ജോജുവിന്റെ എതിരാളി ഹോളിവുഡ് താരം ജെയിംസ് കോസ്‌മോ
ധനുഷിനെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ജഗമേ തന്തിരം നെറ്റ്ഫ്‌ലിക്‌സ് റിലീസിനൊരുങ്ങുന്നു. ജൂണ്‍ ഒന്നിന് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിങ്ങുകയും അത് വലിയ തരംഗമാവുകയും ചെയ്തു. ധനുഷിനു പുറമെ ജോജു ജോര്‍ജ്ജ്, ഐശ്വര്യ ലക്ഷ്മി എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു. കൂടാതെ ഹോളിവുഡ് താരം ജെയിംസ് കോസ്‌മോയും ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്.
ജോജുവിന്റെ ഏതിരാളിയുടെ വേഷത്തിലാണ് ചിത്രത്തില്‍ ജെയിംസ് കോസ്‌മോ വേഷമിടുന്നത്. ട്രോയ്, ബ്രേവ് ഹാര്‍ട്ട് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടംനേടിയ ജെയിംസ് കോസ്മയ്‌ക്കൊപ്പം അഭിനയിക്കാന്‍ സാധിച്ചത് ഭാഗ്യമാണെന്ന് ജോജു പറയുന്നു.
ലണ്ടന്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ജഗമേ തന്തിരത്തില്‍ ശിവദാസ് എന്ന അതിശക്തനായ ഗ്യാങ്സ്റ്റര്‍ റോളിലാണ് ജോജു ജോര്‍ജ്ജ് എത്തുന്നത്. കാര്‍ത്തിക് സുബ്ബരാജിന്റെ കടുത്ത ആരാധകന്‍ കൂടിയായ ജോജു ഈ സിനിമയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ അതീവ ആവേശത്തിലാണ്.
”ഞാന്‍ ഒരു വലിയ കാര്‍ത്തിക് സുബ്ബരാജ് ആരാധകനാണ്. പിസ്സ കണ്ടതിനുശേഷം ഞാന്‍ കാര്‍ത്തിക് സുബ്ബരാജിനെ കാണാന്‍ ശ്രമിച്ചു, പക്ഷേ എനിക്ക് അവസരം ലഭിച്ചില്ല. ജഗമേ തന്തിരത്തിന്റെ എഡിറ്ററായ വിവേക് ഹര്‍ഷന്‍, ദിമല്‍ ഡെന്നിസ് എന്നിവരിലൂടെ അദ്ദേഹത്തെ കാണാനുള്ള അവസരം എനിക്ക് ലഭിച്ചു. കാര്‍ത്തിക് എന്നോട് ഓഡിഷൻ വേണമെന്ന് ആവശ്യപ്പെട്ടു, കാരണം ഇത് ഒരു വലിയ കഥാപാത്രമാണ്. അദ്ദേഹം എന്നോട് ഒരു രംഗം വിവരിക്കുകയും എന്നോട് അഭിനയിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. തമിഴിലെ ഡയലോഗുകള്‍ ഞാന്‍ പറഞ്ഞു. അദ്ദേഹം എന്നെ നോക്കി പുഞ്ചിരിച്ചു”- ജോജു പറഞ്ഞു.
ജൂണ്‍ 18-നു ലോകം മുഴുവന്‍ 190 രാജ്യങ്ങളിലായി നെറ്റ്ഫ്‌ളിക്‌സിലൂടെ ജഗമേ തന്തിരം റിലീസ് ചെയ്യും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here