Advertisement

ഈ അഞ്ച് രുചിക്കൂട്ടുകൾ മതി; പനിക്കാലത്തെ ക്ഷീണം പമ്പ കടക്കും

June 5, 2021
Google News 0 minutes Read

പനിയോ ജലദോഷമോ പിടിപെട്ടാൽ ശരീരത്തിൻറെ ഊർജം എല്ലാം നഷ്ടപെടുമെന്നതിൽ ഒരു സംശയവുമില്ല. ഇത്തരം സന്ദർഭങ്ങളിൽ കട്ടി ആഹാരങ്ങൾ നാം ഒഴിവാക്കുന്നതും പതിവാണ്. ഈ അവസ്ഥയിൽ എളുപ്പത്തിൽ ദഹിക്കുന്ന 5 ആരോഗ്യപരമായ രുചിക്കൂട്ടുകൾ പരിചയപ്പെടാം.

മുട്ട സാലഡ്

മുട്ടയിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്, രോഗപ്രതിരോധത്തിന് ഇതിലും മികച്ചൊരു ഭക്ഷണം ഇല്ല. പുഴുങ്ങിയ മുട്ട കൊണ്ട് രുചികരമായ സാലഡ് തയാറാക്കാം.

ചേരുവകൾ

മുട്ട – 2 (പുഴുങ്ങിയത്)
സവാള – 2 ടേബിൾസ്പൂൺ
തക്കാളി – 2 ടേബിൾസ്പൂൺ
കാപ്സിക്കം – 2 ടേബിൾസ്പൂൺ
കുരുമുളകുപൊടിയും ഉപ്പും – ആവശ്യത്തിന്

തയാറക്കുന്ന വിധം

പുഴുങ്ങിയ മുട്ട പകുതിയായി മുറിക്കുക. ഉപ്പും കുരുമുളകും ഇതിന് മുകളിൽ വിതറുക. സവാള, തക്കാളി, കാപ്സിക്കം എന്നിവ ചേർത്ത് യോജിപ്പിച്ച് കഴിക്കാം.

ചിക്കൻ സൂപ്പ്

ചിക്കൻ സൂപ്പ്, ഇതിലുള്ള പ്രോട്ടീൻ ശരീരത്തിന് ഊർജം ലഭിക്കാൻ ഏറ്റവും മികച്ചരുചിക്കൂട്ടാണ്.

ചേരുവകൾ

ചിക്കൻ – 500 ഗ്രാം (പിച്ചിയത്)
സവാള – 1
കാരറ്റ് – 1
ബട്ടർ – 1 ടേബിൾസ്പൂൺ
സെലറി സ്റ്റിക്ക് – 2
പാഴ്സലി – 1 ടേബിൾസ്പൂൺ
കോൺഫ്ലോർ – 1 ടീസ്പൂൺ
ഉപ്പ്, കുരുമുളക് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

സവാള, കാരറ്റ്, സെലറി എന്നിവ ചെറുതായി അരിഞ്ഞു വയ്ക്കുക. ഫ്രൈയിങ് പാനിൽ ബട്ടർ ചൂടാക്കി പച്ചക്കറികൾ ചേർത്ത് വഴറ്റി എടുക്കുക. ചിക്കൻ ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിച്ച് എടുക്കുക. വഴറ്റി എടുത്ത പച്ചക്കറികളും ചിക്കനിലേക്ക് ചേർക്കുക. കോൺഫ്ലോർ ഒരു സ്പൂൺ വെള്ളം ചേർത്ത് കലക്കി സൂപ്പിലേക്ക് ചേർക്കുക. 10 മിനിറ്റ് ചെറിയ തീയിൽ വയ്ക്കുക. ആവശ്യത്തിന് ഉപ്പും കുരുമുളകും ചേർക്കാം. അരിഞ്ഞെടുത്ത പാഴ്സ്​ലി വിതറി ചൂടോടെ വിളമ്പാം.

കടലമാവ് ഷീർ

മൂക്ക് അടപ്പും തൊണ്ടവേദനയും മാറ്റാൻ വളരെ നല്ലൊരു രുചിക്കൂട്ടാണിത്.

ചേരുവകൾ

നെയ്യ് – 1 ടേബിൾസ്പൂൺ
കടലമാവ് – 2 ടേബിൾസ്പൂൺ
പാൽ – 1 കപ്പ്
ശർക്കര പൊടിച്ചത് അല്ലെങ്കിൽ ബ്രൗൺ ഷുഗർ – 1 ടേബിൾസ്പൂൺ
കുരുമുളകുപൊടി – ¼ ടീസ്പൂൺ
മഞ്ഞൾപ്പൊടി – ഒരു നുള്ള്

തയാറാക്കുന്ന വിധം

ഫ്രൈയിങ് പാനിൽ നെയ്യ് ചൂടാക്കി കടലമാവ് ചേർത്ത് വറുത്തെടുക്കുക. ഇതിലേക്ക് പാൽ ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് കുരുമുളകുപൊടിയും മഞ്ഞൾപ്പൊടിയും ചേർത്ത് തിളയ്ക്കുന്നത് വരെ ഇളക്കി എടുക്കാം. ആവശ്യത്തിന് മധുരം ചേർത്ത് ചൂടോടെ കുടിക്കാം.

റവ ഉപ്പുമാവ്

എളുപ്പത്തിൽ ദഹിക്കുന്ന ഉപ്പുമാവ് പച്ചക്കറികളും ചേർത്ത് തയാറാക്കിയാൽ കൂടുതൽ പോഷകങ്ങൾ ലഭിക്കും. പനിയുള്ളപ്പോൾ കഴിക്കാം, എളുപ്പത്തിൽ ദഹിക്കുന്ന വിഭവമാണ്.

ചേരുവകൾ

വെള്ളം – 2 കപ്പ്
റവ – 1 കപ്പ്
കടുക് – 1 ടേബിൾസ്പൂൺ
കറിവേപ്പില
കടലപ്പരിപ്പ് – 1 ടേബിൾസ്പൂൺ
വേവിച്ച ഗ്രീൻ പീസ് – 1/4 കപ്പ്
കാരറ്റ് – 1
നെയ്യ് – 2 ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഫ്രൈയിങ് പാനിൽ നെയ്യ് ചൂടാക്കുക. കടുകും കറിവേപ്പിലയും കടലപ്പരിപ്പും ചേർത്ത് പൊട്ടിക്കുക. ചെറുതായി അരിഞ്ഞ കാരറ്റും ഗ്രീൻപീസും ഇതിലേക്ക് ചേർത്ത് യോജിപ്പിക്കാം. റവയും ചേർത്ത് നാല് മിനിറ്റ് വറുത്തെടുക്കാം. കരി‍ഞ്ഞു പോകരുത്. സ്വർണ്ണ നിറമാകുമ്പോൾ ഇതിലേക്ക് വെള്ളം ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം. ആവശ്യത്തിന് ഉപ്പും ചേർത്ത് അഞ്ചു മിനിറ്റ് വേവിക്കാം. കട്ടിയായി തുടങ്ങുമ്പോൾ തീ ഓഫ് ചെയ്യാം. തേങ്ങാ ചട്ണി അല്ലെങ്കിൽ മിന്റ് ചട്ണിക്ക് ഒപ്പം കഴിക്കാം.

ഖിച്ച്ഡി

മല്ലിയിലയും നാരങ്ങാനീരും മിന്റ് ചട്ണിക്കും ഒപ്പം കഴിക്കാവുന്ന രുചികരമായ ഖിച്ച്ഡി.

ചേരുവകൾ

പരിപ്പ് – ½ കപ്പ്
അരി – ½ കപ്പ്
മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ
ജീരകം – ½ ടീസ്പൂൺ
ബേ ലീഫ് – 1
ഗ്രാമ്പു – 2
വെള്ളം – 2 കപ്പ്
ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

പ്രഷർ കുക്കറിൽ നെയ്യ് ചൂടാക്കി ബേ ലീഫ്, ഗ്രാമ്പൂ എന്നിവ ചേർത്ത് വഴറ്റുക. ഇതിലേക്ക് ജീരകം ചേർത്ത് പൊട്ടിക്കുക. പരിപ്പും അരിയും ചേർത്ത് നന്നായി യോജിപ്പിക്കുക. മഞ്ഞൾപ്പൊടിയും വെള്ളവും ചേർത്ത് വേവിച്ച് എടുക്കാം.

ശ്രദ്ധിക്കാൻ

വറുത്തതും ക്രീമിയും മധുരം കൂടുതൽ ഉള്ളതുമായ ഭക്ഷണങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here