Advertisement

പാവയ്ക്ക ജ്യൂസിൽ ഒളിഞ്ഞിരിക്കുന്ന സൗന്ദര്യ രഹസ്യങ്ങൾ

June 3, 2021
Google News 1 minute Read

പാവയ്ക്കാ എന്ന് കേൾക്കുമ്പോഴേ നമ്മളിൽ പലരും നെറ്റി ചുളിക്കും. എന്നാൽ ഇത് നൽകുന്ന സൗന്ദര്യ ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങളും പാവയ്ക്കയെ കൂടുതൽ ഇഷ്ടപ്പെടും.

പാവയ്ക്ക അഥവാ കയ്പക്ക, ലോകമെമ്പാടും അറിയപ്പെടുന്ന, ഏറ്റവും കയ്പേറിയ പച്ചക്കറികളിൽ ഒന്നാണ്. ഇതിന് ധാരാളം ആരോഗ്യഗുണങ്ങളുണ്ട്, വാസ്തവത്തിൽ, പ്രമേഹരോഗികൾ പാവയ്ക്ക ജ്യൂസ് കുടിക്കാൻ വിദഗ്ദ്ധർ ശുപാർശ ചെയ്യുന്നു. കാരണം, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു. എന്നാൽ ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയ പാവയ്ക്ക ജ്യൂസ് ചർമ്മത്തിനും മുടിക്കും വളരെയധികം ഗുണം ചെയ്യും എന്ന കാര്യം അറിയാമോ?

ഈ പച്ചക്കറി നിങ്ങളുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നതിന് നിരവധി മാർഗങ്ങളുണ്ടെങ്കിലും, അതിന്റെ ഗുണങ്ങൾ നേടുന്നതിനുള്ള ഏറ്റവും മികച്ചതും ഫലപ്രദവുമായ മാർഗ്ഗം ശുദ്ധമായ പാവയ്ക്ക ജ്യൂസ് കുടിക്കുക എന്നതാണ്. ചർമ്മത്തിനും മുടിക്കും ആരോഗ്യത്തിനും പാവയ്ക്ക ജ്യൂസ് നൽകുന്ന ആനുകൂല്യങ്ങൾക്കൊപ്പം വീട്ടിൽ എങ്ങനെ ഈ ജ്യൂസ് ഉണ്ടാക്കാം എന്നും ഇവിടെ നിന്ന് മനസിലാക്കാം.

പാവയ്ക്ക ജ്യൂസ് ചർമ്മത്തിന് ഗുണം ചെയ്യും

പാവയ്ക്ക കഴിക്കാൻ അമ്മ എപ്പോഴും നിങ്ങളെ നിർബന്ധിച്ചത് എന്തുകൊണ്ടാണെന്ന് ഇപ്പോൾ നിങ്ങൾ മനസ്സിലായിട്ടുണ്ടാവുമല്ലോ! എന്നാൽ, പാവയ്ക്ക ജ്യൂസ് കുടിക്കാൻ നിങ്ങൾക്ക് ഇപ്പോഴും കഴിയുന്നില്ലേ? ചർമ്മത്തിനുള്ള പാവയ്ക്ക ജ്യൂസിന്റെ എല്ലാ ഗുണങ്ങളെയും കുറിച്ച് മനസിലാക്കിയ ശേഷം നിങ്ങളുടെ ചിന്തകൾ മാറുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.

വാർദ്ധക്യം തടയുന്ന സവിശേഷതകൾ: നിങ്ങളുടെ പ്രായം ഇരുപതുകളുടെ മധ്യത്തിൽ നിന്ന് കടക്കുമ്പോൾ യുവത്വം നിലനിർത്താൻ സഹായിക്കുന്ന ആന്റി-ഏജിംഗ് ക്രീമുകൾ ഉപയോഗിക്കുന്നത് ആരംഭിക്കേണ്ടത് പ്രധാനമാണെങ്കിലും, നിങ്ങളുടെ ഭക്ഷണത്തിൽ വാർദ്ധക്യം തടയുന്ന ആനുകൂല്യങ്ങൾ നൽകുന്ന ഭക്ഷണങ്ങളും ഉൾപ്പെടുത്തേണ്ടത് ആവശ്യമാണ്. ചർമ്മത്തിന് ഉത്തമ ഘടകമായ വിറ്റാമിൻ സി പാവയ്ക്കയിൽ ഉണ്ടെന്ന കാര്യം നിങ്ങൾക്കറിയാമോ? നിങ്ങളുടെ രൂപത്തിന് പ്രായം തോന്നിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളുമായി പോരാടാൻ ഇത് സഹായിക്കുന്നു. കയ്പക്ക ജ്യൂസിലെ ശക്തമായ ആന്റിഓക്‌സിഡന്റുകൾ ചർമ്മത്തിലെ ചുളിവുകൾക്കും നേർത്ത വരകൾക്കുമെതിരെ പോരാടുന്നു, അതുവഴി പ്രായമാകൽ പ്രക്രിയ വൈകിപ്പിക്കുവാനും സാധിക്കും. പാവയ്ക്ക ജ്യൂസ് പതിവായി കുടിക്കുന്നത് ചർമ്മത്തിന്റെ സംരക്ഷണ പാളി ശക്തിപ്പെടുത്തുകയും അൾട്രാവയലറ്റ് രശ്മികൾ മൂലമുണ്ടാകുന്ന ക്ഷതം തടയുകയും അകാല വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളെ കുറയ്ക്കുകയും ചെയ്യും.

മുറിവുകളും പാടുകളും ഇല്ലാതാക്കുന്നു: നിങ്ങളുടെ ചർമ്മത്തിന് സ്വയം-ശമന ഗുണങ്ങളുണ്ട്, അങ്ങനെയാണ് മുറിവുകൾ, പാടുകൾ, പൊള്ളൽ എന്നിവ കാലക്രമേണ താനേ സുഖപ്പെടുത്തുന്നത്. മുഖക്കുരു അവശേഷിപ്പിക്കുന്ന പാടുകൾ പോലും ചർമ്മം സുഖപ്പെടുമ്പോൾ സ്വാഭാവികമായും മങ്ങുന്നു. എന്നിരുന്നാലും, ഈ പ്രക്രിയയെ ത്വരിതപ്പെടുത്തുന്ന ചില ചേരുവകളും ഭക്ഷണങ്ങളും ഉണ്ട്, പാവയ്ക്ക അത്തരമൊരു പച്ചക്കറിയാണ്. കട്ടപിടിക്കാതെ ശരീരത്തിൽ രക്തം സുഗമമായി ഒഴുകാൻ ഇത് സഹായിക്കുന്നു എന്നതാണ് പാവയ്ക്ക ജ്യൂസിന്റെ മറ്റൊരു പ്രധാന ഗുണം. രക്തപ്രവാഹം സുഗമമാകുമ്പോൾ മുറിവുകൾ വേഗത്തിൽ സുഖപ്പെടും. ഇതും അണുബാധയെ അകറ്റി നിർത്തുന്നു. അതിനാൽ, ചർമ്മത്തിൽ പാടുകളോ മുറിവുകളോ ഉണ്ടെങ്കിൽ, ചർമ്മത്തെ വേഗത്തിൽ സുഖപ്പെടുത്താൻ സഹായിക്കുന്നതിന് ദിവസവും ശുദ്ധമായ പാവയ്ക്ക ജ്യൂസ് കുടിക്കുന്നത് പരിഗണിക്കുക.

മുഖക്കുരു പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം: മുഖക്കുരു, തിണർപ്പ്, സോറിയാസിസ്, എക്‌സിമ അഥവാ കരപ്പൻ തുടങ്ങിയ ചർമ്മ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർക്ക് പാവയ്ക്ക ജ്യൂസ് കുടിക്കുന്നതിലൂടെ ധാരാളം പ്രയോജനം ലഭിക്കും. രക്തം ശുദ്ധീകരിച്ച് ഇത് ചർമ്മ അണുബാധകളെ ചെറുക്കാൻ സഹായിക്കുകയും ആരോഗ്യകരമായ തിളക്കം ചർമ്മത്തിന് നൽകുകയും ചെയ്യുന്നു. ഇതിന്റെ വീക്കം തടയുന്ന ഗുണങ്ങൾ മുഖക്കുരുവിനെ നിയന്ത്രിക്കുകയും നിലവിലുള്ളവയെ വേഗത്തിൽ ചികിത്സിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ചർമ്മത്തിന് പുറത്ത് ഇത് പ്രയോഗിക്കുമ്പോഴും പാവയ്ക്ക ജ്യൂസ് ഗുണം ചെയ്യും. എക്‌സിമ ബാധിച്ചവർ പലപ്പോഴും പാവയ്ക്കയുടെ നീര് പ്രശ്നം ബാധിച്ച സ്ഥലങ്ങളിൽ പുരട്ടി ചൊറിച്ചിൽ നിന്ന് മോചനം നേടുന്നു. മികച്ച ഫലങ്ങൾക്കായി ജ്യൂസ് കുടിക്കാനും ചർമ്മത്തിൽ പ്രയോഗിക്കാനും നിങ്ങൾക്ക് ശ്രമിക്കാം.

മുടിക്ക് പാവയ്ക്ക ജ്യൂസ് നൽകുന്ന ഗുണങ്ങൾ

മുടിയുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാനുള്ള കഴിവ് പാവയ്ക്ക ജ്യൂസിലെ കയ്പിന് ഉണ്ട്. താരൻ, മുടി കൊഴിച്ചിൽ, ചൊറിച്ചിൽ, അകാല നര തുടങ്ങിയ പ്രശ്നങ്ങളിൽ നിന്ന് മോചനം നേടുന്നതിന് പാവയ്ക്ക ജ്യൂസ് കുടിക്കുന്നതിനൊപ്പം മുടിയിൽ ഇത് നേരിട്ട് പുരട്ടാം. മുടിക്ക് പാവയ്ക്ക ജ്യൂസ് പകരുന്ന ധാരാളം ഗുണങ്ങൾ ഉണ്ട്.

താരൻ അകറ്റുന്നു: താരൻ ഒരു സാധാരണ പ്രശ്നമാണ്. താരൻ കഠിനമാകുമ്പോൾ, അത് അടരുകളായി തോളിൽ വീഴാൻ തുടങ്ങും, ഇത് വളരെയധികം മറ്റുള്ളവരുടെ മുമ്പിൽ വലിയ നാണക്കേടിലേക്ക് നിങ്ങളെ നയിക്കും. പാവയ്ക്ക ജ്യൂസിന്റെ സഹായത്തോടെ ഈ പ്രശ്നത്തെ സ്വാഭാവികവും ഫലപ്രദവുമായി നേരിടുവാൻ നമുക്ക് സാധിക്കും. പാവയ്ക്കയുടെ കഷ്ണങ്ങൾ മുടിയിൽ തേയ്ക്കുകയോ അതിന്റെ ജ്യൂസ് തൈരോ പഴുത്ത ഏത്തപ്പഴമോ ചേർത്ത് ശിരോചർമത്തിൽ നേരിട്ട് പുരട്ടുകയോ ചെയ്യുന്നത് ഈ പ്രശ്നം പരിഹരിക്കാൻ സഹായിക്കും. നിങ്ങളുടെ തലമുടിയിൽ 10-20 മിനുട്ട് നേരം ഇത് പുരട്ടി വയ്ക്കുക, തുടർന്ന് ഇളം ചൂടുള്ള വെള്ളത്തിൽ മുടി കഴുകുക.

മുടി കൊഴിച്ചിൽ തടയുന്നു: മുടികൊഴിച്ചിലിനെ ചികിത്സിക്കാൻ ഇത് സഹായിക്കുന്നു എന്നതാണ് പാവയ്ക്ക നീരിന്റെ മറ്റൊരു ഗുണം. നിരന്തരമായ സ്റ്റൈലിംഗും കളറിംഗും നിങ്ങളുടെ മുടിയിഴകളുടെ ആരോഗ്യത്തെ തകർക്കുകയും കഠിനമായ മുടി കൊഴിച്ചിലിന് കാരണമാവുകയും ചെയ്താൽ, നിങ്ങളുടെ ഭക്ഷണത്തിൽ പാവയ്ക്ക ചേർക്കുന്നത് ഉൾപ്പെടെ എല്ലാ മാറ്റങ്ങളും വരുത്തുക. പാവയ്‌ക്ക ജ്യൂസ് കുടിക്കുന്നതിനു പുറമേ കുറച്ച് പഞ്ചസാരയും ഇതിലേക്ക് ചേർത്ത് മുടിയിൽ നേരിട്ട് പ്രയോഗിക്കാം. ഇത് ഒരു ഹെയർ സ്‌ക്രബ് പോലെ പ്രവർത്തിച്ച്, നിങ്ങളുടെ ശിരോചർമത്തിൽ സൗമ്യമായി മസാജ് ചെയ്യുക. ഇത് ശിരോചർമ്മത്തെ ആഴത്തിൽ വൃത്തിയാക്കാനും രക്തചംക്രമണം പ്രോത്സാഹിപ്പിക്കാനും അതുവഴി മുടി കൊഴിച്ചിൽ തടയാനും മുടിയുടെ വളർച്ച വർദ്ധിപ്പിക്കുന്നതിനും സഹായകരമാകും.

അകാല നര തടയുന്നു: ചർമ്മമോ മുടിയോ ആകട്ടെ, വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ ഇരുപതുകളുടെ മധ്യത്തോടെ പ്രത്യക്ഷപ്പെടാൻ തുടങ്ങും. നരച്ച മുടി കാണിക്കുന്നതും വാർദ്ധക്യ പ്രക്രിയ സ്വീകരിക്കുന്നതും പൂർണ്ണമായും നല്ലതാണെങ്കിലും, ഇത് നിങ്ങളെ ശല്യപ്പെടുത്തുന്നുവെങ്കിൽ, അകാല നര ചികിത്സയ്ക്കുള്ള പ്രകൃതിദത്ത പരിഹാരം ഇതാ. ശുദ്ധമായ പാവയ്ക്ക ജ്യൂസ് കുടിച്ചതിനു ശേഷം, അവ കുറച്ചെടുത്ത് മുടിയുടെ വേരുകളിലും നര ഉള്ള ഭാഗങ്ങളിലും നേരിട്ട് പുരട്ടുക, 10 മിനിറ്റ് വച്ച ശേഷം വരണ്ടതാക്കുക. മികച്ച ഫലങ്ങൾക്കായി ചെറുചൂടുള്ള വെള്ളത്തിൽ മുടി കഴുകുക, ആഴ്ചയിൽ ഒരിക്കലെങ്കിലും ഈ പ്രക്രിയ ആവർത്തിക്കുക.

പാവയ്ക്ക ജ്യൂസ് എങ്ങനെ ഉണ്ടാക്കാം?

നിങ്ങൾക്ക് ആവശ്യമായ ചേരുവകൾ:

ഒരു വലിയ അല്ലെങ്കിൽ രണ്ട് ചെറിയ പാവയ്ക്ക, വെള്ളം, നാരങ്ങ നീര്, ഉപ്പ്, തേൻ

പാവയ്ക്ക നന്നായി വെള്ളത്തിൽ കഴുകുക, രണ്ട് അറ്റവും മുറിച്ച് നീക്കുക നിങ്ങൾ ഇതിന്റെ പരുക്കൻ അരികുകൾ ഉള്ള തൊലി നീക്കം ചെയ്യണ്ട ആവശ്യമില്ല. വിത്തുകൾ നീക്കം ചെയ്ത് ചെറിയ കഷണങ്ങളായി മുറിക്കുക എല്ലാ ചേരുവകളും ഒരു ബ്ലെൻഡറിൽ ഇട്ട് അടിച്ചെടുത്ത്, മിശ്രിതമാക്കുക ജ്യൂസ് അരിച്ചെടുക്കാൻ ഒരു അരിപ്പയിലൂടെ ഒഴിക്കുക. ഒരു ഗ്ലാസ്സിലേക്ക് പകർത്തി ഉടനെ തന്നെ കുടിക്കുക.

ദിവസവും പാവയ്ക്ക ജ്യൂസ് കുടിക്കാമോ?

പാവയ്ക്ക ജ്യൂസ് ദിവസവും കുടിക്കുന്നത് ശരീരത്തിന് ഗുണം ചെയ്യും, ഇത് പൂർണ്ണമായും സുരക്ഷിതമാണ്. എന്നിരുന്നാലും, എല്ലാം മിതമായി ചെയ്യണം. ഒരു ദിവസം ഒന്നിൽ കൂടുതൽ ഗ്ലാസ് കുടിക്കരുത്.

പാവയ്ക്ക ജ്യൂസ് കുടിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഏതാണ്?

പാവയ്ക്ക ജ്യൂസ് പകൽ ഏത് സമയത്തും കഴിക്കാം, എന്നിരുന്നാലും, ഇത് കുടിക്കാനുള്ള ഏറ്റവും നല്ല സമയം രാവിലെ വെറും വയറ്റിൽ ആണ്. ഇത് നിങ്ങൾക്ക് നല്ല ഫലങ്ങൾ നൽകുമെന്ന കാര്യം തീർച്ച!

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here