യുപിയിൽ പാക് ചാരനെന്നാരോപിച്ച് വയോധികന് നേരെ ആൾക്കൂട്ട ആക്രമണം

ഉത്തർപ്രദേശിൽ മുസ്ലിം വയോധികന് നേരെ ആൾക്കൂട്ട ആക്രമണം. പാക് ചാരൻ എന്ന് ആരോപിച്ചാണ് ഒരു സംഘം ആളുകൾ അബ്ദുൽ സമദ് എന്ന വയോധികനെ മർദ്ദിച്ചത്. യുപി ഗാസിയാബാദിലെ ലോനിയിൽ, ഈ മാസം അഞ്ചിനായിരുന്നു ക്രൂരമായ ആക്രമണം. ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് സംഭവം പുറംലോകം അറിഞ്ഞത്.
ജൂൺ അഞ്ചിന് നിസ്കരിക്കാനായി പള്ളിയിലേക്ക് പോവുകയായിരുന്ന അബ്ദുൽ സമദിനു നേരെയാണ് ആക്രമണം ഉണ്ടായത്. ഇയാൾക്ക് ഓട്ടോറിക്ഷയിൽ ലിഫ്റ്റ് നൽകിയ അക്രമികൾ പിന്നീട് ഇയാളെ വലിച്ചിഴച്ച് അടുത്തുള്ള ഒരു കാട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. ‘ജയ് ശ്രീറാം’, ‘വന്ദേ മാതരം’ തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ടായിരുന്നു ആക്രമണം. മുദ്രാവാക്യങ്ങൾ ആവർത്തിക്കാൻ അക്രമികൾ അബ്ദുൽ സമദിനോട് ആഞ്ജാപിക്കുകയും മരവടികൾ കൊണ്ട് അവർ അയാളെ മർദ്ദിക്കുകയും ചെയ്തു. വയോധികൻ പാകിസ്താൻ ചാരനാണെന്ന് ആരോപിച്ചായിരുന്നു മർദ്ദനം.
മർദ്ദനത്തിനിടെ ഒരാൾ കത്തികൊണ്ട് അബ്ദുൽ സമദിൻ്റെ താടി മുറിച്ചുകളയുകയും ചെയ്യുന്നത് വിഡിയോയിൽ കാണാം. അക്രമികൾക്ക് നേരെ കൈകൂപ്പി കരഞ്ഞുകൊണ്ട് കേണപേക്ഷിക്കുന്ന വയോധികനും വിഡിയോയിലുണ്ട്. തൻ്റെ മൊബൈൽ ഫോൺ അക്രമികൾ പിടിച്ചെടുത്തെന്നും മുൻപും നിരവധി മുസ്ലിങ്ങളെ കൊന്നുകളഞ്ഞിട്ടുണ്ടെന്ന് അവർ ഭീഷണിപ്പെടുത്തിയെന്നും അബ്ദുൽ സമദ് പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് മുഖ്യ പ്രതി പ്രവേശ് ഗുജ്ജാറിനെ അറസ്റ്റ് ചെയ്തു. മറ്റുള്ളവർക്ക് വേണ്ടി തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
Story Highlights: Elder Muslim Man Thrashed In UP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here