കോപ്പ അമേരിക്ക: സർപ്രൈസുകളില്ലാതെ ബ്രസീൽ ടീം

കോപ്പ അമേരിക്കയ്ക്കുള്ള ബ്രസീലിൻ്റെ 24 അംഗ ടീം പ്രഖ്യാപിച്ച് പരിശീലകൻ ടിറ്റെ. ചെൽസിയുടെ മുതിർന്ന പ്രതിരോധ നിര താരം തിയാഗോ സിൽവ മടങ്ങിയെത്തിയതു മാത്രമാണ് ടീമിൽ എടുത്തുപറയാനുള്ളത്. ബാക്കിയുള്ളവരൊക്കെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ കളിച്ച താരങ്ങൾ തന്നെയാണ്. പരുക്കേറ്റതിനെ തുടർന്ന് ഇക്കഴിഞ്ഞ രണ്ട് ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലും തിയാഗോ സിൽവ കളിച്ചിരുന്നില്ല. അതേസമയം, കുട്ടീഞ്ഞോയ്ക്ക് ടീമിൽ ഇടം ലഭിച്ചില്ല.
ഞായറാഴ്ച വെനിസ്വേലക്കെതിരെയാണ് ബ്രസീലിൻ്റെ ആദ്യ മത്സരം. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ഒന്നിൽ പോലും തോൽവി അറിയാതെയാണ് ബ്രസീൽ എത്തുന്നത്. കൊവിഡ് ബാധ രൂക്ഷമായ ബ്രസീലിൽ കോപ്പ അമേരിക്ക നടത്തുന്നതിനെതിരെ ടീം അംഗങ്ങൾ തന്നെ രംഗത്തെത്തി എന്ന് റിപ്പോർട്ടുകൾ ഉയർന്നിരുന്നു. എന്നാൽ, പിന്നീട് താരങ്ങൾ ടൂർണമെൻ്റിൽ കളിക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കി.
കോപ്പ അമേരിക്ക ബ്രസീലിൽ തന്നെ നടത്താൻ സുപ്രിം കോടതി അനുവാദം നൽകിയിരുന്നു. രാജ്യത്ത് കൊവിഡ് കേസുകൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ കോപ്പ നടത്തുന്നതിനെതിരെ സമർപ്പിച്ച ഹർജിയിലാണ് കോടതി വിധി പ്രസ്താവിച്ചത്. കോപ്പ അമേരിക്ക രാജ്യത്ത് നടത്താൻ അനുവദിക്കണമോ എന്ന വോട്ടെടുപ്പിൽ ചീഫ് ജസ്റ്റിസ് ഉൾപ്പെടെ 11 ജഡ്ജിമാരും അനുകൂലമായി വോട്ട് ചെയ്തു. ബ്രസീലിയൻ സോഷ്യലിസ്റ്റ് പാർട്ടിയും തൊഴിലാളി സംഘടനയുമാണ് കോടതിയിൽ ഹർജി സമർപ്പിച്ചത്.
Story Highlights: copa america brazil team announced
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here