ഓഗ്ബച്ചെ മുംബൈ സിറ്റി വിടുന്നു; അടുത്ത തട്ടകം ഹൈദരാബാദെന്ന് സൂചന

നൈജീരിയൻ സ്ട്രൈക്കർ ബാർതലോമ്യു ഓഗ്ബച്ചെ ഐഎസ്എൽ ക്ലബ് മുംബൈ സിറ്റി എഫ്സി വിടുന്നു. മറ്റൊരു ഐഎസ്എൽ ക്ലബായ ഹൈദരാബാദ് എഫ്സിലേക്കാവും താരം കൂടുമാറുക എന്നാണ് റിപ്പോർട്ട്. ഒരു വർഷത്തെ കരാറിലാവും ഓഗ്ബച്ചെ ഹൈദരാബാദിലെത്തുക. കേരള ബ്ലാസ്റ്റേഴ്സിൽ നിന്നാണ് താരം കഴിഞ്ഞ സീസണിൽ മുംബൈയിലെത്തിയത്.
കഴിഞ്ഞ സീസണിൽ മുംബൈ സിറ്റിക്കായി എട്ട് ഗോളുകൾ നേടിയ ഓഗ്ബച്ചെ 3 അസിസ്റ്റുകളും സ്വന്തം പേരിൽ കുറിച്ചു. ലീഗ് ഡബിൾ അടിച്ച മുംബൈയുറ്റെ പ്രകടനത്തിൽ ഓഗ്ബച്ചെ നിർണായക സ്വധീനമാണ് ചെലുത്തിയത്.
പിഎസ്ജിയുടെ യൂത്ത് ടീമിലൂടെ വളർന്നു വന്ന ഓഗ്ബച്ചെ സീനിയർ ടീമിൽ 60ലധികം തവണ കളിച്ചു. 2018-19 സീസണിൽ നോർത്തീസ്റ്റിനായി 12 ഗോളുകളാണ് താരം നേടിയത്. നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സിലെത്തിയതാണ് ഓഗ്ബച്ചെ. ടീമിൻ്റെ പ്രകടനം അത്ര മെച്ചപ്പെട്ടതായിരുന്നില്ലെങ്കിലും ഓഗ്ബച്ചെ ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചത്. സീസണിൽ 16 മത്സരങ്ങളിൽ നിന്ന് 15 ഗോളുകൾ നേടി ഉജ്ജ്വല ഫോമിലായിരുന്നു താരം. നോർത്തീസ്റ്റിൽ നിന്ന് പരിശീലകൻ ഷറ്റോരിയോടൊപ്പം എത്തിയ നൈജീരിയൻ താരം അദ്ദേഹം പോകുന്നതോടെ ക്ലബ് വിടും എന്ന് സൂചന ഉണ്ടായിരുന്നു. എന്നാൽ പിന്നീട് താരം ക്ലബുമായി ഒരു വർഷത്തേക്ക് കൂടി കരാർ നീട്ടിയെന്ന റിപ്പോർട്ടുകളും ഉയർന്നു. എന്നാൽ, സീസണ് ഒടുവിൽ മുംബൈ താരത്തെ ടീമിലെത്തിക്കുകയായിരുന്നു.
Story Highlights: Bartholomew Ogbeche set to join Hyderabad FC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here