മ്യൂക്കോര്‍മൈക്കോസിസ് രോഗത്തിന് ഏറ്റവും പ്രധാനപ്പെട്ട മരുന്ന് ആംഫോടെറിസിന്‍ തന്നെയാണ്. ആംഫോടെറിസിന്‍ എന്ന മരുന്ന് രീതിയിലുണ്ട്. ആംഫോടെറിസിന്‍ ബി എന്ന മരുന്ന് കിഡ്‌നി ഫംഗ്ഷനെ അഫക്ട് ചെയ്യാറുണ്ട്. അതുകൊണ്ടുതന്നെ അതിന്റെ സേഫ് ഒപ്ഷനായ ലൈപോസോം ആംഫോടെറിസിന്‍ എന്ന മരുന്നുണ്ട്. ഇത് എക്‌സ്‌പെന്‍സീവ് ആണ്. ഏകദേശം 35000- 40000 രൂപവെരെ ചെലവ് വരും ഒരു ദിവസം ഈ മരുന്നിന്. ഇത് പലര്‍ക്കും അഫോര്‍ഡബിള്‍ അല്ല. വില കുറഞ്ഞ മറ്റ് മരുന്നുകള്‍ ഉണ്ടെങ്കിലും മ്യൂക്കോര്‍മൈക്കോസിസിന് ഏറ്റവും ഫലപ്രദമായ മരുന്ന് ആംഫോടെറിസിന്‍ തന്നെയാണ്.

ചോദ്യം- ഈ രോഗം വരാതെയിരിക്കാനുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ എന്തൊക്കെയാണ് ?

ഉത്തരം- സാധാരണ ഒരു വ്യക്തിക്ക് മ്യൂക്കോര്‍മൈക്കോസിസ് രോഗം ഉണ്ടാകാനുള്ള സാധ്യത കുറവാണ്. പക്ഷെ നിലവിലെ സാഹചര്യത്തില്‍ രോഗത്തെക്കുറിച്ചുള്ള അറിവും ജാഗ്രതയും നമുക്ക് ഉണ്ടായിരിക്കണം. ഷുഗര്‍ ലെവല്‍ വളരെ കൂടുതലുള്ളവരിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. അതുകൊണ്ടുതന്നെ ഷുഗര്‍ലെവല്‍ എപ്പോഴും നോര്‍മലായിരിക്കാന്‍ ശ്രദ്ധിക്കുക.

ചോദ്യം- ബ്ലാക്ക് ഫംഗസ് പണ്ടു മുതലേ ഇന്ത്യയില്‍ ഉണ്ടായിരുന്ന രോഗമാണ്. ഇപ്പോള്‍ ഇത്രയ്ക്ക് ഗുരുതരമാകാനുള്ള കാരണം. ഉറവിടം ?

ഉത്തരം- മണ്ണിലും വായുവിലുമെല്ലാം മ്യൂക്കോര്‍മൈക്കോസിസ് ഫംഗസ് ഉണ്ട്. എന്നാല്‍ അത് രോഗം ഉണ്ടാക്കണമെന്നില്ല. പ്രതിരോധശക്തി കുറഞ്ഞ അവസ്ഥയിലാണ് രോഗമായി ബാധിക്കാറുള്ളത്. മുന്‍പ് പലപ്പോഴും പലരിലും ഈ രോഗം ഉണ്ടായിട്ടുണ്ട്. എന്നാല്‍ അന്ന് ഇത്രയധികം സ്റ്റാറ്റിസ്റ്റിക്‌സുകളിലേക്ക് നാം പോയിട്ടില്ല. കൊവിഡ് കാലത്ത് ബ്ലാക്ക് ഫംഗസ് രോഗബാധിതരും മുന്‍പത്തേക്കാള്‍ കൂടുതലാണ്.

കൊവിഡ് ബാധിതരില്‍ ബ്ലാക്ക് ഫംഗസ് രോഗമുണ്ടാകാന്‍ രണ്ട് കാരണങ്ങള്‍ ഉണ്ടാകം. കൊവിഡ് വൈറസ് തന്നെ ഷുഗര്‍ വാല്യൂസ് നോര്‍മല്‍ ആക്കാന്‍ സഹായിക്കുന്ന ഇന്‍സുലിന് റെസിസ്റ്റന്‍സ് ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഷുഗര്‍ വാല്യൂ കൂടുതലുള്ളവര്‍ക്ക് കണ്‍ട്രോള്‍ ചെയ്ത് നിര്‍ത്താന്‍ ബുദ്ധിമുട്ടാണ്. അയണ്‍ കണ്ടന്റ് കുറവും കൊവിഡ് വര്‍ധിക്കാന്‍ കാരണമാണ്. അതും ഈ ഒരവസ്ഥയില്‍ ബ്ലാക്ക് ഫംഗസ് രോഗവും വര്‍ധിക്കാന്‍ കാരണമാകുന്നു.

ചോദ്യം- ബ്ലാക്ക് ഫംഗസ് രോഗത്തിന്റെ ലക്ഷണങ്ങല്‍ എന്തൊക്കെയാണ്?

ഉത്തരം- മുഖത്തെ സ്‌കിന്നില്‍ എവിടെയെങ്കിലും ചെറിയ മാറ്റങ്ങള്‍, തൊടുന്നത് അറിയാതെയിരിക്കുക ഇവയൊക്കെയാണ് പ്രധാന ലക്ഷണങ്ങള്‍. അതുപോലെ മുഖത്തിന്റെ ഏതെങ്കിലും ഒരുവശത്ത് അതികഠിനമായ വേദനയും ലക്ഷണമാണ്. കണ്ണിന്റെ ചലനത്തേയും കാഴ്ചയേയും ബാധിക്കുന്ന അസ്വസ്ഥതകള്‍, മൂക്കില്‍ നിന്നും നിറവിത്യാസമുള്ള സ്രവം വരിക എന്നിവയും ബ്ലാക്ക് ഫംഗസ് രോഗബാധയുടെ ലക്ഷണങ്ങളാണ്.

ചോദ്യം- കൊവിഡ് ബാധിതരില്‍ മാത്രമാണോ ബ്ലാക്ക് ഫംഗസ് രോഗമുണ്ടാകുന്നത്?

ഉത്തരം- അല്ല, കൊവിഡ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിന് മുന്‍പും മ്യൂക്കോര്‍മൈക്കോസിസ് രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ചോദ്യം- മാസ്‌കില്‍ നിന്നും വരുന്നു എന്ന് പറയുന്നതില്‍ ശാസ്ത്രീയമായ അടിസ്ഥാനം വല്ലതും ഉണ്ടാ?

ഉത്തരം- മാസ്‌ക് വയ്ക്കുന്നതുകൊണ്ട് മ്യൂക്കോര്‍മൈക്കോസിസ് രോഗം ഉണ്ടാകാനുള്ള അധികസാധ്യത ഉണ്ട് എന്ന് ഒരു പഠനവും തെളിയിച്ചിട്ടില്ല. മാസ്‌കില്‍ ഈര്‍പ്പം ഉള്ളതുകൊണ്ട് മാത്രം ഒരാള്‍ക്ക് രോഗമുണ്ടാകില്ല. (മാസ്‌ക് എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്)

ചോദ്യം- ശരീരത്തിലെ ഏതൊക്കെ ഭാഗങ്ങളെ ഈ രോഗം ബാധിക്കും?

ഉത്തരം- പ്രധാനമായും മൂക്ക്, കണ്ണ്, തലച്ചോറ് എന്നിവയെയാണ് ഈ രോഗം ബാധിക്കുക. എന്നാല്‍ പ്രത്യേക സാഹചര്യങ്ങളില്‍ ശ്വാസകോശം, കിഡ്‌നി എന്നിവയെയും ബാധിക്കാറുണ്ട്.

ചോദ്യം- ബ്ലാക്ക് ഫംഗസിന്റെ ആദ്യ ലക്ഷണം കണ്ണ് ചുവപ്പ് ആണോ?

ഉത്തരം- ബ്ലാക്ക് ഫംഗസ് കണ്ണിനെ ബാധിച്ചാല്‍ കണ്ണ് ചുവപ്പ് ഉണ്ടാകാം. എന്നാല്‍ അത് ആദ്യത്തെ ലക്ഷണമാകണമെന്നില്ല.

ചോദ്യം- തുണികളില്‍ ഉണ്ടാകുന്ന കരിമ്പനും ഉരുളക്കിഴങ്ങില്‍ ഉണ്ടാകുന്ന പൂപ്പലും ഈ ഫംഗസ് ആണെന്ന് പറയുന്നത് കണ്ടു. ഇത് ശരിയാണോ ?

ഉത്തരം- ഇങ്ങനെ പറയുന്നത് പൂര്‍ണമായും തെറ്റാണ്. മ്യൂക്കോര്‍മൈക്കോസിസ് ഫംഗസ് കറുത്ത നിറത്തിലല്ല. അതുകൊണ്ടുതന്നെ അങ്ങനെയൊരു ചിന്തയുടെ ആവശ്യമില്ല. കരിമ്പന്‍ ഒരു ഫംഗസാണെങ്കിലും അപകടകാരിയല്ല. തുണികളില്‍ ഉണ്ടാകുന്ന കരിമ്പനും ഉരുളക്കിഴങ്ങില്‍ ഉണ്ടാകുന്ന പൂപ്പലും ബ്ലാക്ക് ഫംഗസ് ആണെന്ന് പറയുന്നത് അടിസ്ഥാനരഹിതമാണ്.

Story Highlights: black fungus all queries answered by doctor rajesh

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top