സാഗർ റാണ കൊലപാതകം: സുശീൽ കുമാറിനെ പ്രത്യേക സെല്ലിൽ പാർപ്പിക്കും

മുൻ ദേശീയ ജൂനിയർ ഗുസ്തി ചാമ്പ്യൻ സാഗർ റാണയെ കൊലപ്പെടുത്തിയ കേസിൽ ഒളിമ്പ്യൻ സുശീൽ കുമാറിനെ പ്രത്യേക സെല്ലിൽ പാർപ്പിക്കും. സന്ദർശകരെ കാണാനും അദ്ദേഹത്തിന് അനുമതിയില്ല. സുരക്ഷാ കാരണങ്ങളെ തുടർന്നാണ് നടപടി. ഡൽഹി മണ്ഡോലി ജയിലിലാണ് സുശീൽ കുമാറിനെ പാർപ്പിച്ചിരിക്കുന്നത്.
ഇന്നലെ സുശീൽ കുമാറിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. ഡൽഹി കോടതിയുടേതാണ് നടപടി. സുശീൽ കുമാറിനെ മൂന്ന് ദിവസത്തേക്കു കൂടി കസ്റ്റഡിയിൽ വെക്കാൻ അനുവദിക്കണമെന്ന് ഡൽഹി പൊലീസ് ആവശ്യപ്പെട്ടു എങ്കിലും കോടതി ആവശ്യം നിരസിച്ചു. നാല് ദിവസത്തെ പൊലീസ് കസ്റ്റഡിക്ക് പിന്നാലെയാണ് ഇന്ന് ഒളിമ്പിക്സ് താരത്തെ കോടതിയിൽ ഹാജരാക്കിയത്.
മെയ് നാലിന് ഡൽഹി ഛത്രസാൽ സ്റ്റേഡിയത്തിലെ പാർക്കിംഗ് മേഖലയിൽ നടന്ന സംഭവങ്ങളാണ് മുൻ ദേശീയ ജൂനിയർ ഗുസ്തി ചാമ്പ്യൻ സാഗർ റാണയുടെ കൊലപാതകത്തിലേക്ക് എത്തിയത്. കൈയിൽ വടിയുമായി സുശീൽ കുമാർ നിൽക്കുന്ന മട്ടിലുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. മർദ്ദനമേറ്റ് അവശരായ സാഗർ റാണയും സുഹൃത്തുക്കളും നിലത്ത് കിടക്കുന്നത് ദൃശ്യങ്ങളിൽ കാണാം. സുശീൽ കുമാറിന്റെ അടുത്ത സുഹൃത്ത് പ്രിൻസ് പകർത്തിയ ദൃശ്യങ്ങളെന്നാണ് റിപ്പോർട്ടുകൾ. ക്രൂരമർദ്ദനമേറ്റ സാഗർ റാണ മെയ് അഞ്ചിന് മരിച്ചു. ഗുണ്ടാസംഘങ്ങൾക്ക് അടക്കം കൊലപാതകത്തിൽ പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
Story Highlights: Sushil Kumar Kept In Separate Cell
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here