യൂറോ കപ്പ്: പോർച്ചുഗൽ താരം ജാവോ കാൻസലോയ്ക്ക് കൊവിഡ്; ടൂർണമെന്റിൽ നിന്ന് പുറത്ത്

യൂറോ കപ്പിനൊരുങ്ങുന്ന പോർച്ചുഗലിനു തിരിച്ചടി. മാഞ്ചസ്റ്റർ സിറ്റിയുടെ പ്രതിരോധ താരം ജാവോ കാൻസലോ കൊവിഡ് ബാധിച്ച് പുറത്തുപോയതാണ് നിലവിലെ ചാമ്പ്യന്മാർക്ക് തിരിച്ചടി ആയിരിക്കുന്നത്. കാൻസലോയ്ക്ക് പകരം മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് വായ്പാടിസ്ഥാനത്തിൽ എസി മിലാനിലെത്തിയ ഡിയാഗോ ഡാലോട്ടിനെ പോർച്ചുഗൽ യൂറോ ക്യാമ്പിലെത്തിച്ചിട്ടുണ്ട്. ഗ്രൂപ്പ് എഫിൽ ചൊവ്വാഴ്ച ഹംഗറിക്കെതിരെ ബുഡാപെസ്റ്റിലാണ് പോർച്ചുഗലിൻ്റെ ആദ്യ മത്സരം.
കൊവിഡ് ബാധയെ തുടർന്ന് കാൻസലോ സ്വയം ഐസൊലേഷനിൽ പ്രവേശിച്ചു. കാൻസലോ ഒഴികെ ബാക്കിയുള്ള താരങ്ങൾ കൊവിഡ് നെഗറ്റീവാണെന്നാണ് പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ അറിയിക്കുന്നത്.
അതേസമയം, യൂറോ കപ്പിൽ ഇന്ന് സൂപ്പർ സൺഡേയാണ്. പ്രമുഖ ടീമുകൾ ഇന്ന് കളത്തിലിറങ്ങും. ഇംഗ്ലണ്ട്, ക്രൊയേഷ്യ, നെതർലാൻഡ്സ്, യുക്രൈൻ എന്നിവരൊക്കെ ഇന്നിറങ്ങും. ഇന്ത്യൻ സമയം വൈകുന്നേരം 6.30ന് ഇംഗ്ലണ്ട് ക്രൊയേഷ്യയുമായി ഏറ്റുമുട്ടും. അർദ്ധരാത്രി 12.30ന് നെതർലൻഡ്സ്-യുക്രൈൻ പോരാട്ടവും നടക്കും. രാത്രി 9.30ന് ഓസ്ട്രിയ നോർത്ത് മാസഡോണിയയെ നേരിടും.
Story Highlights: Portugal’s Joao Cancelo Tests Positive For COVID
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here