ശ്രീലങ്കയില്‍ തീപിടിച്ച് മുങ്ങിയ കപ്പലില്‍ ഇന്ധന ചോര്‍ച്ച; കൊച്ചിയിലും ജാഗ്രത

രാസവസ്തുക്കളടങ്ങിയ കണ്ടെയ്നര്‍ കയറ്റിയ ചരക്കുകപ്പല്‍ ശ്രീലങ്കന്‍ കടലില്‍ തീപിടിച്ച് മുങ്ങിയതിനെ തുടര്‍ന്ന് 50 മൈല്‍ ദൂരത്തോളം തീര മേഖല ആശങ്കയില്‍. കേരള തീരത്തേക്കും തമിഴ്നാട്ടിലേക്കും ദൂഷ്യഫലങ്ങള്‍ എത്താന്‍ നാളേറെ വേണ്ടെന്നാണ് സമുദ്ര ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. അതിനാല്‍, കൊച്ചി, തൂത്തുക്കുടി, ചെന്നൈ തുറമുഖങ്ങളില്‍ ജാഗ്രത നിര്‍ദേശമുണ്ട്.
എം.വി എക്സ്പ്രസ് പേള്‍ എന്ന സിങ്കപ്പൂര്‍ ചരക്കുകപ്പലാണ് പാതി മുങ്ങിയത്. ശ്രീലങ്കന്‍ തീരത്ത് വന്‍തോതില്‍ മാലിന്യക്കൂമ്പാരം വന്നടിഞ്ഞു. കടലിലാകെ ഇന്ധനം പരന്നു. ദിവസങ്ങള്‍ പിന്നിട്ടിട്ടും കപ്പലിലെ തീ അണക്കാനായില്ല. മീനുകള്‍ ചത്തുപൊങ്ങുന്നുണ്ട്.
കൊളംബോയുടെ തീരത്തുവച്ചാണ് മേയ് 21ന് കപ്പലിന് തീപിടിച്ചത്. ഖത്തറില്‍നിന്ന് ഇന്ത്യയിലേക്ക് യാത്ര തിരിച്ചതാണ് കപ്പല്‍. തീപിടിച്ച് 12 ദിവസം പിന്നിട്ടപ്പോഴാണ് കപ്പല്‍ മുങ്ങിത്തുടങ്ങിയത്.
1,486 കണ്ടെയ്നറുകളാണ് കപ്പലിലുള്ളത്. ഇതില്‍ 25 മെട്രിക് ടണ്‍ നൈട്രിക് ആസിഡും മറ്റു രാസവസ്തുക്കളും അടക്കം 81 എണ്ണത്തില്‍ അപകടകാരികളായ വസ്തുക്കളാണ് ഉള്ളതെന്നാണ് അധികൃതര്‍ പറയുന്നത്. പ്ലാസ്റ്റിക് കൂമ്പാരം വന്‍തോതില്‍ കരക്കടിഞ്ഞിട്ടുണ്ട്. ഇവ നീക്കാനുള്ള ശ്രമം ശ്രീലങ്കന്‍ സേന തുടരുകയാണ്. നൂറുകണക്കിന് ശ്രീലങ്കന്‍ നാവിക സേനാംഗങ്ങള്‍ക്കൊപ്പം ഇന്ത്യന്‍ സേനയും ദുരിതാശ്വാസ രക്ഷാപ്രവര്‍ത്തനത്തിന് കൈകോര്‍ത്തിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here