ഐസിഎംആര്‍ ദേശീയ സെറോ സര്‍വേ ആരംഭിക്കും

ഐസിഎംആര്‍ ദേശീയ സെറോ സര്‍വേ ഈ മാസം ആരംഭിക്കും. സംസ്ഥാനതല സെറോ സര്‍വേകള്‍ തുടരണമെന്ന് നീതി അയോഗ് അംഗം ഡോ. വി കെ പോള്‍ നിര്‍ദേശിച്ചു. അതേസമയം അണ്‍ലോക്കില്‍ ജാഗ്രത കൈവിടരുതെന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
രാജ്യത്ത് എത്ര ശതമാനം പേര്‍ക്ക് കൊവിഡ് ബാധയുണ്ടെന്ന് കണ്ടെത്തുന്നതിനാണ് സെറോ സര്‍വേ. ഇത് നടത്താനുള്ള തയ്യാറെടുപ്പുകള്‍ അന്തിമ ഘട്ടത്തിലാണ്. രാജ്യത്ത് കൊവിഡ് നിരക്കില്‍ 78% കുറവ് വന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അവകാശപ്പെട്ടു.
അഞ്ചാഴ്ചയായി കൊവിഡ് നിരക്ക് കുറയുകയാണ്. രോഗമുക്തി നിരക്ക് 94.9% ആയി. തുടര്‍ച്ചയായ നാലാം ദിവസവും റിപ്പോര്‍ട്ട് ചെയ്തത് ഒരു ലക്ഷത്തില്‍ താഴെ കേസുകള്‍ ആണ്. എന്നാല്‍ അണ്‍ലോക്കില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്നും കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
അതേസമയം 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് 3403 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. കൊവിഡ് മുന്നണിപോരാളികള്‍ക്ക് അടിയന്തരമായി രണ്ടാം ഘട്ട വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കുന്നതിന് മുന്‍ഗണന മുന്നണിപോരാളികള്‍ക്കായിരിക്കണമെന്നാണ് നിര്‍ദേശം.
Story Highlights: icmr, sero survey, covid 19