Advertisement

യൂറോ കപ്പ്: സൂപ്പർ സൺഡേയിൽ ഇന്ന് കരുത്തർ കളത്തിൽ

June 13, 2021
Google News 2 minutes Read
euro cup super sunday

യൂറോ കപ്പിൽ ഇന്ന് സൂപ്പർ സൺഡേ. പ്രമുഖ ടീമുകളാണ് ഇന്ന് കളത്തിലിറങ്ങുന്നത്. ഇംഗ്ലണ്ട്, ക്രൊയേഷ്യ, നെതർലാൻഡ്സ്, യുക്രൈൻ എന്നിവരൊക്കെ ഇന്നിറങ്ങും. ഇന്ത്യൻ സമയം വൈകുന്നേരം 6.30ന് ഇംഗ്ലണ്ട് ക്രൊയേഷ്യയുമായി ഏറ്റുമുട്ടും. അർദ്ധരാത്രി 12.30ന് നെതർലൻഡ്സ്-യുക്രൈൻ പോരാട്ടവും നടക്കും. രാത്രി 9.30ന് ഓസ്ട്രിയ നോർത്ത് മാസഡോണിയയെ നേരിടും.

ഗ്രൂപ്പ് ഡിയിലെ ഇംഗ്ലണ്ട്-ക്രൊയേഷ്യ പോരാണ് ഇന്നത്തെ ഗ്ലാമർ പോരാട്ടം. ഇംഗ്ലണ്ടിലെ വെംബ്ലി സ്റ്റേഡിയത്തിലാണ് മത്സരം. ഫിഫ റാങ്കിംഗിൽ നാലാമതുള്ള ഇംഗ്ലണ്ടും കഴിഞ്ഞ ലോകകപ്പിൽ ഫൈനൽ വരെ എത്തിയ ക്രൊയേഷ്യയും തമ്മിൽ നടക്കുന്ന മത്സരം തീപാറുമെന്നുറപ്പ്. കഴിഞ്ഞ ലോകകപ്പ് സെമിഫൈനലിൽ ക്രൊയേഷ്യയോട് പരാജയപ്പെട്ടതിൻ്റെ പ്രതികാരം കൂടി ഗാരത് സൗത്ത്ഗേറ്റിൻ്റെ കുട്ടികൾക്ക് വീട്ടാനുണ്ട്. എന്നാൽ, കഴിഞ്ഞ 9 തവണ യൂറോ കളിച്ചപ്പോഴും ആദ്യ മത്സരത്തിൽ പരാജയപ്പെടാനായിരുന്നു ഇംഗ്ലണ്ടിൻ്റെ വിധി. ഈ ‘പതിവ്’ ക്രൊയേഷ്യയ്ക്ക് ആത്മവിശ്വാസം നൽകും.

എന്നാൽ, ഇംഗ്ലണ്ട് കരുത്തുനിറച്ചാണ് എത്തുന്നത്. ഏത് പൊസിഷനിലും കളിക്കാൻ ഏറ്റവും മികച്ച താരങ്ങൾ. അവസാന ആറ് മത്സരങ്ങളിൽ ഇംഗ്ലണ്ട് തോൽവി അറിഞ്ഞിട്ടില്ല. ട്രിപ്പിയർ, ഹാരി കെയ്ൻ, മാർക്കസ് റാഷ്ഫോർഡ്, കെയിൽ വാക്കർ, റഹീം സ്റ്റെർലിങ്, ഫിൽ ഫോഡൻ, ലൂക്ക് ഷോ, ചിൽവെൽ തുടങ്ങി ഒട്ടേറെ മികച്ച താരങ്ങൾ. പ്രതിരോധ താരം ഹാരി മക്വയർ ഇല്ലാതെയാവും ഇംഗ്ലണ്ട് ഇറങ്ങുന്നതെങ്കിലും അത് ഒരു പ്രശ്നമാവാനിടയില്ല.

ഇംഗ്ലണ്ടിനോളം താരസമ്പന്നമല്ലെങ്കിലും അച്ചടക്കമുള്ള കളി കെട്ടഴിക്കാൻ ക്രൊയേഷ്യ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. തുടർച്ചയായ രണ്ട് മത്സരങ്ങളിൽ പരാജയപ്പെട്ടാണ് അവർ എത്തുന്നതെങ്കിലും ലൂക്ക മോഡ്രിച്ചിനെയും സംഘത്തെയും നിസ്സാരരായി കാണാൻ കഴിയില്ല. ലോകകപ്പ് സെമി തന്നെ ഉദാഹരണം. മോഡ്രിച്ചിനൊപ്പം മതേയു കൊവാസിച്, ഇവാൻ പെരിസിച്, ആൻ്റേ റെബിക്, ആന്ദ്രേജ് ക്രമറിച് തുടങ്ങിയ താരങ്ങൾ ക്രൊയേഷ്യക്കായി ഇറങ്ങും. പരുക്കേട ഡേജാൻ ലോവ്റൻ ഈ മത്സരം കളിക്കില്ല.

10 തവണയാണ് ഇരുവരും മുൻപ് ഏറ്റുമുട്ടിയത്. ഇതിൽ അഞ്ച് വട്ടം ഇംഗ്ലണ്ട് ജയിച്ചപ്പോൾ മൂന്ന് തവണ ക്രൊയേഷ്യ വിജയക്കൊടി പാറിച്ചു.

Story Highlights: euro cup super sunday today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here