എന്തു ചെയ്തിട്ടും തടി കുറയുന്നില്ലെന്ന് പരാതിയുണ്ടോ?; ഈ ശീലങ്ങള്‍ മാറ്റിനോക്കൂ

പലവിധ ആരോഗ്യപ്രശ്‌നങ്ങള്‍ കൊണ്ട് വണ്ണം കുറയ്ക്കാന്‍ ആത്മാര്‍ഥമായി ശ്രമിച്ചിട്ടും ഉദ്ദേശിച്ചതുപോലെ ഫലമുണ്ടാകുന്നില്ലെന്ന് പരാതിപ്പെടുന്ന കുറേയേറെ ആളുകളുണ്ട്. ഇക്കൂട്ടര്‍ പിന്തുടരുന്ന ഡയറ്റ് പ്ലാനിന്റേയും വര്‍ക്ക് ഔട്ട് ശീലങ്ങളിലേയും പ്രശ്‌നങ്ങള്‍ കൊണ്ടുമാകാം ചിലപ്പോള്‍ ഇങ്ങനെ സംഭവിക്കുന്നത്. ഇവ മാറ്റിപ്പിടിച്ചിട്ടും ശരിയായില്ലെങ്കില്‍ ഒരുപക്ഷേ വില്ലന്മാര്‍ നിങ്ങളുടെ ചില ശീലങ്ങളാകാം. നിങ്ങളുടെ വെയ്റ്റ് ലോസ് യാത്ര കൂടുതല്‍ ഫലപ്രദമാക്കാന്‍ താഴെപ്പറയുന്ന ശീലങ്ങള്‍ ഒന്ന് ഒഴിവാക്കി നോക്കൂ. (habits you should avoid for weight loss)
പ്രഭാത ഭക്ഷണം ഒഴിവാക്കരുത്
രാത്രി മുഴുവന്‍ നീണ്ട ഇടവേളയ്ക്കുശേഷം കഴിക്കുന്ന ഭക്ഷണം എന്ന നിലയില്‍ പ്രഭാത ഭക്ഷണത്തിന് ഏറെ പ്രാധാന്യമുണ്ട്. എഴുന്നേറ്റ് പരമാവധി മൂന്ന് മണിക്കൂറിനുള്ളില്‍ പോഷകസമൃദ്ധമായ പ്രഭാത ഭക്ഷണം കഴിക്കുക. ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കുകയും രാവിലെ നേരത്ത് അനാവശ്യ സ്‌നാക്കുകള്‍ കൊറിക്കുകയും ചെയ്യുന്ന ശീലം ഒഴിവാക്കുക. ഇത് നിങ്ങളുടെ ദഹനപ്രക്രിയയാകെ മാറ്റിമറിക്കും.
ഡിന്നറിന് ശേഷം കൊറിക്കല്‍ വേണ്ട
രാത്രി പരമാവധി നേരത്തെ ഭക്ഷണം കഴിക്കാന്‍ ശീലിച്ചതുകൊണ്ട് മാത്രമായില്ല അത്താഴത്തിന് ശേഷം കൊറിക്കാനെന്തെങ്കിലും ഉണ്ടോ എന്ന് അടുക്കളയില്‍ പരതുന്ന ശീലവും ഒഴിവാക്കണം. അത്താഴം കഴിച്ചതിന് ശേഷം രാത്രി വീണ്ടും ചെറിയ മിഠായി പോലും കഴിക്കുന്നത് നിങ്ങളുടെ വണ്ണം നിയന്ത്രിക്കാനുള്ള ശ്രമങ്ങളെ തകര്‍ക്കും. അത്താഴശേഷം ഉടന്‍ പല്ല് തേക്കുന്നത് ഇത്തരം അനാവശ്യമായ കൊറിക്കല്‍ നിയന്ത്രിക്കാന്‍ ഒരു പരിധി വരെ സഹായിക്കും.
വിഴുങ്ങരുത് ചവച്ചരച്ച് കഴിക്കാം
വിശന്നിരിക്കുമ്പോള്‍ മുന്നില്‍ ഭക്ഷണം കൊണ്ടുവരുമ്പോള്‍ ഉടന്‍ വലിയ ഉരുളകള്‍ വായിലേക്ക് തള്ളി അല്‍പം മാത്രം ചവച്ച് ബാക്കി വിഴുങ്ങുന്നവരാണോ നിങ്ങള്‍? ഈ ശീലം നിങ്ങളുടെ ദഹന പ്രക്രിയയെ ആകെ താറുമാറാക്കിയേക്കാം. ചെറിയ ഉരുളകളായി ഭക്ഷണം വായില്‍ വച്ച് ചവച്ചരച്ച് രുചിയറിഞ്ഞ് കഴിക്കാന്‍ ശ്രദ്ധിക്കാം.
പാലിക്കാവുന്ന പ്രതിജ്ഞകള്‍ മാത്രം മതി
കാലക്രമേണ ശരീരത്തില്‍ നിക്ഷേപിക്കപ്പെട്ട കൊഴുപ്പിനെ ഞൊടിയിടയില്‍ ഉരുക്കി കളയാമെന്നുള്ള അതിമോഹം ആദ്യം ഉപേക്ഷിക്കുക. പട്ടിണി കിടന്നല്ല വണ്ണം കുറയ്‌ക്കേണ്ടത്. ഇത്തരം അതി കഠിന ഡയറ്റുകള്‍ താത്ക്കാലികമായി ഫലം കണ്ടാലും അവ പിന്തുടരാന്‍ നിങ്ങള്‍ വല്ലാതെ ബുദ്ധിമുട്ടേണ്ടി വരും. ഇത്തരം ഡയറ്റുകള്‍ വലിയ റിസ്‌കുമാണ്. നിങ്ങളെക്കൊണ്ട് എന്തുചെയ്യാന്‍ പറ്റുമെന്ന് വിലയിരുത്തി അത്തരം പ്രതിജ്ഞ മാത്രം ചെയ്യുക. വണ്ണം കുറയുന്നത് വളരെ പയ്യെ മാത്രം സംഭവിക്കുന്ന പ്രക്രിയ ആണെന്ന് മനസിലാകുക. വളരെപ്പെട്ടെന്ന് നിരാശരാകാതിരിക്കുക.
Story Highlights: habits you should avoid for weight loss