ഉദ്ഘാടന മത്സരത്തിനിറങ്ങേണ്ട വെനിസ്വേല ടീമിൽ 12 പേർക്ക് കൊവിഡ്; കോപ്പ അമേരിക്ക പ്രതിസന്ധിയിൽ

കോപ്പ അമേരിക്കയിൽ പ്രതിസന്ധികൾ ഒഴിയുന്നില്ല. വെനിസ്വേല ടീമിൽ 12 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു എന്ന വാർത്തയാണ് കോപ്പയിലെ പുതിയ പ്രതിസന്ധി. ടീമിലെ താരങ്ങളും സപ്പോർട്ട് സ്റ്റാഫും ഈ 12 പേരിൽ ഉൾപ്പെടുന്നു. ആതിഥേയനായ ബ്രസീലിനെതിരെയുള്ള ഉദ്ഘാടന മത്സരം കളിക്കേണ്ട ടീമാണ് വെനിസ്വേല.
12 കേസുകളിൽ 6 കേസുകളും താരങ്ങളിലാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ആരും രോഗലക്ഷണങ്ങൾ കാണിച്ചിരുന്നില്ല. നിലവിൽ കൊവിഡ് ബാധിതരായവരെല്ലാം ഐസൊലേഷനിൽ കഴിയുകയാണ്. കൊവിഡ് ബാധിതരായ താരങ്ങളെ ഒഴിവാക്കി പകരം താരങ്ങളെ കളിപ്പിക്കാൻ ലാറ്റിനമേരിക്കാൻ അസോസിയേഷൻ അനുവദിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മത്സരം മാറ്റിവെക്കാനിടയില്ല. എന്നാൽ, ടൂർണമെൻ്റ് തുടങ്ങും മുൻപ് തന്നെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് കോപ്പയ്ക്ക് കനത്ത തിരിച്ചടിയാകും.
വേദി മാറ്റിയേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ കോപ്പ അമേരിക്ക ബ്രസീലിൽ തന്നെ നടക്കുമെന്ന് ഉറപ്പായിരുന്നു. രാജ്യത്ത് കൊവിഡ് കേസുകൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ കോപ്പ നടത്തുന്നതിനെതിരെ സമർപ്പിച്ച ഹർജിയിലാണ് കോടതി വിധി പ്രസ്താവിച്ചത്. കോപ്പ അമേരിക്ക രാജ്യത്ത് നടത്താൻ അനുവദിക്കണമോ എന്ന വോട്ടെടുപ്പിൽ ചീഫ് ജസ്റ്റിസ് ഉൾപ്പെടെ 11 ജഡ്ജിമാരും അനുകൂലമായി വോട്ട് ചെയ്തു. ബ്രസീലിയൻ സോഷ്യലിസ്റ്റ് പാർട്ടിയും തൊഴിലാളി സംഘടനയുമാണ് കോടതിയിൽ ഹർജി സമർപ്പിച്ചത്.
നാലര ലക്ഷത്തിലേറെ കൊവിഡ് മരണം നടന്ന ബ്രസീലിൽ കോപ്പ നടത്തിയാൽ ടൂർണമെൻ്റ് ബഹിഷ്കരിക്കുമെന്ന് ഒരു വിഭാഗം ബ്രസീൽ താരങ്ങൾ ആദ്യം തീരുമാനം എടുത്തെങ്കിലും പിന്നീട് അത് മാറ്റിയിരുന്നു. നേരത്തെ അർജന്റീനയിലും കൊളംബിയയിലും വെച്ചു നടക്കാനിരുന്ന കോപ്പ അമേരിക്ക ടൂർണമെന്റാണ് ബ്രസീലിലേക്ക് മാറ്റിയത്.
Story Highlights: 12 Venezuelans test positive for COVID
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here