‘പെട്ടെന്ന് കണ്ണില്‍ ഇരുട്ട് കയറി; തിമിംഗലം വിഴുങ്ങുകയാണ്’

കടലില്‍ ഡൈവിംഗിനിടെ തിമിംഗലത്തിന്റെ വായില്‍ അകപ്പെടുക, സെക്കന്റുകളോളം അതില്‍ കഴിയേണ്ടി വരിക. കേള്‍ക്കുമ്പോള്‍ തന്നെ കണ്ണില്‍ ഇരുട്ട് കയറും. അത്തരം ഒരു സംഭവം ജീവിതത്തിലുണ്ടായ ആഘാതത്തില്‍ നിന്ന് മോചിതനാകുന്നതേയുള്ളൂ അമേരിക്കന്‍ ഡൈവറായ മൈക്കല്‍ പക്കാഡ്.
ഇന്നലെയാണ് മൈക്കലിന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായ ആ അനുഭവം ഉണ്ടായത്. മസച്ചുസെറ്റ്‌സ് പ്രൊവിന്‍സ് ടൗണ്‍ തീരത്ത് ചെമ്മീന്‍വേട്ടക്കായി ഇറങ്ങിയതായിരുന്നു മൈക്കല്‍. പതിനാല് മീറ്റര്‍ താഴ്ചയില്‍ നില്‍ക്കെ പെട്ടെന്ന് ഒരു തിമിംഗലം വാ പിളത്തി എത്തുകയായിരുന്നുവെന്ന് മൈക്കല്‍ പറയുന്നു. സ്രാവാണെന്ന് ആദ്യം കരുതിയെങ്കിലും പിന്നീട് തിമിംഗലമാണെന്ന് മനസിലായി. കണ്ണടച്ച് തുറക്കുന്നതിനുള്ളില്‍ തിമിംഗലത്തിന്റെ വായിലായി. കണ്ണിലാകെ ഇരുട്ട് പടര്‍ന്നു. പല്ലില്ലാതിരുന്നതിനാല്‍ വേദന അനുഭവപ്പെട്ടില്ല. മരണം ഉറപ്പിച്ച നിമിഷത്തില്‍ മനസില്‍ കുടുംബാംഗങ്ങളുടെ മുഖം തെളിഞ്ഞു. നിമിഷങ്ങള്‍ക്കുള്ളില്‍ ജലോപരിതലത്തിലെത്തി തിമിംഗലം വാ തുറന്ന് തന്നെ പുറന്തള്ളിയെന്ന് മൈക്കല്‍ പറഞ്ഞു.
30 സെക്കന്‍ഡ് നേരമാണ് മൈക്കല്‍ തിമിംഗലത്തിന്റെ വായില്‍ കഴിച്ചുകൂട്ടിയത്. കൂടെയുണ്ടായിരുന്ന ക്യാപ്റ്റന്‍ ജേ ഫ്രാന്‍സിസ് ഉടന്‍ മൈക്കലിനെ തീരത്തെത്തിച്ചു. ജീവന്‍ തിരിച്ചുകിട്ടിയെന്ന് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നാണ് മൈക്കല്‍ പറയുന്നത്.
Story Highlights: Lobster diver survives after being caught ‘in a whale’s mouth’
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here