ജഡ്ജിക്ക് നേരെ ചെരിപ്പെറിഞ്ഞു; ഗുജറാത്ത് സ്വദേശിക്ക് 18 മാസം തടവ്

ജഡ്ജിക്ക് നേരെ ചെരിപ്പെറിഞ്ഞയാൾക്ക് 18 മാസം തടവ്. ഗുജറാത്തിലാണ് സംഭവം. ഭവാനിദാസ് ബാവാജി എന്ന ചായക്കടക്കാരനെയാണ് മിർസാപൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് വിഎ ധദാൽ ശിക്ഷിച്ചത്. ഇന്ത്യൻ ശിക്ഷാനിയമം 353 പ്രകാരം ഭവാനിദാസ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. 2012ലായിരുന്നു ശിക്ഷയ്ക്ക് കാരണമായ സംഭവം.
കേസ് അനന്തമായി നീട്ടിവെക്കുന്നതിലെ ദേഷ്യം കാരണമാണ് ജഡ്ജിക്ക് നേരെ ചെരിപ്പെറിഞ്ഞതെന്ന് ഭവാനിദാസ് കോടതിയിൽ വെളിപ്പെടുത്തി. എന്നാൽ, ഡ്യൂട്ടിയിലുള്ള സർക്കാർ ഉദ്യോഗസ്ഥൻ്റെ ജോലി തടസപ്പെടുത്തുകയാണ് ഇയാൾ ചെയ്തതെന്ന് കോടതി നിരീക്ഷിച്ചു. 18 മാസത്തെ തടവ് വിധിച്ചെങ്കിലും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ആൾ ആയതുകൊണ്ട് തന്നെ ഭവാനിദാസിന് പിഴ വിധിച്ചില്ല.
2012 ഏപ്രിൽ 11ന് ഒരു കേസിൻ്റെ വാദം നടക്കവേയാണ് പ്രതി ജഡ്ജിക്ക് നേരെ ചെരിപ്പെറിഞ്ഞത്. കാലിൽ കിടന്ന രണ്ട് ചെരിപ്പുകളും ഇയാൾ ഊരി എറിഞ്ഞു. എന്നാൽ, ഇവ രണ്ടും ജഡ്ജിയുടെ ദേഹത്ത് കൊണ്ടില്ല. എന്തിനാണ് ചെരിപ്പ് എറിഞ്ഞതെന്ന് ജഡ്ജി ചോദിച്ചപ്പോൾ കേസ് നീണ്ടുപോകുന്നതിൻ്റെ ദേഷ്യത്തിൽ ചെയ്തതാണെന്ന് ഇയാൾ മറുപടി നൽകി. പിന്നീട് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
വഴിയരികിൽ ചായക്കട നടത്തുകയായിരുന്നു ഭവാനിദാസ്. ഇത് നിയമവിരുദ്ധമാണെന്നും ചായക്കട നീക്കം ചെയ്യണമെന്നും മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടു. എന്നാൽ, കോടതിയിൽ നിന്ന് ഭവാനി ദാസ് കട ഒഴിപ്പിക്കലിന് സ്റ്റേ വാങ്ങി. പിന്നീട് മുനിസിപ്പാലിറ്റി ഹൈക്കോടതിയെ സമീപിച്ചു. കോടതി വിധി അനുസരിച്ച് മുനിസിപ്പാലിറ്റി ഇയാളുടെ ചായക്കട പൊളിച്ചുമാറ്റി. ഇതോടെ ഭവാനിദാസ് തൊഴിൽരഹിതനായി. ഇതേതുടർന്ന്, പണമില്ലാതെ തനിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായെന്നും തനിക്ക് ഭിക്ഷയെടുക്കേണ്ടി വന്നു എന്നും ഇയാൾ ആരോപിച്ചു. ഈ കേസ് നീണ്ട് പോവുകയായിരുന്നു.
Story Highlights: Man Jailed For Throwing Sandals At Judge
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here