Advertisement

കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ് കേസ്; രവി പൂജാരിയെ ഇന്ന് കൊച്ചിയില്‍ എത്തിക്കും

June 2, 2021
Google News 1 minute Read
ravi poojari

കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ് കേസില്‍ പ്രതിയായ അധോലോക കുറ്റവാളി രവി പൂജാരിയെ ക്രൈംബ്രാഞ്ച് ഇന്ന് കൊച്ചിയില്‍ എത്തിക്കും. കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയുടെ അടക്കം മുഴുവന്‍ വിവരങ്ങളും ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

കൊച്ചി കടവന്ത്രയില്‍ നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടിപാര്‍ലറിന് നേരെ ബൈക്കിലെത്തിയ സംഘം വെടിയുതിര്‍ത്തത് 2018 ഡിസംബര്‍ 22നാണ്. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം കൃത്യത്തിന് പിന്നില്‍ താനാണെന്ന് അവകാശപ്പെട്ട് അധോലോക കുറ്റവാളി രവി പൂജാരിയുടെ ശബ്ദസന്ദേശം വന്നു. ഇതോടെ രവി പൂജാരിയെ കേന്ദ്രീകരിച്ച് പൊലീസ് അന്വഷണം ഊര്‍ജിതമാക്കി. വിദേശത്ത് ഒളിവിലായിരുന്ന രവി പൂജാരിയെ ഇന്റര്‍പോളിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്താണ് കഴിഞ്ഞ ഫെബ്രുവരിയില്‍ ഇന്ത്യയില്‍ എത്തിച്ചത്. കര്‍ണാടക പൊലീസിന്റെ കസ്റ്റഡിയിലായിരുന്ന രവി പൂജാരിയെ ചോദ്യം ചെയ്യാന്‍ അനുമതി ലഭിച്ചതോടെ ക്രൈംബ്രാഞ്ച് സംഘം ബംഗളൂരുവിലെത്തി.

രവി പൂജാരിയെ ഇന്ന് കൊച്ചിയിലെത്തിക്കും. തുടര്‍ന്ന് പൊലീസിന്റെ രഹസ്യ സങ്കേതത്തില്‍ ചോദ്യം ചെയ്യും. ബൈക്കിലെത്തി വെടിയുതിര്‍ത്ത ബിലാല്‍, ബിപിന്‍ തുടങ്ങിയവരെ കേസില്‍ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ലീന മരിയ പോളിനെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള നീക്കത്തിന്റെ ഗൂഢാലോചന, സംഭവത്തില്‍ രവി പൂജാരിയുടെ കൃത്യമായ പങ്കാളിത്തമെന്ത്, ലീന മരിയ പോളിന്റെ വിശദാംശങ്ങള്‍ എന്നിങ്ങനെയാണ് സംഘത്തിന് ലഭിച്ചത്. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച വിശദമായ വിവരങ്ങള്‍ ക്രൈംബ്രാഞ്ച് ശേഖരിക്കും.

കേസിലെ മുഖ്യ പ്രതികളായ സിനിമാ നിര്‍മാതാവ് അജാസ്, കാസര്‍ഗോഡ് സ്വദേശി മോനായി എന്നിവര്‍ ഒളിവിലാണ്. പെരുമ്പാവൂരിലെ ഗൂണ്ടാസംഘത്തിലെ ചിലരുടെ ഫോണ്‍കോളുകള്‍ ചോര്‍ത്തി നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ അന്വേഷണ സംഘത്തിനായത്.

Story Highlights: ravi poojari

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here