മെഹുൽ ചോക്സി; റാഞ്ചൽ ആരോപണം ആന്റിഗ്വ സർക്കാർ അന്വേഷിക്കും

ഡൊമിനിക്കയിലേക്ക് തന്നെ റാഞ്ചിക്കൊണ്ടുപോയതാണെന്ന ബാങ്ക് വായ്പ തട്ടിപ്പു കേസ് പ്രതി മെഹുൽ ചോക്സിയുടെ പരാതിയിൽ ആന്റിഗ്വ സർക്കാർ അന്വേഷണം തുടങ്ങി. തട്ടിക്കൊണ്ടുപോയവരുടെ പേരുകൾ ചോക്സിയുടെ അഭിഭാഷകർ കൈമാറിയതായും പരാതി സത്യമാണെങ്കിൽ വിഷയം വളരെ ഗൗരവമുള്ളതാണെന്നും ആന്റിഗ്വൻ പ്രധാനമന്ത്രി ഗാസ്റ്റൻ ബ്രൗൺ വ്യക്തമാക്കി.
ആന്റിഗ്വയിലെ ജോളി ഹാർബറിൽ കാമുകിയുമായി കറങ്ങാൻ പോയപ്പോഴാണു പിടികൂടിയതെന്ന് ആന്റിഗ്വൻ പ്രധാനമന്ത്രി നേരത്തെ പറഞ്ഞത്. എന്നാൽ കാമുകിയായി വന്നത് തട്ടിക്കൊണ്ടുപോകാൻ നിയോഗിക്കപ്പെട്ട സംഘത്തിലെ അംഗമായിരുന്നു എന്നാണ് ചോക്സിയുടെ ആരോപണം.
സഹോദരീ പുത്രൻ നീരവ് മോദിയുമായി ചേർന്നു പഞ്ചാബ് നാഷനൽ ബാങ്കിൽനിന്നു 13,500 കോടി രൂപയുടെ വായ്പത്തട്ടിപ്പു നടത്തിയ കേസിലെ പ്രതിയാണ് വജ്രവ്യാപാരിയായ ചോക്സി. ചോക്‌സി 2018 മുതൽ ആന്റിഗ്വയിലാണ് കഴിയുന്നത്.
ഡൊമിനിക്കൻ കോടതിയിൽനിന്ന് ചോക്സിയെ വിട്ടുകിട്ടണമെന്ന ഹർജിയിൽ അനുകൂല വിധി ലഭിച്ചാൽ ഇന്ത്യയിൽ എത്തിക്കാൻ സിബിഐ, ഇഡി സംഘം കഴിഞ്ഞയാഴ്ച പ്രത്യേക വിമാനത്തിൽ പോയിരുന്നു. എന്നാൽ കേസ് ഡൊമിനിക്കൻ ഹൈക്കോടതി ഒരുമാസത്തേക്ക് നീട്ടിവച്ചു. ഇപ്പോൾ ഡൊമിനിക്കയിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ചോക്സി.
Story Highlights: Antigua government investigating Choksi complaint
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here