യുവതിയെ പത്ത് വര്‍ഷം പൂട്ടിയിട്ട സംഭവം; പൊലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് യുവജന കമ്മീഷന്‍

പാലക്കാട് നെന്മാറയില്‍ യുവതിയെ പത്ത് വര്‍ഷം പൂട്ടിയിട്ട സംഭവത്തില്‍ ഇടപെട്ട് സംസ്ഥാന യുവജന കമ്മീഷനും. യുവജന കമ്മീഷന്‍ അംഗം അഡ്വക്കറ്റ് ടി മഹേഷ് വിത്തനശ്ശേരിയിലെ വീട്ടിലെത്തി റഹ്മാന്‍, സജിത എന്നിവരുടെ മൊഴി രേഖപ്പെടുത്തി. പൊലീസിന് നല്‍കിയ മൊഴിയില്‍ ഉറച്ചു നില്‍ക്കുകയാണ് ഇരുവരും. സംഭവത്തില്‍ ഒരാഴ്ചയ്ക്കിടെ അന്വേഷണ റിപ്പോര്‍ട്ട് കൈമാറണമെന്ന് യുവജന കമ്മീഷന്‍ ആവശ്യപ്പെട്ടു
വിഷയത്തില്‍ വനിതാകമ്മീഷനും ഇടപെട്ടിട്ടുണ്ട്. കമ്മീഷനംഗം ഷിജി ശിവജി തിങ്കളാഴ്ച ഇരുവരുടെയും മൊഴി രേഖപ്പെടുത്തും. പ്രണയത്തിന്റെ പേരിലായാലും പത്ത് വര്‍ഷം യുവതിയെ പൂട്ടിയിട്ട സംഭവം കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നാണ് കമ്മീഷന്‍ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ കേസില്‍ തുടരന്വേഷണം വേണമെന്നും കമ്മിഷന്‍ ആവശ്യപ്പെടുന്നു.
റഹ്മാനും സജിതയും പറയുന്നത് കളവാണെന്ന നിലപാടിലാണ് റഹ്മാന്റെ കുടുംബം. പത്ത് വര്‍ഷത്തിനിടെ തുടര്‍ച്ചയായ ചില ദിവസങ്ങളില്‍ റഹ്മാന്‍ വീട്ടില്‍ ഉണ്ടാകാത്ത സാഹചര്യം ഉണ്ടായിട്ടുണ്ടെന്ന് പിതാവ് അബ്ദുല്‍ ഗനി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഈ ദിവസങ്ങളില്‍ ആരാണ് സജിതയ്ക്ക് സഹായം നല്‍കിയത് എന്ന കാര്യത്തില്‍ ഇനിയും വ്യക്തത ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നാണ് കുടുംബവും ആവശ്യപ്പെടുന്നത്.
Story Highlights: sajitha, rahman, palakkad, missing woman found
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here